തിരുവനന്തപുരം: ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത 'മാളികപ്പുറം' 50 കോടി ക്ലബ്ബിൽ. 2022 ലെ അവസാന റിലീസുകളിൽ ഒന്നായി ഡിസംബർ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം 50 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയത്.

2022 ഡിസംബർ 30-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ആഗോള തലത്തിൽ 50 കോടി കടക്കുന്ന ആദ്യ ഉണ്ണി മുകുന്ദൻ ചിത്രം കൂടിയാണിത്. ഉണ്ണി മുകുന്ദന്റെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണിത്. അയ്യപ്പനും പ്രേക്ഷകർക്കും നന്ദിയുണ്ടെന്ന് താരം പറഞ്ഞു.

ഇത് കൂടാതെ സിനിമയുടെ റീമേക്ക് റൈറ്റ്‌സ്, സാറ്റ്ലൈറ്റ്, ഒടിടി എന്നീ മേഖലകളിലും മികച്ച ബിസിനസ്സ് സ്വന്തമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ഡിസംബർ 30 ന് കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് പുതുവത്സര വാരാന്ത്യത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കുടുംബ പ്രേക്ഷകരാണ് മാളികപ്പുറത്തിന്റെ നെടുംതൂൺ. രണ്ടും മൂന്നും ആഴ്ച മിഡിൽ ഈസ്റ്റിലും മറ്റു വിദേശരാജ്യങ്ങളിലും അധികം സ്‌ക്രീനുകൾ നേടി. യു.കെ., യു.എസ്., സിങ്കപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ചിത്രത്തിന് ഗംഭീര ബുക്കിങ് ആണ്.

അവധിയില്ലാത്ത ദിനങ്ങളിലും ബംഗളുരു, മുംബൈ, ഡൽഹി അഹ്‌മദാബാദ് എന്നിവിടങ്ങളിൽ ചിത്രം മികച്ച റിപ്പോർട്ടുമായി പ്രദർശനത്തിലുണ്ട്. കേരളത്തിൽ മറ്റു റിലീസ് ചിത്രങ്ങളെക്കാളും 'മാളികപ്പുറം' ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുകയാണ്. നാലാം വാരം സിനിമ 233ലധികം സ്‌ക്രീനുകളിൽ പ്രദർശനത്തിലുണ്ട്.

ഉണ്ണി മുകുന്ദന്റെ കരിയറിൽ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ ജനുവരി 26-ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ഡബ്ബിങ് പതിപ്പ് ഉടൻ മറ്റ് സംസ്ഥാനങ്ങളിലും റിലീസ് ചെയ്യും. തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ കമ്പനിയായ ഗീതാ ആർട്‌സാണ് തെലുങ്ക് പതിപ്പിന്റെ വിതരണാവകാശം നേടയിരിക്കുന്നത്. ചിത്രം ജനുവരി 26 ന് റിലീസ് ചെയ്യും. ഉണ്ണി മുകുന്ദന് തെലുങ്ക് പ്രേക്ഷകർക്കിടയിലുള്ള സ്വീകാര്യതയും മാളികപ്പുറത്തിന് അനുകൂലമാകുമെന്നാണ് കണക്കു കൂട്ടുന്നത്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

കാവ്യ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്നാണ് 'മാളികപ്പുറം' നിർമ്മിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ. ഫാമിലി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്.

ബാലതാരങ്ങളായ ശ്രീപഥ്, ദേവനന്ദ എന്നിവരെക്കൂടാതെ സൈജു കുറുപ്പ്, സമ്പത്ത് റാം, ടി.ജി. രവി, രഞ്ജി പണിക്കർ, മനോജ് കെ. ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

വിഷ്ണു നാരായണൻ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ഷമീർ മുഹമ്മദാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സന്തോഷ് വർമ, ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം പകർന്നിരിക്കുന്നത്.

കലാസംവിധാനം: സുരേഷ് കൊല്ലം, മേക്കപ്പ്: ജിത്ത് പയ്യന്നൂർ, വസ്ത്രാലങ്കാരം: അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി: സ്റ്റണ്ട് സിൽവ, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടേർസ്: രജീസ് ആന്റണി, ബിനു ജി. നായർ, അസിസ്റ്റന്റ് ഡയറക്ടേർസ്: ജിജോ ജോസ്, അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, കൊറിയോഗ്രഫി: ഷരീഫ്, സ്റ്റിൽസ്: രാഹുൽ ടി, ലൈൻ പ്രൊഡ്യൂസർ: നിരൂപ് പിന്റോ, മാനേജർസ്: അഭിലാഷ് പൈങ്ങോട്, സജയൻ, ഷിനോജ്. പ്രൊമോഷൻ കൺസൾട്ടന്റ്‌റ്: വിപിൻ കുമാർ