കൊച്ചി: മകൻ ലഹരിക്കടിമയാണെന്നും, പൊലീസ് അറസ്റ്റ് ചെയ്തെന്നുമുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചരണത്തിന് മറുപടിയുമായി തൃക്കാക്കര എംഎ‍ൽഎ ഉമ തോമസ്. പൊലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകൻ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണെന്ന് മകന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഉമ തോമസ് ഫേസ്‌ബുക്കിൽ കുറിച്ചു.

മരിച്ചിട്ടും ചിലർക്ക് പി.ടിയോടുള്ള പക തീർന്നിട്ടില്ലായെന്ന് എനിക്കറിയാം. പാതിവഴിയിൽ എന്റെ പോരാട്ടം അവസാനിപ്പിക്കുവാൻ ആര് വിചാരിച്ചാലും സാധിക്കില്ല. പി.ടി തുടങ്ങിവച്ചതൊക്കെ ഞാൻ പൂർത്തിയാക്കുക തന്നെ ചെയ്യുമെന്നും ഉമ തോമസ് പറഞ്ഞു.സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടവർക്കും ഷെയർ ചെയ്തവർക്കുമെതിരെ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും പരാതി നൽകുമെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം, ലഹരിക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള നിയമസഭയിലെ അടിയന്തര പ്രമേയ നോട്ടിസ് അവതരണ വേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്റെ സുഹൃത്തിന്റെ മകൻ ലഹരിക്ക് അടിമപ്പെട്ടതിനെക്കുറിച്ച് പറഞ്ഞിരുന്നു.തന്റെ മടിയിൽ വളർന്ന കുട്ടിയായിരുന്നെന്നും ഇപ്പോൾ ലഹരിവിമോചന കേന്ദ്രത്തിൽ രണ്ടാം തവണ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് പ്രതിപക്ഷനേതാവ് സഭയിൽ പറഞ്ഞത്.

'ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മകനാണ്. എടുത്തുകൊണ്ടു നടന്നിട്ടുണ്ട്. പഠിക്കാൻ അതിമിടുക്കൻ. പ്രമുഖ എൻജിനീയറിങ് കോളജിൽ പഠനം പൂർത്തിയാക്കി. എന്നാൽ, ഇന്നു ലഹരിക്ക് അടിമയാണ്. രണ്ടാം തവണ ലഹരിവിമോചന കേന്ദ്രത്തിലാക്കി. അവൻ മിടുക്കനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ്.' എന്നാണ് സതീശൻ പറഞ്ഞത്.

ഇതിനെത്തുടർന്നാണ് ഈ വ്യക്തി പി.ടി. തോമസിന്റെയും ഉമ തോമസിന്റെയും മകനാണ് എന്ന തരത്തിൽ വ്യാപകമായ പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ നടന്നത്.

ഉമതോമസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

ചില ഷാജിമാരുടെ എഫ്.ബി പോസ്റ്റ് കണ്ടു.

പൊലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകൻ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്.

മൂത്ത മകൻ തൊടുപുഴ അൽ-അസർ കോളേജിൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്

മരിച്ചിട്ടും ചിലർക്ക് പി.ടിയോടുള്ള പക തീർന്നിട്ടില്ലായെന്ന് എനിക്കറിയാം.

പാതിവഴിയിൽ എന്റെ പോരാട്ടം അവസാനിപ്പിക്കുവാൻ ആര് വിചാരിച്ചാലും സാധിക്കില്ല.

പി.ടി തുടങ്ങിവച്ചതൊക്കെ ഞാൻ പൂർത്തിയാക്കുക തന്നെ ചെയ്യും.

 സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ എഫ് ബി പോസ്റ്റ് ഇട്ടവർക്കും ഷെയർ ചെയ്തവർക്കുമെതിരെ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും പരാതി നൽകും.