തിരുവനന്തപുരം: ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റൽവാദിന് പിന്നാലെ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനും ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി ടി.ജി. മോഹൻദാസ്. ഇരുവർക്കും ജാമ്യം കിട്ടിയ സാഹചര്യത്തിൽ തനിക്ക് പുറത്തിറങ്ങി നടക്കാൻ പേടിയാകുന്നുവെന്നാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം.

'ആദ്യം ടീസ്റ്റ സെറ്റൽവാദിന് ജാമ്യം ലഭിച്ചു. ഇപ്പോൾ ദേ സിദ്ദിഖ് കാപ്പനും ജാമ്യം കൊടുത്തിരിക്കുന്നു! പുറത്തിറങ്ങി നടക്കാൻ പേടിയാകുന്നു'- ടി.ജി. മോഹൻദാസ് ട്വിറ്ററിൽ കുറിച്ചു.

യു.പി പൊലീസിനുവേണ്ടി ഹാജരായ മഹേഷ് ജേത്മലാനി ഫോമിൽ അല്ലാത്തതിനാലായിരുന്നു സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതെന്നും ടി.ജി. മോഹൻദാസ് മറ്റൊരു ട്വീറ്റിൽ പറഞ്ഞു. 'അസാമാന്യമായ നിയമ പാടവമുള്ള ആളാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത്. അദ്ദേഹത്തെ വെറുതെ കുറ്റപ്പെടുത്താൻ ഞാനില്ല. ഇന്ന് മഹേഷ് ജേത്മലാനി ഫോമിൽ ആയിരുന്നില്ല. അതാണ് ചില പ്രധാനപ്പെട്ട കാര്യങ്ങൾ വിട്ടു പോയത്. അങ്ങനെ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചു'-മോഹൻദാസ് കുറിച്ചു.

ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി രണ്ടു വർഷം ജയിലിൽ അടച്ച പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രീംകോടതിയാണ് സോപാധിക ജാമ്യം അനുവദിച്ചത്.

മൂന്നു ദിവസത്തിനകം വിചാരണ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്നാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്രഭട്ട്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദ്ദേശം. ആറാഴ്ച ഡൽഹിയിൽ തങ്ങിയശേഷം കേരളത്തിലേക്ക് പോകാം. കേസന്വേഷിക്കുന്ന പൊലീസിനെ പാസ്‌പോർട്ട് ഏൽപിക്കണം. വിവാദവുമായി ബന്ധപ്പെട്ട ഒരാളുമായും ബന്ധപ്പെടരുത്.

ഡൽഹിയിൽ താമസിച്ചിരുന്ന ജങ്പുര മേഖലയിൽ തന്നെ കഴിയണം. വിചാരണ കോടതിയുടെ അനുമതി കൂടാതെ ഡൽഹി വിടരുത്. ആറാഴ്ചത്തേക്ക് എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണം. കേരളത്തിലെത്തിയാൽ തിങ്കളാഴ്ചതോറും സ്വദേശത്തെ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകണം. വിചാരണ നടക്കുമ്പോൾ നേരിട്ടോ അഭിഭാഷൻ മുഖേനയോ കോടതിയിൽ ഹാജരാകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. 2020 ഒക്‌ടോബർ ആറിനാണ് ഹാഥറസിലേക്കുള്ള യാത്രക്കിടെ സിദ്ദീഖ് കാപ്പനെയും സഹയാത്രികരേയും യു.പി പൊലീസ് പിടികൂടിയത്.