ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹം നായകനാവുന്ന പുതിയൊരു ചിത്രം കൂടി പ്രഖ്യാപിച്ചു. ഗന്ധർവ്വ ജൂനിയർ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ് ആണ്. സെക്കൻഡ് ഷോ, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കൽക്കിക്കു ശേഷം ഇരുവരും ചേർന്നൊരുക്കുന്ന തിരക്കഥയാണ് ഗന്ധർവ്വ ജൂനിയറിന്റേത്.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫാന്റസിയും ഒപ്പം ഹാസ്യവും കലർന്ന ചിത്രമാണിതെന്ന് അണിയറക്കാർ അറിയിച്ചു. ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജെ എം ഇൻഫോടെയ്ന്മെന്റും ലിറ്റിൽ ബിഗ് ഫിലിംസും ചേർന്നാണ് നിർമ്മാണം. മലയാളമുൾപ്പെടെ ആറ് ഭാഷകളിലാണ് നിർമ്മാതാക്കൾ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. പൃഥ്വിരാജ്, ടൊവിനോ അടക്കമുള്ള താരങ്ങളാണ് ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്.

 

അതേസമയം ഉണ്ണി മുകുന്ദൻ നായകനാവുന്ന മറ്റൊരു ചിത്രവും ഇന്ന് പ്രഖ്യാപിച്ചിരുന്നു. യമഹ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മറ്റൊരു നവാഗതനായ ഉല്ലാസ് കൃഷ്ണയാണ്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേർന്നാണ്. ബിഗ് ജെ എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ ജിൻസ് വർഗീസ് ആണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ ജോർജ് ആണ് ഛായാഗ്രഹണം. എഡിറ്റിങ് നിഷാദ് യൂസഫ്. സ്റ്റിൽ ഫോട്ടോഗ്രഫി ജിനു പി കെ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, പബ്ലിസിറ്റി വിപിൻ കുമാർ, ഡിസൈൻസ് സോളമൻ ജോസഫ്. രാഹുൽ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.