ദുബായ്: നടി ഷംന കാസിം വിവാഹിതയായി. ബിസിനസ് കൾസൾട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. ദുബായിൽ വച്ചു നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ഷംനയുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

പട്ടുസാരിയിൽ അതീവ സുന്ദരിയായിട്ടായിരുന്നു ഷംന വിവാഹവേദിയിൽ തിളങ്ങിയത്. അറബിവേഷത്തിലായിരുന്നു വരൻ ഷാനിദ്. റിസപ്ഷന് ലെഹംഗയിൽ അതീവ മനോഹരിയായിരുന്നു ഷംന. സിനിമാ രംഗത്തെ സഹപ്രവർത്തകർക്കായി പിന്നീട് വിരുന്നൊരുക്കുമെന്ന് താരം പറഞ്ഞു.

കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്ന് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഷംന കുറിച്ചിരുന്നു.മഞ്ഞ് പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന ബിഗ് സ്‌ക്രീനിലേക്കെത്തിയത്. മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമയായ ജോസഫിന്റെ തമിഴ് റീമേക്കിലാണ് താരം അവസാനമായി വേഷമിട്ടത്.

അഭിനയവും നൃത്തവും മോഡലിങ്ങുമായി ഇപ്പോൾ സജീവമാണ് ഷംന. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. സ്റ്റേജ് പരിപാടികളിലും ഡാൻസ് റിയാലിറ്റി ഷോകളിലും താരം പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്.

ഷാനിദിനെ ഷംന പരിചയപ്പെടുന്നത് ദുബായിൽ വച്ച്

വിവാഹ നിശ്ചയത്തിന്റെ ഫോട്ടോയും നടി പങ്കുവച്ചിരുന്നു. 33ാം വയസ്സിലാണ് നടി വിവാഹം കഴിച്ചത്.ദുബായിൽ നടന്ന മർഹബ എന്ന പരിപാടിയിലാണ് ഷാനിദും ഷംനയും ആദ്യമായി കണ്ടുമുട്ടുന്നത്. പരസ്പരം സംസാരിച്ചപ്പോൾ തനിക്ക് ഇഷ്ടം തോന്നിയിരുന്നു. ഇക്കയ്ക്കും അങ്ങനെ തന്നെയെന്ന് പറഞ്ഞതോടെ വീട്ടിൽ കാര്യം അവതരിപ്പിച്ചു. അങ്ങനെ വീട്ടുകാർ പരസ്പരം സംസാരിച്ചു. എല്ലാവർക്കും ഇഷ്ടമായി.

എല്ലാം വളരെ പെട്ടെന്നായിരുന്നു. പ്രേമിച്ച് നടക്കാനൊന്നും സമയം കിട്ടിയില്ല. ഇപ്പോൾ, മമ്മി വളരെ ഹാപ്പിയാണ്. ദുബായിലേക്ക് രണ്ട് ടിക്കറ്റാണ് ബുക്ക് ചെയ്തിരിക്കുന്നത്. മമ്മിയില്ലാതെ താൻ എവിടെയും പോകില്ല. ഇക്കാര്യമാണ് ഇക്കയ്ക്ക് ഏറെ ഇഷ്ടം എന്നാണ് ഷംന പറയുന്നത്.കണ്ണൂരിൽ വച്ചാണ് ഷംനയുടെ നിക്കാഹ് നടന്നത്.

ഞാൻ വിവാഹം കഴിക്കാത്തതിനെ പറ്റി മമ്മിയോട് എപ്പോഴും ചോദ്യം വരുമായിരുന്നു. കുടുംബത്തിലെ ഏത് ഫംങ്ഷന് പോയാലും ഈ ചോദ്യങ്ങളാണ് വരിക. വിവാഹം വൈകുന്നതുകൊണ്ട് വേറെ കാസ്റ്റ്, റിലീജിയൻ ഒക്കെ നോക്കുന്നുണ്ടോ എന്നൊക്കെ ചോദിക്കും. എന്റെ പ്രായത്തിലുള്ള കുടുംബത്തിലെ എല്ലാവരും വിവാഹം കഴിച്ചു. വിവാഹാലോചനകൾ നടക്കാൻ തുടങ്ങിയിട്ട് മൂന്ന് നാല് കൊല്ലമായി. പക്ഷെ എന്തൊക്കെയോ കാരണം കൊണ്ട് നടന്നില്ല.

ചിലത് എനിക്ക് ഇഷ്ടമാവില്ല, എനിക്ക് ഇഷ്ടമായത് ചിലപ്പോൾ ഞാൻ സിനിമാ നടി ആയതുകൊണ്ട് അവരുടെ ഫാമിലിക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ ഈ വിവാഹം നടക്കുന്നതിൽ സന്തോഷമുണ്ട്. വിവാഹ സമയത്ത് നമ്മൾ നമ്മളുടെ സന്തോഷം മാത്രമേ ചിന്തിക്കൂ. ഈ പ്രായത്തിൽ വിവാഹ കഴിക്കുന്നതിനാലും ഇത്രയും നാൾ വീട്ടുകാരോടൊപ്പം നിന്നതിനാലും അവരുടെ മനസ്സ് കൂടെ മനസ്സിലാക്കാൻ പറ്റുന്നുണ്ട്.

പെൺകുട്ടികൾ ജോലി ചെയ്ത് സമ്പാദിച്ച് സ്വന്തം കാലിൽ നിന്ന ശേഷം മാത്രമേ വിവാഹം കഴിക്കാവൂ എന്നാണ് എന്റെ അഭിപ്രാായം. മുപ്പത് വയസ്സാവുമ്പോഴേ പെൺകുട്ടികൾക്ക് പക്വത വരൂയെന്നും സ്വന്തമായി ചിന്തിക്കാൻ തുടങ്ങൂയെന്നും ഞാൻ കരുതുന്നു. വിവാഹ മോചനവും പ്രശ്നങ്ങളും ചെറിയ പ്രായത്തിൽ നടന്ന വിവാഹങ്ങളിലാണ് കൂടുതലും കാണുന്നതെന്നും ഷംന അഭിപ്രായപ്പെട്ടു.

ഷാനിദിന്റെ വീട്ടുകാരിൽ നിന്നും പ്രൊഫഷന് പിന്തുണ ലഭിക്കുന്നുണ്ടെന്നും ഷംന വ്യക്തമാക്കി. മലപ്പുറമാണ് ഷാനിദിന്റെ സ്വദേശം. വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം ദുബായിൽ സെറ്റിൽ ചെയ്യാനൊരുങ്ങുകയാണ് ഷംന.