തിരുവനന്തപുരം : മന്ത്രിക്കസേരയിലേക്കുള്ള സജി ചെറിയാന്റെ തിരിച്ചുവരവിൽ സന്തോഷം പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എൻ തമ്പി....എന്നാണ് സജി ചെറിയാനൊപ്പമുള്ള ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് ശിവൻകുട്ടി കുറിച്ചത്.

 

സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകിയതായാണ് സൂചന. ഭരണഘടനയെ അവഹേളിച്ച് സജി ചെറിയാൻ പ്രസംഗിച്ചെന്ന കേസിലെ വിശദാംശങ്ങൾ പരിശോധിക്കുമെന്ന് ഇന്നലെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവർണർ വ്യക്തമാക്കിയതോടെ ആശങ്കകൾ സർക്കാർ തലത്തിൽ നിലനിന്നെങ്കിലും ഇന്നിപ്പോൾ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. മുൻ നിശ്ചയിച്ച പ്രകാരം നാളെ നാലു മണിക്ക് തന്നെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം.

തിടുക്കത്തിൽ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ട അടിയന്തര സാഹചര്യം ഇല്ലെന്നും കുറ്റങ്ങളിൽനിന്ന് സജി ചെറിയാനെ കോടതി പൂർണമായും കുറ്റവിമുക്തനാക്കിയെന്ന് ബോദ്ധ്യപ്പെട്ടശേഷം സത്യപ്രതിജ്ഞ ചെയ്താൽ മതിയെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചിരുന്നു.

ചീഫ്‌സെക്രട്ടറിയും പൊതുഭരണ അഡി.ചീഫ്‌സെക്രട്ടറിയും ഇന്നലെ പലവട്ടം സമ്മർദ്ദം ചെലുത്തിയിട്ടും ഗവർണർ തീരുമാനം അറിയിക്കാൻ തയ്യാറായിരുന്നില്ല. ക്ഷണക്കത്ത് അച്ചടിക്കാനും അതിഥികളെ ക്ഷണിക്കാനും ഒരുക്കങ്ങൾ നടത്താനും സമയം വേണ്ടതിനാൽ തീരുമാനം അറിയിക്കണമെന്ന് പൊതുഭരണ അഡി.ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ നേരിട്ട് അഭ്യർത്ഥിച്ചിട്ടും ഗവർണർ മനസു തുറന്നില്ല.

പൊതുഭരണ സെക്രട്ടറി പലവട്ടം അഭ്യർത്ഥിച്ചതിനെത്തുടർന്ന് രാജ്ഭവന്റെ ഒരുവശത്ത് ചെറിയ ഷാമിയാന പന്തൽ സജ്ജമാക്കാൻ പൊതുമരാമത്ത് വകുപ്പിന് അനുമതി നൽകി. പൊലീസ്, ബാൻഡ് അംഗങ്ങൾ, അതിഥികൾക്ക് ചടങ്ങ് കാണാനുള്ള സി.സി.ടി.വി സൗകര്യമൊരുക്കൽ എന്നിവയ്ക്കായാണ് പന്തലിടുന്നത്.

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ സാധാരണഗതിയിൽ അംഗീകരിക്കുകയാണ് പതിവെന്നും ഇത് അസാധാരണ സാഹചര്യമാണെന്നും ഗവർണർ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭരണഘടനയുടെ അന്തസ് ഇടിച്ചെന്ന ഗുരുതര കുറ്റം മുഖ്യമന്ത്രിക്കും ബോദ്ധ്യമായതിനാലാണ് സജിചെറിയാന് മന്ത്രിസ്ഥാനത്തു നിന്ന് രാജിവയ്‌ക്കേണ്ടി വന്നത്. ആ സാഹചര്യം മാറിയോയെന്ന് വിശദമായി പരിശോധിക്കണം. ഇതൊരു സാധാരണ തിരിച്ചെടുക്കൽ നടപടിയല്ല. മുഖ്യമന്ത്രിയുടെ ശുപാർശയും നിയമോപദേശവും താൻ കണ്ടിട്ടില്ല. നിയമോപദേശം തേടുന്നത് സാധാരണ നടപടിയാണെന്നായിരുന്നു ഗവർണറുടെ പ്രതികരണം.

അതേസമയം സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്നും തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് സജി ചെറിയാൻ. അറിയിപ്പ് വരാത്തിടത്തോളം തിരുവനന്തപുരത്ത് പോകുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ധാർമ്മികത ഉയർത്തിപ്പിച്ചാണ് രാജിവച്ചത്. നിയമ വിരുദ്ധമായോ, ഭരണഘടനാ വിരുദ്ധയമായോ ഒരു കാര്യവും താൻ ചെയ്തിട്ടില്ലെന്നും, അക്കാര്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും സജി ചെറിയാൻ വ്യക്തമാക്കി.