മുംബൈ: ഇന്ത്യൻ ക്രിക്കറ്റർ കെ എൽ രാഹുലും ബോളിവുഡ് താരം ആതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം എപ്പോൾ നടക്കുമെന്ന ചോദ്യത്തോട് പ്രതികരിച്ച് ആതിയയുടെ പിതാവും നടനുമായ സുനിൽ ഷെട്ടി. ഇരുവർക്കും അവരുടേതായ തിരക്കുകളുണ്ടെന്നാണ് സുനിൽ ഷെട്ടി പറയുന്നത്. അവർക്കെന്നാണോ സമയം കിട്ടുന്നത്, അന്ന് വിവാഹം നടക്കട്ടെയെന്നും സുനിൽ ഷെട്ടി പ്രതികരിച്ചു.

ഇരുവരും ദീർഘകാലമായി പ്രണയത്തിലാണ്. ഇരുവരും അടുത്തിടെ മുംബൈയിൽ പുതിയ അപ്പാർട്ട്മെന്റ് വാങ്ങി താമസം മാറിയിരുന്നു. ഇരുവരും അധികം വൈകാതെ വിവാഹിതരാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സുനിൽ ഷെട്ടി. രണ്ടു ദിവസം കൊണ്ടൊന്നും വിവാഹം നടത്താൻ സാധിക്കില്ലെന്നും ആതിയയും രാഹുലും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും സുനിൽ ഷെട്ടി ഒരു ഇൻസ്റ്റഗ്രാം ചാനലിനോടു പറഞ്ഞു.

 
 
 
View this post on Instagram

A post shared by Instant Bollywood (@instantbollywood)

''രണ്ട് പേരും അവരുടേതായ തിരക്കുകളിലാണ്. രാഹുൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പമാണ്. ഏഷ്യാ കപ്പ്, ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരായ പരമ്പര, ലോകകപ്പ് എന്നിവര വരാനുണ്ട്. വിവാഹം എന്നുള്ളത് ക്രിക്കറ്റ് പരമ്പരയ്ക്കിടെ കിട്ടുന്ന ഒന്നോ രണ്ടോ ദിവസത്തിനിടെ നടക്കേണ്ട ഒന്നല്ല. അവർക്കെന്നാണോ സമയം കിട്ടുന്നത്, അന്ന് വിവാഹം നടക്കട്ടെ.'' സുനിൽ ഷെട്ടി പറഞ്ഞു.

''മകൾ വിവാഹിതയാകണമെന്നാണ് അച്ഛന്റെ ആഗ്രഹം. അതിനു രാഹുലിനു സമയം വേണം. കുട്ടികൾ തീരുമാനിക്കട്ടെ, കാരണം രാഹുലിന്റെ മത്സരക്രമം കണ്ടാൽ നിങ്ങൾ ഞെട്ടും. ഒന്നോ, രണ്ടോ ദിവസത്തെ അവധി മാത്രമാണു ലഭിക്കുന്നത്. അത്ര കുറച്ചു സമയം കൊണ്ടു വിവാഹമൊന്നും നടത്താനാകില്ല. സമയം കിട്ടുമ്പോൾ മാത്രമാകും വിവാഹം ആസൂത്രണം ചെയ്യുക'' സുനിൽ ഷെട്ടി പറഞ്ഞു. പരുക്കുകാരണം ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുകയായിരുന്ന രാഹുൽ സിംബാബ്‌വെ പര്യടനത്തിലാണു ടീമിനൊപ്പം ചേർന്നത്. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണു രാഹുൽ.

രാഹുൽ ഏഷ്യാകപ്പിനായി യുഎഇയിലേക്ക് പറന്നിരുന്നു. 28ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പരിശീലകൻ രാഹുൽ ദ്രാവിഡ് ഇല്ലാതെയാണ് ഇന്ത്യൻ ടീം യുഎഇലേക്ക് പറന്നത്. ദ്രാവിഡിന് കോവിഡ് പിടിപെട്ട സാഹചര്യത്തിലാണ് പരിശീലകനില്ലാതെ ഇന്ത്യൻ ടീം പറന്നത്. നാളെ വീണ്ടും ദ്രാവിഡിനെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ ഇതിഹാസ താരം ഉടൻ ഇന്ത്യൻ ടീമിനൊപ്പം ചേരും. അല്ലെങ്കിൽ വിവി എസ് ലക്ഷ്മണാകും ഇന്ത്യയെ ടൂർണമെന്റിൽ പരിശീലിപ്പിക്കുക.

വിവി എസ് ലക്ഷ്മണനെ സ്റ്റാൻഡ്‌ബൈ പരിശീലകനായി ബിസിസിഐ പരിഗണിക്കുന്നതായാണ് ഇൻസൈഡ് സ്പോർടിന്റെ റിപ്പോർട്ട്. 'നിസാരമായ രോഗലക്ഷണങ്ങളെ ദ്രാവിഡിനുള്ളൂ. അതിനാൽ വിവി എസ് ലക്ഷ്മണനെ പകരക്കാരനായി അയക്കണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. ഹരാരെയിലുള്ള വിവി എസ് ഇന്ന് ചിലപ്പോൾ ദുബായിലേക്ക് തിരിക്കും. ദ്രാവിഡിന്റെ സാഹചര്യം മെച്ചപ്പെടും വരെ കുറച്ച് ദിവസം ദുബായിൽ തുടരാൻ ലക്ഷ്മണിനോട് ആവശ്യപ്പെടാവുന്നതാണ്. വീണ്ടും പരിശോധന നടത്താൻ ദ്രാവിഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ബിസിസിഐ വൃത്തങ്ങൾ ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.