തിരുവനന്തപുരം: മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ് ഫാദറിന്റെ ട്രെയിലർ പുറത്തെത്തിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ ചിരിപടർത്തി നിരവധി കമന്റുകൾ. റിലീസിന് ഒരുങ്ങുന്ന ഗോഡ്ഫാദറിൽ ചിരഞ്ജീവിയാണ് നായകൻ. ലൂസിഫറിലെ മോഹൻലാലിന്റെ കാല് കൊണ്ടുള്ള മാസ് കിക്ക് സീനും ചിരഞ്ജീവിയുടെ സീനും തമ്മിൽ താരതമ്യം ചെയ്തുകൊണ്ടാണ് പുതിയ ട്രോളുകളും മീമുകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഉന്നാലെ മുടിയാത് തമ്പി, ചെലരുടേത് ശരി ആകും എന്റെ എന്തായാലും ശരി ആയില്ല, മലയാളികളെ നമ്മൾ കരയരുത്, തളരരുത് ഇവിടെയും പിടിച്ചുനിൽക്കണം അങ്ങനെ നമ്മുടെ ധീരത തെളിയിക്കണം...തുടങ്ങിയവയാണ് കമന്റുകളായും ട്രോളുകളായും പറക്കുന്നത്. ഗോഡ്ഫാദർ ട്രയിലർ കണ്ട ശേഷം വീണ്ടും ലൂസിഫർ ട്രയിലർ കണ്ട് തൃപ്തി അടയുന്ന ആരാധകരും ഇക്കൂട്ടത്തിലുണ്ട്.



കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രയിലറിന് വൻസ്വീകരണമാണ് ലഭിച്ചത്. ഇതുവരെ 6 മില്യണിലധികം പേരാണ് വീഡിയോ കണ്ടത്. ട്രയിലർ പുറത്തുവന്നതിനു പിന്നാലെ ലൂസിഫറിനെയും ഗോഡ്ഫാദറിനെയും താരതമ്യപ്പെടുത്തി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ക്ടോബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മലയാളത്തിലെ രംഗങ്ങൾ അതേപടി പകർത്തിയാണ് തെലുങ്കും ഒരുക്കിയിരിക്കുന്നത്. വിവേക് ഒബ്‌റോയ്യുടെ വില്ലൻ വേഷമായ ബോബി എന്ന കഥാപാത്രം തെലുങ്കിൽ ഇല്ല എന്നതാണ് പ്രധാന വ്യത്യാസങ്ങളിലൊന്ന്. സത്യദേവ് കഞ്ചരണയാണ് വില്ലൻ വേഷത്തിലെത്തുന്നത്.

തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ മോഹൻരാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫർ ഒരുക്കുന്നത്. എസ്. തമൻ ആണ് സംഗീത സംവിധാനം. മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയൻതാരയാണ് തെലുങ്കിൽ പുനരവതരിപ്പിക്കുന്നത്.



ലൂസിഫർ തെലുങ്കിലെത്തുമ്പോൾ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹൻരാജ വ്യക്തമാക്കിയിരുന്നു. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയായി തെലുങ്കിൽ ചിരഞ്ജീവി വരുമ്പോൾ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തിൽ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോർട്ടുകളുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിൽ സൽമാൻ ഖാൻ എത്തുന്നു. എന്നാൽ ഇതേ കഥാപാത്രത്തെ ചില മാറ്റങ്ങളോടെയാകും തെലുങ്കിൽ അവതരിപ്പിക്കുക.

ഖുറേഷി അബ്രാം എന്ന ഡോൺ ആയി ഇന്ത്യയ്ക്കു പുറത്തും സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി കേരളത്തിലും വിലസുന്ന നായകനെയാണ് മോഹൻലാൽ മലയാളത്തിൽ അവതരിപ്പിച്ചത്. മലയാളത്തിൽ മാസ് പൊളിറ്റിക്കൽ ത്രില്ലറായിരുന്നുവെങ്കിൽ തെലുങ്കിൽ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫൻ സഞ്ചരിക്കും. ജോൺ വിജയ്യുടെ മയിൽവാഹനം എന്ന പൊലീസ് കഥാപാത്രത്തെ സമുദ്രക്കനി പുനരവതരിപ്പിക്കുന്നു. ഛായാഗ്രഹണം നിരവ് ഷാ. എഡിറ്റിങ് ശ്രീകർ പ്രസാദ്. പുരി ജഗന്നാഥ്, നാസർ, ഹരീഷ് ഉത്തമൻ, സച്ചിൻ ഖഡേക്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

നീരവ് ഷാ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവഹിക്കും. കൊനിഡേല പ്രൊഡക്ഷൻ കമ്പനിയും മെഗാ സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം മലയാളത്തിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്. മാജിക് ഫ്രെയിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.