ജയ്പുർ: രാജസ്ഥാനിലെ ഖിംസാർ ഫോർട്ടിൽ വച്ച് വ്യാഴാഴ്ചയായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ ഷാനെല്ലെ ഇറാനിയുടെ വിവാഹം നടന്നത്. അർജുൻ ഭല്ലയേയാണ് ഷാനെല്ല ജീവിതപങ്കാളിയാക്കിയത്. കാനഡയിൽ അഭിഭാഷകനാണ് അർജുൻ ഭല്ല. ചടങ്ങുകൾക്ക് പിന്നാലെ വധൂവരന്മാരുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയിയൽ വൈറലായി.

ചുവപ്പു നിറത്തിലുള്ള ലഹങ്കയായിരുന്നു ഷാനെല്ലെയുടെ വേഷം. കടുംചുവപ്പു നിറത്തിലുള്ള സാരിയിലായിരുന്നു സ്മൃതി വിവാഹ വേദിയിൽ എത്തിയത്. ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയയുടെ വിവാഹ വസ്ത്രത്തോട് സാമ്യമുള്ളതായിരുന്നു ഷാനെല്ലയുടെ ചുവപ്പ് ലെഹങ്ക. വരൻ വെളുപ്പ് നിറത്തിലുള്ള ഷെർവാണിയാണ് ധരിച്ചത്. വധുവിന്റെ അമ്മയായ സ്മൃതി ഇറാനി ചുവപ്പ് നിറത്തിലുള്ള സാരിയിൽ ആണ് തിളങ്ങിയത്.

2021ലായിരുന്നു ഷാനെല്ലെയും അർജുനും തമ്മിലുള്ള വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി 50-ഓളം ആളുകൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഫെബ്രുവരി ഏഴിനാണ് വിവാഹച്ചടങ്ങുകൾ ആരംഭിച്ചത്.ഹൽദിയും മെഹന്ദിയും ബുധനാഴ്ച നടന്നു. ഇപ്പോൾ ഷാനെല്ലെയുടെയും അർജുന്റെയും വിവാഹചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കത്തിച്ചുവച്ച മെഴുകുതിരികൾക്കു നടുവിൽ നിൽക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മകളുടെ വിവാഹ വാർത്ത സ്മൃതി ഇറാനി തന്നെയാണ് ലോകത്തെ അറിയിച്ചത്. സ്മൃതിയുടെ ഭർത്താവ് സുബിൻ ഇറാനിയുടെ ആദ്യവിവാഹത്തിലെ മകളാണ് ഷാനെല്ലെ.

2001ലായിരുന്നു സ്മൃതി ഇറാനിയും സുബിൻ ഇറാനിയും തമ്മിലുള്ള വിവാഹം. സ്മൃതിക്കും സുബിനും രണ്ടുമക്കളാണ് ഉള്ളത്. സോയിഷ് ഇറാനിയും സോഹർ ഇറാനിയും.

മുംബൈ ഗവൺമെന്റ് ലോകോളജിൽ നിന്ന് എൽഎൽബി പൂർത്തിയാക്കിയ ഷാനെല്ലെ ഇറാനി, വാഷിങ്ടൺ ഡിസിയിലെ ജോർജ്ടൗൺ സർവകലാശാലയിൽ നിന്ന് എൽഎൽഎം കരസ്ഥമാക്കി.