തിരുവനന്തപുരം: കുറച്ചുകാലമായി സൈബറിടത്തിൽ അടക്കം വിചിത്രമായ പെരുമാറ്റം കൊണ്ട് വിവാദത്തിലാണ് നടൻ ഷൈൻ ടോം ചാക്കോ. വിമാനത്തിൽ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിന്റെ പേരിൽ അടക്കം വിവാദങ്ങൾ ഷൈനിനെ തേടിയെത്തി. ഇത് കൂടാതെ ഷൈനിന്റെ സിനിമാ പ്രമേഷൻ പരിപാടികൾ അടക്കം വൈറലാകുന്നതും പതിവാണ്. ഇതിനിടെ തന്റെ പെരുമാറ്റത്തിന് മാറ്റം വരാൻ കാരണം എന്താണെന്ന് നടൻ തന്നെ ഇപ്പോൾ വ്യക്തമാക്കിയിരിക്കയാണ്.

അഭിമുഖങ്ങളിലെ തന്റെ പെരുമാറ്റത്തിന് പിന്നിൽ കൊറോണ വൈറസ് ആണ് കാരണമെന്ന് പറയുകയാണ് ഷൈൻ. കൊറോണ കാലത്ത് തനിക്ക് മാറ്റങ്ങളുണ്ടായി എന്നാണ് ഷൈൻ പറയുന്നത്. ''കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്നമായത്. ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഈ വൈറസ് വായു മാർഗവും ഭക്ഷണത്തിലൂടെയും ഒക്കെയല്ലേ നമ്മുടെ ഉള്ളിലേക്ക് എത്തിയത്.''ഷൈൻ ടോം പറയുന്നു. നമ്മുടെ ചുറ്റമുള്ള അന്തരീക്ഷത്തിൽ ഈ വൈറസുണ്ടെന്നും അത് നമ്മുടെ ഉള്ളിലെത്തുമ്പോൾ നമ്മുടെ ക്യാരക്ടറിലും മാറ്റമുണ്ടാകുമെന്നും ഷൈൻ പറയുന്നു.

അതേസമയം, 'ദസറ' ആണ് ഷൈനിന്റെതായി ഇപ്പോൾ തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. നാനി നായകനായ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് ഷൈൻ അവതരിപ്പിച്ചിരിക്കുന്നത്. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായിക. പ്രിയദർശൻ ഒരുക്കുന്ന 'കൊറോണ പേപ്പേഴ്സ്' ആണ് ഇനി ഷൈനിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രിൽ 6ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുക.

'മരക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന് ശേഷം പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണിത്. അഹാനയ്ക്കൊപ്പമുള്ള 'അടി', 'അയ്യർ കണ്ട ദുബായ്', 'ലൈവ്', 'ആറാം തിരുകൽപ്പന', 'വെള്ളേപ്പം' എന്നീ സിനിമകളാണ് ഷൈൻ ടോം ചാക്കോയുടെതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.