- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹ്യ മാധ്യമത്തിൽ പേരിൽ മാറ്റം വരുത്തി സുരേഷ് ഗോപിയും; 'Suresh Gopi ' എന്ന സ്‌പെല്ലിങ്ങിന് പകരം 'Suressh Gopi' എന്നു മാറ്റി
തിരുവനന്തപുരം: പേരിൽ മാറ്റം വരുത്തി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. തന്റെ സോഷ്യൽ മീഡിയ പേജുകളിലെ പേരിലാണ് സുരേഷ് ഗോപി മാറ്റം വരുത്തിയിരിക്കുന്നത്. പേരിന്റെ സ്‌പെല്ലിങ്ങിൽ ഒരു 'എസ്' കൂടി ചേർത്താണ് മാറ്റം. അതായത് 'Suresh Gopi ' എന്ന സ്‌പെല്ലിങ്ങിന് പകരം 'Suressh Gopi', എന്നാണ് മാറ്റിയിരിക്കുന്നത്. താരത്തിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ എല്ലാം ഇത്തരത്തിൽ പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ മാത്രമാണോ അതോ ഔദ്യോഗികമായാണോ ഈ പേര് മാറ്റം എന്നത് വ്യക്തമല്ല. നടൻ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംഖ്യാ ശാസ്ത്രം അനുസരിച്ച് ഭാഗ്യം വരുന്നതിനായി പേരുമാറ്റിയ നിരവധി താരങ്ങൾ ബോളിവുഡിലും കോളിവുഡിലും എന്തിന് മോളിവുഡിലും ഉണ്ട്. ചിലർ പേരുകളുടെ അക്ഷരങ്ങൾ മാത്രമാണ് മാറ്റാറുള്ളത്. മറ്റ് ചിലർ പേര് തന്നെ മാറ്റും. ചിലരാകട്ടെ തങ്ങളുടെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങളാണ് മാറ്റാറുള്ളത്. അക്കൂട്ടത്തിൽ സുരേഷ് ഗോപിയും ഉൾപ്പെട്ടിരിക്കുകയാണ്.
അടുത്തിടെ നടി ലെനയും തന്റെ പേരിലെ സ്‌പെല്ലിങ്ങിൽ മാറ്റം വരുത്തിയിരുന്നു. 'Lena' എന്നതിൽ നിന്നും 'Lenaa' എന്നാണ് നടി മാറ്റിയത്. റായ് ലക്ഷ്മി, റോമ തുടങ്ങി നിരവധി താരങ്ങളും ഇത്തരത്തിൽ പേരിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ദിലീപായിരുന്നു അടുത്തിടെ പേരിൽ മാറ്റം വരുത്തിയ മറ്റൊരു പ്രമുഖ നടൻ. 'കേശു ഈ വീടിന്റെ നാഥൻ' എന്ന ചിത്രത്തിന്റെ പോസ്റ്ററിലൂടെയായിരുന്നു ദിലീപിന്റെ പേര് മാറ്റം ചർച്ചയായത്. 'Dileep' എന്നതിനു പകരം 'Dilieep' എന്നായിരുന്നു പോസ്റ്ററിൽ എഴുതിയിട്ടുണ്ടായിരുന്നത്.
സംവിധായകൻ ജോഷിയും പേര് മാറ്റം വരുത്തിയ പ്രമുഖനാണ്. തന്റെ പേരിനൊപ്പം ഒരു y കൂടിയാണ് ജോഷി കൂട്ടിച്ചേർത്തത്. അടുത്തിടെ നടി റോമ 'Roma' എന്ന പേര് 'Romah' എന്നാക്കിയിരുന്നു.
അതേസമയം, മേ ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ജിബു ജേക്കബ് ആണ് സംവിധാനം. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രം കൂടിയാണിത്. ചില യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ സമകാലിക ഇന്ത്യൻ അവസ്ഥകൾ കടന്നുവരുമെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. സെപ്റ്റംബർ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ഡൽഹി, ജയ്‌പ്പൂർ, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കിൽ ഒരുക്കുന്ന 'മേ ഹും മൂസ' ഒരു പാൻ ഇന്ത്യൻ സിനിമയാണ്.
ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, കണ്ണൻ സാഗർ, അശ്വിനി, സരൺ, ജിജിന, ശ്രിന്ദ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്റെയും തോമസ്സ് തിരുവല്ല ഫിലിംസിന്റെയും ബാനറുകളിൽ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു. തിരക്കഥ റൂബേഷ് റെയിൻ. പാപ്പൻ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. നീണ്ട ഇടവേളക്ക് ശേഷം സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം കൂടി ആയിരുന്നു ഇത്.
ന്യൂസ് ഡെസ്ക്