തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ 17 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വിവാദമായിരിക്കുകയാണ്. മതപഠന കേന്ദ്രത്തിൽ ഉണ്ടായ പീഡനത്തിലേക്കാണ് അസ്മിയയുടെ മരണം വിരൽചൂണ്ടുന്നത്. അനുസരണ ഇല്ലാത്തവളെന്ന് പറഞ്ഞ് പെൺകുട്ടിയെ സ്ഥാപനത്തിലെ ഉസ്താദും ടീച്ചറും അടക്കം മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. മതപഠന കേന്ദ്രത്തിലെ പീഡനം സഹിക്കാൻ വയ്യാതെ പെൺകുട്ടി 'ഉമ്മാ, കൂട്ടിക്കൊണ്ടു പോകണേ' എന്നു കരഞ്ഞു വിളിച്ചു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി ദൂരുഹമായി മരിച്ചതും.

സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അസ്മിയക്ക് നീതി തേടി സൈബറിടങ്ങളിൽ ഹാഷ്ടാഗും ഉയർന്നിട്ടുണ്ട്. ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിനെതിരെയാണ് ആരോപണം ശക്തമാകുന്നത്. ബീമാപ്പള്ളി സ്വദേശിനിയാണ് അസ്മിയ. ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. 17 വയസുള്ള ഒരുപെൺകുട്ടിയെ എന്തിനാണ് കൊലയ്ക്ക് കൊടുത്തതെന്ന് ചോദിക്കുകയാണ് ഷുക്കൂർ വക്കീൽ തന്റെ കുറിപ്പിൽ.

'എത്ര കുട്ടികളാണ് മതം എന്ന മറയുടെ പുറത്ത് പീഡിപ്പിക്കപ്പെടുന്നത്? ഓരോ ജില്ലയിലെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ആരുടെ ക്ഷേമത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്.തീർച്ചയായും ഒരു മാസത്തിൽ രണ്ട് തവണ എങ്കിലും ഇത്തരം മത നിയന്ത്രിത കേന്ദ്രങ്ങൾ പൊലീസും (ജുവനൈൽ)സിഡബ്ല്യുസി ഉത്തരവാദികളും നിർബന്ധമായും പരിരോധിക്കണം.'

താൻ സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിച്ചപ്പോൾ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ആക്രമിച്ചവർ എവിടെയെന്ന് ഷുക്കൂർ വക്കീൽ ചോദിച്ചു.സമുദായത്തിലെ ഒരു കുരുന്നു മദ്രസയിൽ കൊല്ലപ്പെട്ടപ്പോൾ ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നത്?
ഈ പെൺകുട്ടിയുടെ സംരക്ഷണം ഏത് പുരുഷന്റെ ചുമതലയിലാണ്? ഷുക്കൂർ വക്കീൽ ചോദിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വാക്കുകൾ ഒന്നും വരുന്നില്ല. എന്താണ് എഴുതേണ്ടത്?
പതിനേഴ് വയസ്സുള്ള ഒരു മോളെ നിങ്ങൾ എന്തിനാണ് കൊലയ്ക്കു കൊടുത്തത്?

മുസ്ലിം സ്ത്രീക്കു സ്വത്തിൽ തുല്യവകാശം ലഭിക്കണമെന്നും എല്ലാ മനുഷ്യരും രാജ്യത്ത് തുല്യരാണെന്നും സമൂഹത്തിനു മുന്നിൽ ബോധ്യപ്പെടുത്തുവാൻ മാർച്ച് 8 നു എസ്എംഎ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തപ്പോൾ എന്നെയും കുടുംബത്തെയും സോഷ്യൽ മീഡിയ വഴിയും ജുമഅ മിമ്പർ വഴിയും അക്രമിച്ചവർ സമുദായത്തിലെ ഒരു കുരുന്നു മദ്രസയിൽ കൊല്ലപ്പെട്ടപ്പോൾ ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നത്?
ഈ പെൺകുട്ടിയുടെ സംരക്ഷണം ഏത് പുരുഷന്റെ ചുമതലയിലാണ്?

എവിടെ വനിതാ കമ്മീഷൻ? എവിടെ കുട്ടികളുടെ അവകാശ കമ്മീഷൻ? എവിടെ യുവജന കമ്മീഷൻ?

എത്ര കുട്ടികളാണ് മതം എന്ന മറയുടെ പുറത്ത് പീഡിപ്പിക്കപ്പെടുന്നത്? ഓരോ ജില്ലയിലെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ആരുടെ ക്ഷേമത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്.

തീർച്ചയായും ഒരു മാസത്തിൽ രണ്ട് തവണ എങ്കിലും ഇത്തരം മത നിയന്ത്രിത കേന്ദ്രങ്ങൾ പൊലീസും (ജുവനൈൽ)സിഡബ്ല്യുസി ഉത്തരവാദികളും നിർബന്ധമായും പരിരോധിക്കണം. ഓരോ കുട്ടിയുടെയും മാനസികവും ശാരീരികവുമായആരോഗ്യം ഉറപ്പുവരുത്തണം.അനീതി കാണുമ്പോൾ ഉള്ള മൗനം കുറ്റകരമാണ്.