ന്യൂഡൽഹി: ട്രോളുകൾ പൊതുവെ നിരുപദ്രവകരമെങ്കിലും, ചിലത് ആളുകളെ മുറിപ്പെടുത്തുന്നതായിരിക്കും. പ്രത്യേകിച്ചും, തെറ്റായ വിവരങ്ങളെ ശരിയെന്ന കാട്ടിയുള്ള തെറ്റിദ്ധരിപ്പിക്കുന്ന ട്രോളുകൾ. ഒരു സാഹിത്യോത്സവത്തിൽ, താൻ ഒരു യുവതിക്കൊപ്പം എടുത്ത ഫോട്ടോ ദുർവ്യാഖ്യാനിച്ചുള്ള ട്രോളാണ് ശശി തരൂർ എംപിയെ ചൊടിപ്പിച്ചത്. ഈ ട്രോളിനെ കുറിച്ച് യുവതിയും പോസ്റ്റിട്ടിട്ടുണ്ട്.

'ഈ അധിക്ഷേപത്തിന് ഇരയാകുന്നത് യഥാർത്ഥ മനുഷ്യരാണെന്ന കാര്യം ട്രോളുകൾ ചമയ്ക്കുന്നവർ മനസ്സിലാക്കണം. ഒരുപരിപാടിക്കിടെ എടുത്ത നിഷ്‌ക്കളങ്കമായ ചിത്രത്തിന്റെ പേരിൽ, ഈ യുവതി ഒരുപാട് മാനസിക യാതന അനുഭവിക്കേണ്ടി വന്നു. നൂറിലേറെ പേർ പങ്കെടുത്ത ഈ സാഹിത്യോത്സവത്തിൽ, ഞാൻ ഒരു 50 പേർക്കൊപ്പം എങ്കിലും ഫോട്ടോ എടുത്തിട്ടുണ്ടാകണം. നിങ്ങളുടെ രോഗാതുര മനസ്സുകൾ നിങ്ങളുടെ കൈയിൽ വച്ചേക്കു..ട്രോളന്മാരെ.'തരൂർ ട്വീറ്റിൽ ഓർമ്മിപ്പിച്ചു.

കടുത്ത ട്രോളുകൾക്ക് ഇരയായതിനെ തുടർന്ന് യുവതി തരൂരിന് ഒപ്പമുള്ള ചിത്രങ്ങൾ പിൻവലിച്ചിരുന്നു. ' തരൂർ സാറിന് ഒപ്പമുള്ള എന്റെ ചിത്രങ്ങൾ വലതുപക്ഷ വിഭാഗക്കാർ രാഷ്ട്രീയ ലാഭത്തിനായി കുപ്രചാരണം നടത്തുന്നത് എന്റെ ഹൃദയം തകർക്കുന്നു. ഞാൻ കൂടി ക്ഷണിതാവായ ലിറ്ററേച്ചർ ഫെസ്റ്റിൽ വച്ചാണ് അദ്ദേഹത്തെ കണ്ടത്. വലിയ എഴുത്തുകാരനായ അദ്ദേഹത്തിനൊപ്പം നിന്ന് പലരും ഫോട്ടോ എടുക്കുന്നുണ്ട്. അങ്ങനെ ഒപ്പം നിന്ന് ഒരു ഫോട്ടോ എടുത്തതാണ്. അല്ലാതെ രാഷ്ട്രീയമായതോ സ്വകാര്യമായതോ ഒരു തരത്തിലുള്ള കഥകളും അതിനു പിന്നിലില്ല. എന്നാൽ ആളുകൾ നൂറുകണക്കിന് വൃത്തികെട്ട കഥകൾ മെനയാൻ തുടങ്ങി.

താൻ ഈ ചിത്രങ്ങൾ പിൻവലിച്ചെന്നും, ഇതുപയോഗിച്ചവരെല്ലാം അങ്ങനെ ചെയ്യണമെന്നും യുവതി അഭ്യർത്ഥിക്കുന്നുണ്ട്.