- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം: വിദ്യ വിജയന്റെ കുറിപ്പ്
കൊച്ചി: മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ പെട്ട എസ്.എഫ്.ഐ നേതാവ് വിദ്യ വിജയൻ താൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ വിവരിച്ചുകൊണ്ട് എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. 'കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവുംകൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്'- വിദ്യ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്.
'ഈ ഭയം ശരീരത്തെ ആകമാനം വെന്തു നീറിയതുകൊണ്ടാകാം..പുറത്ത് കടക്കാൻ വലിയ ഭയപ്പാടായിരുന്നു. പക്ഷേ അതിൽ നിന്നെല്ലാം പുറത്ത് കടക്കാൻ പോകുകയാണ്. നോക്കുന്ന നോട്ടങ്ങളെ പിന്തള്ളിക്കൊണ്ട് -പരിഹാസ ചിരികളെ ഇന്ന് ഈ നിമിഷം ഞാൻ അവ കണ്ടിട്ടേ ഇല്ല എന്ന് ഉറച്ച്.' -എന്നിങ്ങനെ ശുഭപ്രതീക്ഷ പുലർത്തി കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
വിദ്യ വിജയന്റെ കുറിപ്പ്
കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവുംകൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്. അദ്ദേഹത്തിന് നൽകാൻ എന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല.ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സെൻസിറ്റീവ് ആയ പുരുഷൻ എന്റെ അച്ഛനായിരുന്നു.അവസാനത്തെ ട്രെയിൻ യാത്രയ്ക്കു മുൻപ് ഇടനെഞ്ചോട് ചേർത്ത് പിടിച്ച് അതുവരെ അപ്രകാരം ചെയ്യാത്ത ഒരാൾ അങ്ങനെ ചെയ്തു..
കള്ളിയുടെ അമ്മ, അനിയത്തി എന്നീ മേൽവിലാസവുംകൊണ്ട് ഏതാണ്ട് ഒരു വർഷക്കാലമായി എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും അറിയാത്ത ജീവിതത്തിന്റെ ചുക്കാനും പിടിച്ചാണ് എന്റെ വീട്ടുകാരുടെ പോക്ക്..കൂട്ടത്തിൽ കൂടെ ഉണ്ടായിരുന്നവരൊന്നും ഇപ്പോൾ കൂട്ടുന്നില്ല. ഒറ്റപ്പെടലിന്റെ എല്ലാ സാധ്യതകളെയും തിരിച്ച് പരാജയപ്പെട്ട് ആശുപത്രി കിടക്കയിൽ കിടക്കുകയാണ്. ഉറങ്ങുമ്പോൾ ഹാഷിമിന്റെയും നിഷയുടെയും ഷാനിയുടെയും ഒക്കെ ഘോര ഘോരം പ്രസംഗങ്ങളാണ് കാതിലേക്ക് കുത്തിയിറങ്ങുക. സത്യത്തിൽ ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി. ഉറക്ക കുറവിനുള്ള മരുന്ന് കഴിച്ച് തുടങ്ങി.. പിന്നെ അത് പലതായി.. ജീവിതത്തിന്റെ ഒറ്റയാൾ പോരാട്ടം നടക്കുന്നത് അവിടെ മാത്രമാണ്.
അപ്പോൾ ഒന്നോർത്തു നോക്കുകയായിരുന്നു. പഴയ പടി ഒരു ജീവിതം.. അതിനി സാധ്യമല്ല.. പുതിയ പടി ആഗ്രഹിക്കുന്ന ജീവിതം.. അതും സംശയമാണ്..ഇതിനിടയിൽ ഏതോ ഒരിട്ടാവട്ടത്തുകൊറേ ഏറെ മരുന്നുകളുടെ കൂടെയാണ് ജീവിതം. എല്ലാവർക്കും എന്നെ കുറിച്ചറിയാൻ ഉള്ളതൊക്കെ എന്നെക്കാൾ നന്നായി പത്രക്കാരും മാധ്യമങ്ങളും പറഞ്ഞിട്ടുണ്ട്..ഇനി എന്ത് പറയാൻ എന്നായിരുന്നു ആദ്യം.
