ന്യൂഡൽഹി: വാർത്താ ഏജൻസിയായ എഎൻഐയുടെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തു. ഈ അക്കൗണ്ട് നിലവിലില്ല എന്നാണ് ഇപ്പോൾ എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് തുറക്കുമ്പോൾ കാണുന്നത്. മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോം നടത്താൻ വേണ്ട ചുരുങ്ങിയ പ്രായം പൂർത്തിയായില്ല എന്ന കാരണത്താലാണ് എഎൻഐക്ക് ട്വിറ്ററിന്റെ വിലക്കെന്ന് എഡിറ്റർ സ്മിതാ പ്രകാശ് അറിയിച്ചു.

'76 ലക്ഷം ഫോളോവേഴ്‌സ് ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയെ ട്വിറ്റർ ബ്ലോക്ക് ചെയ്തു. 13 വർഷത്തിൽ താഴെ മാത്രം പ്രായം എന്നതാണ് മെയിലിൽ കാരണമായി പറയുന്നത്. ഞങ്ങളുടെ ഗോൾഡ് ടിക്ക് ആദ്യം എടുത്ത് കളഞ്ഞിട്ട് പകരം ബ്ലൂ ടിക്കാക്കിയിരുന്നു. ഇപ്പോൾ അത് പൂട്ടുകയും ചെയ്തു', സ്മിതാ പ്രകാശ് ട്വീറ്റ് ചെയ്തു.

13 വർഷം തികയാതെ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോം സൈറ്റായ ട്വിറ്ററിൽ അക്കൗണ്ട് സൃഷ്ടിക്കാനാവില്ല. ഈ നിബന്ധന എഎൻഐ പാലിക്കാത്ത സാഹചര്യത്തിൽ അക്കൗണ്ട് പൂട്ടുന്നു എന്നാണ് അറിയിപ്പ്. ദക്ഷിണേഷ്യയിലെ മൾട്ടി മീഡിയവാർത്താ ഏജൻസിയായ എഎൻഐക്ക് ലോകമെമ്പാടുമായി നൂറിലേറെ ബ്യൂറോകളുണ്ട്.