- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
ചിത്രയെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: അയോദ്ധ്യയിലെ പ്രതിഷ്ഠാദിനമായ ജനുവരി ഇരുപത്തിരണ്ടിന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന് കെ എസ് ചിത്ര ആവശ്യപ്പെടുന്ന വീഡിയോ വൈറലായി എന്നുമാത്രമല്ല, വലിയൊരു വിഭാഗം ചിത്രയ്ക്കെതിരെ വടിയെടുത്തിരിക്കുകയാണ്. ഒരു തമിഴ് മാധ്യമമാണ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന ചിത്രയുടെ വീഡിയോ പങ്കുവച്ചത്. ചിത്രയെ പിന്തുണച്ച് സംവിധായകനും, ഗാനരചയിതാവും, എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി രംഗത്തെത്തി.
വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിർപ്പെന്നും എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ചീത്ത വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ശ്രീരാമനെ ആർഎസ്എസിന്റെ വകയായി കാണേണ്ടതില്ലെന്നും ശ്രീരാമൻ ഭാരതത്തിലെ എല്ലാവരുടെയുമാണെന്നും അദ്ദേഹം പറഞ്ഞു. എംടി വാസുദേവൻ നായർ മലയാളത്തിന്റെ തലമുതിർന്ന എഴുത്തുക്കാരനാണ്. അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. പലരും അഭിപ്രായത്തെ എതിർത്തും അനുകൂലിച്ചും പറഞ്ഞു.എന്നാൽ, ആരും എം ടിയെ ചീത്ത പറഞ്ഞില്ല. എന്നാൽ, ചിത്ര അഭിപ്രായം പറയുന്നതിന് ചീത്ത വിളിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല.
ആർക്കും സ്വന്തം അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനെതിരായി സംസാരിക്കുന്നവരെയെല്ലാം ചീത്ത വിളിക്കണമെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്. സ്വന്തം അഭിപ്രായം പറയാനുള്ള മൗലിക അവകാശം ഓരോ പൗരനും ഉണ്ട്. ശ്രീരാമനെ ആരാധിക്കുന്നയാളാണ് ചിത്ര. ഞാൻ എന്റെ കുട്ടിക്കാലത്ത് സന്ധ്യക്ക് രാമ രാമ പാഹിമാം, രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം എന്ന് പാടിയിട്ടുണ്ട്. അത് സംസ്കാരത്തിൽ ഉൾപ്പെട്ട കാര്യമാണ്. അതുകൊണ്ട് രാമനാമം ജപിക്കണമെന്നും വിളക്ക് കൊളുത്തണമെന്നും പറഞ്ഞതിന് അതിൽ ഇത്ര എതിർപ്പ് പ്രകടിപ്പിക്കേണ്ട കാര്യം എന്താണ്?. ബിജെപിയുടെയൊ ആർഎസ്എസിന്റെയോ വകയായി ശ്രീരാമനെ കാണുന്നതുകൊണ്ടാണി കുഴപ്പം.
ശ്രീരാമൻ ഭാരതത്തിലെ എല്ലാവരുടെയുമാണ്. വാത്മീകിയുടെ രാമായണത്തിലെ നായകനാണ് ശ്രീരാമൻ, അങ്ങനെയുള്ള നായകനാണ് ശ്രീകൃഷ്ണൻ. അങ്ങനെയുള്ള നായകന്മാരെയാണ് നാം ആരാധിച്ചുവന്നിരുന്നത്. അങ്ങനെ ഒരു അഭിപ്രായം പറഞ്ഞ ചിത്രയെ എല്ലാവരും ശകാരിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ യോജിക്കേണ്ടതില്ല. അതിന് ചീത്ത വിളിക്കുന്നത് എന്തിനാണ്?.ഒരു പാർട്ടിയുടെയും വക്താവല്ല ഞാൻ.രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടെങ്കിലും വ്യക്തിപരമായി സത്യത്തോടൊപ്പം നിൽക്കും. പിണറായി നല്ലത് ചെയ്താൽ അതിനെ അനുകൂലിക്കും, മോദി നല്ലത് ചെയ്താൽ അതിനെയും അനുകൂലിക്കും. അതിന് സംഘം ചേർന്ന് ആക്രമിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
ചിത്ര വീഡിയോയിൽ പറഞ്ഞത്
'എല്ലാവർക്കും എന്റെ നമസ്കാരം, അയോദ്ധ്യയിൽ ജനുവരി ഇരുപത്തിരണ്ടിന് പ്രതിഷ്ഠാദിനം നടക്കുമ്പോൾ ഉച്ചയ്ക്ക് 12.20ന് ശ്രീരാമ, ജയരാമ, ജയ ജയ രാമ എന്ന രാമമന്ത്രം ജപിച്ചുകൊണ്ടിരിക്കണം എല്ലാവരും. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും പരിപൂർണമായി ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ലോകാസമസ്ത സുഖിനോ ഭവന്തു.'- എന്നാണ് കെ എസ് ചിത്ര വീഡിയോയിൽ പറയുന്നത്. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ദിവസങ്ങൾക്ക് മുമ്പ് ചിത്ര ഏറ്റുവാങ്ങിയിരുന്നു.