ബംഗളൂരു: ഐ എസ് എൽ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുറത്താകലിന് വഴിവച്ച ബംഗളൂരു താരം സുനിൽ ഛേത്രിയുടെ വിവാദ ഗോളിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ താരത്തിനും കുടുംബത്തിനും എതിരെ ഉയരുന്ന അധിക്ഷേപ കമന്റുകൾക്ക് മറുപടിയുമായി ഭാര്യയും സോനം ഭട്ടാചെർജി. കുടുംബത്തെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും നിങ്ങൾ ആഗ്രഹിച്ചത് നേടിയെടുത്തെന്ന് കരുതുന്നതായി സോനം ഇൻസ്റ്റഗ്രാമിലെ കുറിപ്പിലൂടെ പ്രതികരിച്ചു.

മത്സരത്തിൽ അധിക സമയത്തിന്റെ 96ാം മിനിറ്റിൽ ഫ്രീകിക്കിൽ ഛേത്രി നേടിയ ഗോളിനെ ചൊല്ലിയായിരുന്നു തർക്കം. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മത്സരം ബഹിഷ്‌കരിച്ച് മൈതാനം വിടുകയും ചെയ്തു.ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പ്രതിരോധത്തിന് തയറാറെടുക്കുന്നതിനിടെ ഗോളി പ്രഭ്‌സുഖൻ സിങ് ഗിൽ മുന്നോട്ടുകയറി നിൽക്കുന്നത് കണ്ട ചേത്രി ഞൊടിയിടയിൽ പന്ത് വലയിലെത്തിക്കുകയായിരുന്നു. റഫറി ക്രിസ്റ്റൽ ജോൺ ഗോൾ അനുവദിക്കുകയും ചെയ്തു. പിന്നാലെയാണ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ തിരിച്ചുവിളിച്ചത്. മാച്ച് കമീഷണർ റഫറിയുമായി നടത്തിയ ചർച്ചക്കുശേഷം ബംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തായിരുന്നു. താരത്തിന്റെ സമൂഹമാധ്യമ പോസ്റ്റുകൾക്കു താഴെ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഫുട്ബാൾ പ്രേമികളും കടുത്ത ഭാഷയിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. പലതും അതിരുവിടുകയും ചെയ്തു. റഫറി അനുവദിച്ചിട്ടാണ് കിക്കെടുത്തതെന്നായിരുന്നു ഛേത്രിയുടെ വാദം. ഇന്ത്യൻ മുന്നേറ്റ താരത്തിന്റെ കോലം വരെ കത്തിക്കുന്ന തരത്തിലുള്ള വിഡിയോയും ഇതിനിടെ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് സോനം ഭട്ടാചെർജി വിഷയത്തിൽ പ്രതികരിച്ചത്.

അവരുടെ ഇൻസ്റ്റ്ഗ്രാം പോസ്റ്റ് ഇങ്ങനെ.. ''സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന വെറുപ്പും വിദ്വേഷവും നിരാശയും എല്ലാം നിങ്ങൾ ഉപേക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഫുട്ബോളിനിടയിലും എങ്ങനെയാണ് സ്നേഹവും ദയയും ഇല്ലാതാവുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതിലൂടെ, അസഭ്യവർഷം നടത്തുന്നതിലൂടെയെല്ലാം നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? നിങ്ങൾ ലക്ഷ്യം നിറവേറ്റിയെന്ന് ഞാൻ കരുതുന്നു. പകയും വിദ്വേഷവുമെല്ലാം ഫൈനൽ വിസിൽ മുഴുങ്ങുമ്പോൾ ഗ്രൗണ്ടിൽ തന്നെ തീരണം. കേരളം മനോഹരമാണ്. അവിടത്തെ ജനങ്ങൾ സ്നേഹത്തോടെ മാത്രമെ സ്വീകരിച്ചിട്ടുള്ളൂ. കുറച്ചുപേർ വെറുപ്പ് സമ്പാദിക്കുന്നുണ്ടെങ്കിലും എന്റെ കാഴ്‌ച്ചപാട് മാറില്ല.'' അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടു.

 
 
 
View this post on Instagram

A post shared by Sonam Bhattacherjee (@sonam_29)

ഐഎസ്എൽ സെമിക്കായി മുംബൈയിലെത്തിയ ബെംഗളൂരു എഫ്സി താരങ്ങൾക്കും നായകൻ സുനിൽ ഛേത്രിക്കുമെതിരെ മുംബൈ സിറ്റി ആരാധകർ മുദ്രാവാക്യം വിളികളും അസഭ്യവർഷവും നടത്തിയിരുന്നു. നോക്കൗട്ടിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഛേത്രിയുടെ വിവാദ ഗോളിൽ ജയിച്ച് ബെംഗളൂരു സെമിയിലെത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

മത്സരത്തിനിടെ താരത്തിനെതിരെ 'ഗോ ബാക്ക്'വിളികളുണ്ടായിരുന്നു. ഇന്ത്യയുടെ ഇതിഹാസത്തിനെതിരെ ഇത്തരത്തിലല്ല പ്രതികരിക്കേണ്ടതെന്ന് പലരും അഭിപ്രായപ്പെട്ടു. ചേത്രിയെ പിന്തുണച്ച് മുൻ ബംഗളൂരു എഫ്സി കോച്ച് ആർബെർട്ട് റോക്ക ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.