ചെന്നൈ: ആദ്യം കണ്ടത് തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥരെ. ചെന്നൈയിലെ മൈലാപ്പൂർ മാർക്കറ്റിലെ കച്ചവടക്കാർ ഒന്നു ഭയപ്പെട്ടു. എന്നാൽ പച്ചക്കറി വാങ്ങാൻ എത്തിയ ആ വിശിഷ്ട വ്യക്തിയെ കണ്ടപ്പോൾ എല്ലാവർക്കും അമ്പരപ്പും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനായിരുന്നു തനിക്ക് വേണ്ട പച്ചക്കറി വാങ്ങാൻ നേരിട്ടെത്തിയത്.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ചെന്നൈയിലെ മൈലാപ്പൂർ മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് കേന്ദ്രമന്ത്രി പച്ചക്കറി മാർക്കറ്റിലെത്തിയത്. ഇതിന്റെ വിഡിയോ മന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. മന്ത്രി പച്ചക്കറി വാങ്ങിക്കുന്നതും കച്ചവടക്കാരുമായും മറ്റ് ആളുകളുമായും സംസാരിക്കുന്നതും വിഡിയോയിൽ കാണാം.

തമിഴ്‌നാട്ടിലെ ബിജെപി എംഎൽഎ വാനതി ശ്രീനിവാസനും നിർമല സീതാരാമനൊപ്പമുണ്ടായിരുന്നു. ''ആദ്യം, തോക്കുചൂണ്ടിയ സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട് കച്ചവടക്കാർ ഭയപ്പെട്ടു. എന്നാൽ വന്നത് ആരാണെന്ന് വിശദീകരിച്ചപ്പോൾ കച്ചവടക്കാരായ സ്ത്രീകൾ കാപ്പി കുടിക്കുന്നതിന് മന്ത്രിയെ ഹോട്ടലിലേക്കു ക്ഷണിക്കുക വരെ ചെയ്തു. പക്ഷേ ഡൽഹിയിലേക്കുള്ള ഫ്‌ളൈറ്റ് പിടിക്കേണ്ടതിനാൽ മന്ത്രിക്ക് 20 മിനിറ്റ് മാത്രമേ അവിടെ ചെലവഴിക്കാൻ കഴിഞ്ഞുള്ളൂ.'' വാനതി ശ്രീനിവാസൻ പറഞ്ഞു.

ചെറുപ്പത്തിൽ, നിർമല സീതാരാമൻ മൈലാപ്പൂരിൽ വേനൽക്കാലം ചെലവഴിച്ചിരുന്നതായും അതിനാൽ സ്ഥലം പരിചിതമാണെന്നും വാനതി കൂട്ടിച്ചേർത്തു. ശനിയാഴ്ച, അമ്പത്തൂരിലെ കല്ലിക്കുപ്പത്ത് ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള മൾട്ടി ഡിസിപ്ലിനറി സെന്ററായ 'ആനന്ദ കരുണ വിദ്യാലയം' ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.