ഹൈദരാബാദ്: ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദിന്റെ മത്സരങ്ങൾ നടക്കുമ്പോൾ ഗാലറിയിലെ പ്രധാന ശ്രദ്ധാ കേന്ദ്രമായി മാറാറുണ്ട് ടീം ഉടമയായ കാവ്യ മാരൻ. ക്യാമറക്കണ്ണുകൾക്ക് എല്ലായ്‌പ്പോഴും പ്രിയപ്പെട്ടതാണ് അവരുടെ സ്റ്റേഡിയത്തിലെ സാന്നിധ്യം. ക്യാമറ കണ്ണുകൾ തന്നെ വിടാതെ പിന്തുടരുന്നുണ്ടെന്ന് അറിയുമ്പോഴും അവർ പതറാതെ വികാരങ്ങൾ പ്രകടിപ്പിക്കാറുമുണ്ട്.

പക്ഷേ പഞ്ചാബ് കിങ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ തന്നെ ഫോക്കസ് ചെയ്യാൻ ശ്രമിച്ച ക്യാമറാമാനോടു ചൂടായി പ്രതികരിച്ചിരിക്കുകയാണ് കാവ്യ മാരൻ. പഞ്ചാബ് ബാറ്റിങ്ങിനിടെ ക്യാപ്റ്റൻ ശിഖർ ധവാൻ സിക്‌സടിച്ചപ്പോഴാണ് ക്യാമറ ഗാലറിയിലേക്കു തിരിഞ്ഞത്. ഗാലറിയിലുണ്ടായിരുന്നു കാവ്യ മാരന്റെ പ്രതികരണം പകർത്താനായിരുന്നു ക്യാമറാമാന്റെ നീക്കം. അങ്ങോട്ട് മാറുവെന്ന് ക്യാമറാമാനോട് കാവ്യ പറയുന്നതിന്റെയും അസ്വസ്ഥയാകുന്നതിന്റേയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

തുടർച്ചയായി തന്റെ ദൃശ്യങ്ങൾ പകർത്തിയതാണു കാവ്യയെ പ്രകോപിപ്പിച്ചതെന്നാണു വിവരം. കഴിഞ്ഞ ദിവസം ഹൈദരാബാദിന്റെ വിക്കറ്റ് നേട്ടം ആഘോഷിച്ചു തുള്ളിച്ചാടുന്ന കാവ്യയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഹൈദരാബാദിന്റെ മത്സരങ്ങൾ കാണാൻ കാവ്യ മാരൻ സ്ഥിരമായി ഗാലറിയിലുണ്ടാകും. കാവ്യയുടെ പ്രതികരണങ്ങൾ ഇതിനു മുൻപും പല തവണ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണു കാവ്യ മാരൻ.

സീസണിലെ ആദ്യ വിജയമാണ് പഞ്ചാബിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് നേടിയത്. ക്യാപ്റ്റൻ ശിഖർ ധവാന്റെ വെട്ടിക്കെട്ട് ഇന്നിങ്‌സിലൂടെ പഞ്ചാബ് കിങ്‌സ് നേടിയ സ്‌കോർ രാഹുൽ ത്രിപാഠിയുടെ (48 പന്തിൽ 74*) കിടിലൻ അർധസെഞ്ചറിയുടെ ബലത്തിലാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് മറികടന്നത്.

പഞ്ചാബ് ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ വെറും രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് മറികടന്നത്. എട്ടു വിക്കറ്റ് ജയം. മൂന്നു മത്സരങ്ങൾ കളിച്ച ഹൈദരാബാദിന്റെ ആദ്യ ജയമാണിത്. രണ്ട് മത്സരങ്ങൾ തോറ്റ അവർ തുടരെ രണ്ട് വിജയങ്ങളുമായി എത്തിയ പഞ്ചാബ് കിങ്സിനെ വീഴ്‌ത്തിയാണ് ആദ്യ വിജയം സ്വന്തമാക്കിയത്.