ഒരു മനുഷ്യനോട് മുഖത്ത് നോക്കി ഇപ്പോഴും സംസാരിക്കാൻ പേടിയാണ്..അവർ കണ്ടുകൊണ്ടിരുന്ന ദൃശ്യമാധ്യമങ്ങളിലോ പൊതിഞ്ഞെടുത്ത ന്യൂസ് പേപ്പർ കഷണങ്ങളിലോ എന്റെ ചിരിക്കുന്ന മുഖമുണ്ടാകുമോ എന്ന പേടി. വിദ്യയല്ലേ എന്ന് ചോദിക്കുമോ എന്ന ഭയം. വെറും വിദ്യയല്ല..കള്ളി വിദ്യയല്ലെ എന്ന് വിരല് ചൂണ്ടുമോ എന്ന ഭയം.. അത്രമാത്രം ആഘോഷിക്കപ്പെട്ട് തീർന്ന ഒരു സ്പെസ്മിൻ ആകയാൽ ഈ ഭയത്തിൽ അല്പം കഴമ്പുണ്ട് താനും..
ഈ ഭയം ശരീരത്തെ ആകമാനം വെന്തു നീറിയതുകൊണ്ടാകാം..പുറത്ത് കടക്കാൻ വലിയ ഭയപ്പാടായിരുന്നു. പക്ഷേ അതിൽ നിന്നെല്ലാം പുറത്ത് കടക്കാൻ പോകുകയാണ്. നോക്കുന്ന നോട്ടങ്ങളെ പിന്തള്ളിക്കൊണ്ട് -പരിഹാസ ചിരികളെ ഇന്ന് ഈ നിമിഷം ഞാൻ അവ കണ്ടിട്ടേ ഇല്ല എന്ന് ഉറച്ച്.
പാലക്കാട് അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ താത്കാലിക അദ്ധ്യാപിക നിയമനത്തിനായി വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. മഹാരാജാസ് കോളേജിന്റെ വ്യാജ സീലും ലെറ്റർ ഹെഡും ഉണ്ടാക്കി ഒരു കോളേജിൽ ജോലി ചെയ്യുകയും മറ്റൊരിടത്ത് ജോലി നേടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് വിദ്യക്കെതിരെ അന്വേഷണം നടന്നത്.
കാലടി സംസ്കൃത സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറിയായിരുന്ന വിദ്യ മുമ്പ് മഹാരാജാസിലും എസ്.എഫ്.ഐ നേതാവായിരുന്നു.പാലക്കാട് അട്ടപ്പാടി ആർ.ജി.എം ഗവ. കോളജിൽ ഗെസ്റ്റ് ലെക്ചറർ ഇന്റർവ്യൂവിനു വിദ്യ രണ്ട് സർട്ടിഫിക്കറ്റ് ഹാജരാക്കി. 2018 ജൂൺ നാലു മുതൽ 2019 മാർച്ച് 31വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31വരെയും മഹാരാജാസിലെ മലയാള വിഭാഗത്തിൽ പഠിപ്പിച്ചിരുന്നുവെന്നാണ് ഇതിൽ പറയുന്നത്.
ആദ്യ സർട്ടിഫിക്കറ്റിലെ കാലയളവിൽ വിദ്യ യഥാർഥത്തിൽ മഹാരാജാസിലെ പി.ജി വിദ്യാർത്ഥിയായിരുന്നു. വിദ്യ എന്നൊരാൾ മലയാള വിഭാഗത്തിൽ ഇവിടെ പഠിപ്പിച്ചിരുന്നില്ലെന്ന് പ്രിൻസിപ്പൽ സംശയിച്ചതും ഇന്റർവ്യൂ പാനലിലുള്ളവർ ലോഗോയും സീലും കണ്ടു സംശയം പ്രകടിപ്പിച്ചതും മഹാരാജാസുമായി ബന്ധപ്പെട്ട് പരിശോധിച്ചതോടെയാണ് കള്ളം പുറത്തായത്. മഹാരാജാസ് മലയാള വിഭാഗത്തിൽ 10 വർഷമായി ഗെസ്റ്റ് ലെക്ചറർമാരെ നിയമിച്ചിരുന്നില്ല. പാലക്കാട്ടും കാസർകോട് കരിന്തളത്തുമുള്ള ഗവ. കോളജുകളിലാണ് വിദ്യ ഗെസ്റ്റ് ലെക്ചററായത്..