കൊച്ചി: മലയാളത്തിൽ സിനിമയുടെ വിജയത്തെ സ്വാധീനിക്കുന്ന തരത്തിൽ പോലും പ്രമോഷൻ നടത്താൻ കഴിവുള്ള സംഘങ്ങൾ ഉണ്ടെന്ന് ശ്വേത മേനോൻ.എന്നാൽ വളരെ ചെറിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തെ സംബന്ധിച്ച് ഇത്തരം വലിയ തരത്തിലുള്ള പ്രമോഷൻ സ്വപ്‌നം മാത്രമാണെന്നും നടി ശ്വേത മേനോൻ.തന്റെ പുതിയ ചിത്രമായ പള്ളിമണിയുമായി ബന്ധപ്പെട്ട് സിനിമാത്തിക്കിനോട് സംസാരിക്കുകയായിരുന്നു അവർ.ഇത്തരം പ്രമോഷനുകളിലൂടെ ഒരുമാസം വരെയൊക്കെ തിയേറ്ററിൽ ചിത്രത്തെ നിലനിർത്താനും കൂടുതൽ പ്രേക്ഷകരിലേക്ക് ചിത്രത്തെ എത്തിക്കുവാനും സാധിക്കുമെന്നും അവർ പറഞ്ഞു.

ഒരുപാട് മികച്ച സിനിമകൾ വേണ്ടത്ര പ്രേക്ഷക പിന്തുണയില്ലാതെ തിയേറ്ററിൽ നിലനിൽക്കാനാകാതെ പോകുന്നുണ്ട്.പ്രമോഷന്റെ അഭാവം തന്നെയാണ് കാരണം.പക്ഷെ ഇത്തരം ഭീമമായ തുക നൽകിക്കൊണ്ടുള്ള പ്രമോഷൻ വർക്കുകൾ എത്രത്തോളം നിർമ്മാതാക്കൾക്ക് സാധിക്കുമെന്നതാണ് ഇവിടുത്തെ വിഷയമെന്നും ശ്വേത പറയുന്നു. അതുപോലെ അന്യഭാഷ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് പോലെ മലയാള സിനിമകളെയും പ്രേക്ഷകർ പിന്തുണയ്ക്കണമെന്നും ശ്വേത പറയുന്നു.

സോഷ്യൽ മീഡിയ ബുള്ളിങ്ങ് തങ്ങൾ ആസ്വദിക്കാറുണ്ടെന്ന് നടൻ കൈലാഷ് അഭിപ്രായപ്പെട്ടു. ചിലപ്പോഴൊക്കെ വിഷമം തോന്നാറുണ്ട്.എങ്കിലും മറ്റൊരു തലത്തിൽ ആലോചിക്കുമ്പോൾ സിനിമയിൽ നമ്മൾ അത്ര സജീവമല്ലാത്തപ്പോൾ പോലും ഇത്തരം വിഷയങ്ങൾക്ക് നമ്മൾ വിഷയമാകുന്നത് നല്ലതാണെന്നും തോന്നാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.