നാഗ്പൂർ: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഹോട്ടലിലെത്തിയപ്പോൾ, ജീവനക്കാർ നൽകിയ 'തിലകം' തൊടാൻ വിസ്സമിതിച്ച മുഹമ്മദ് സിറാജിനും ഉംറാൻ മാലിക്കിനുമെതിരെ സമൂഹ മാധ്യമത്തിൽ വിമർശനം. കഴിഞ്ഞ ദിവസം ട്വിറ്ററിലെത്തിയ ഒരു വിഡിയോയിലാണ് ഹോട്ടൽ ജീവനക്കാരി താരങ്ങൾക്കു തിലകം തൊടാൻ ഒരുങ്ങുമ്പോൾ താരങ്ങൾ ഒഴിവായി മാറിപോയത്.

ട്വിറ്ററിൽ പ്രചരിക്കുന്ന വീഡിയോയിൽ ഹോട്ടൽ ജീവനക്കാരി തിലകം തൊടാൻ ഒരുങ്ങുമ്പോൾ താരങ്ങൾ മാറിനിൽക്കുന്നത് കാണാമായിരുന്നു. ഇരുവരും മാത്രമല്ല ബാറ്റിങ് കോച്ച് വിക്രം റാത്തോർ ഉൾപ്പെടെ മറ്റുചിലരും തിലകം തൊടാൻ വിസ്സമിതിച്ചു. എന്നാൽ വിമർശനങ്ങൾ ഉയർന്നത് ഇരുവർക്കും നേരെയാണ്.

അതിഥികളെ സ്വീകരിക്കാൻ നെറ്റിയിൽ തിലകം തൊടുന്ന രീതിയിൽനിന്ന് താരങ്ങൾ വിട്ടുനിന്നതു ശരിയായില്ലെന്നാണ് ആരാധകരിൽ പലരുടേയും വാദം. അതേസമയം തിലകം തൊടണോ, വേണ്ടയോ എന്നതു താരങ്ങളുടെ വ്യക്തിപരമായ താൽപര്യമാണെന്നും ചില ആരാധകർ വാദിക്കുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗാവസ്‌കർ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കങ്ങളുമായി നാഗ്പൂരിലാണ് ഇന്ത്യൻ താരങ്ങളുള്ളത്. വിവാഹത്തിനു ശേഷം ടീമിൽ മടങ്ങിയെത്തിയ കെ എൽ രാഹുലും, പരുക്കുമാറിയെത്തിയ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും ടീമിനൊപ്പമുണ്ട്. നാല് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം ഒൻപതിനു നാഗ്പൂരിലാണ്.

ബെംഗളൂരുവിലാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പരിശീലനം. പാറ്റ് കമ്മിൻസും സംഘവും ഇതിനകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റിൽ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ കളിക്കാനുള്ള സാധ്യതയില്ല എന്നാണ് റിപ്പോർട്ട്. ടീമിനെ സന്തുലിതമാക്കുന്ന ഗ്രീനിന്റെ അഭാവം ഓസീസിന് പരമ്പരയിൽ കനത്ത തിരിച്ചടിയാവും. രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും അക്‌സർ പട്ടേലുമുള്ള ഇന്ത്യൻ സ്പിൻ ആക്രമണത്തെ ചെറുക്കാൻ പ്രത്യേക പരിശീലനമാണ് ഓസീസ് നടത്തുന്നത്. ഇതിനായി ഇന്ത്യൻ ആഭ്യന്തര സ്പിന്നർമാരെ ഓസീസ് കൂടെക്കൂട്ടിയിട്ടുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്ഖട്, സൂര്യകുമാർ യാദവ്.