തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന്റെ നാൽപതാം പിറന്നാൾ ആണ് ഇന്ന്. രാവിലെ മുതൽ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോഴിതാ പൃഥ്വിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ഭാര്യയും നിർമ്മാതാവുമായ സുപ്രിയ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷമായി തങ്ങൾ ഒപ്പമുണ്ടെന്നും പൃഥ്വിക്കൊപ്പമുള്ള ഈ ജീവിതയാത്ര തനിക്ക് എന്നും പ്രിയപ്പെട്ടതാണെന്നും സുപ്രിയ കുറിക്കുന്നു.

'15 വർഷമായി നമ്മൾ ഒരുമിച്ച് നിങ്ങളുടെ പിറന്നാൾ ആഘോഷിക്കുവാൻ തുടങ്ങിയിട്ട്. 25മത്തെ പിറന്നാൾ മുതൽ നാല്പതാമത്തെ പിറന്നാൾ വരെ, നമ്മൾ ഒരുമിച്ചു ചെയ്ത യാത്രകൾ വളരെ സ്‌പെഷ്യലും പേഴ്‌സണലും ആയിരുന്നു. ജീവിതത്തിലും പ്രൊഫഷനിലും നിങ്ങൾ കൂടുതൽ കരുത്തൻ ആകുന്നതിന് സാക്ഷ്യം വഹിക്കുവാൻ സാധിച്ചത് ഒരു വലിയ അനുഗ്രഹം തന്നെയായിരുന്നു. പിറന്നാൾ ആശംസകൾ പി, അടുത്ത ദശാബ്ദം കൂടുതൽ സ്‌നേഹവും സന്തോഷവും ഫ്രണ്ട്ഷിപ്പും സിനിമയും ജീവിതവും നിറഞ്ഞത് ആവട്ടെ. എപ്പോഴും ഒരുമിച്ച് കൈകോർത്ത് മുന്നോട്ടു പോകാം. ഐ ലവ് യു', എന്നാണ് സുപ്രിയ കുറിച്ചത്. പൃഥ്വിക്കൊപ്പമുള്ള മനോഹര ചിത്രങ്ങളും സുപ്രിയ പങ്കുവച്ചിട്ടുണ്ട്.

 

2011ൽ ആയിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവർത്തക ആയിരുന്ന സുപ്രിയയും തമ്മിലുള്ള വിവാഹം. ഇരുവർക്കും അലംകൃത എന്ന മകളും ഉണ്ട്. നിലവിൽ പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് സുപ്രിയ.

അതേസമയം, കടുവ, തീർപ്പ് എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ ഈ വർഷത്തെ പൃഥ്വിരാജിന്റെ ബ്ലോക്‌ബസ്റ്ററുകളിൽ ഒന്നാണ്. രതീഷ് അമ്പാട്ടാണ് തീർപ്പ് സംവിധാനം ചെയ്തത്. അൽഫോൻസ് പുത്രന്റെ ഗോൾഡ് ആണ് റിലീസ് കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങളിൽ ഒന്ന്. വിലായത്ത് ബുദ്ധ, സലാർ, കാപ്പ, കാളിയൻ, ആടുജീവിതം തുടങ്ങിയ ചിത്രങ്ങളും പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.