തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറനിൽക്കുന്ന വ്യക്തിയാണ് ചിന്ത ജെറോം.പിഎച്ച്ഡി വിവാദവുമായി ബന്ധപ്പെട്ടും പിന്നാലെ ഹോട്ടലിലെ സംഭവുമൊക്കെയായി ചിന്ത വാർത്തകളിൽ നിറയുകയാണ്.ഇ സമയത്ത് ചിന്തയെക്കുറിച്ചുള്ള ഓർമ്മ പങ്കുവെച്ച് ഒരു സ്‌കുൾ ജീവനക്കാരന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.കുറച്ച് നാളുകൾക്ക് മുൻപ് എഴുതിയ കുറിപ്പ് ഇപ്പോൾ ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും വൈറലാവുകയാണ്.

കലോത്സവത്തിൽ പ്രസംഗമത്സരത്തിൽ ചിന്താ ജെറോമിനെ തോൽപിച്ച മിടുക്കിയുടെ നന്ദികേട് വിവരിച്ചാണ് സ്‌ക്കൂൾ ജീവനക്കാരൻ കുറിപ്പ് എഴുതിയത്.മുൻ മാധ്യമ പ്രവർത്തകനും എൻഎസ്എസ് സക്കൂളിലെ അനധ്യാപകനുമായ ബി സജിത്താണ് ഫേസ് ബുക്കിലൂടെ താൻ നേരിട്ട അവഗണന വിവരിച്ചത്.

'സംഘി കാരണം ചിന്ത തോറ്റ കഥ' എന്ന തലക്കെട്ടിൽ സജിത്ത് എഴുതിയ കുറിപ്പിൽ ചിന്താ ജേറോം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാൻ ഞാൻ ആണ് കാരണഭൂതൻ എന്നും അവകാശപ്പെടുന്നു.ഒന്നാം സ്ഥാനം നേടിയ കുട്ടിയേയും പ്രോത്സാഹനം നൽകിയ അദ്ധ്യാപകരേയും അഭിനന്ദിക്കാനും അഭിമാനിക്കാനും നിരവധിപേർ തയ്യാറായെങ്കിലും തന്നെ അവഗണിച്ചതിലെ ദുഃഖം തുറന്നെഴുതിയിരിക്കുകയാണ് സജിത്..

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

(സംഘി കാരണം ചിന്ത തോറ്റ കഥ )

ചിന്താ ജേറോം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാൻ ഞാൻ ആണ് കാരണഭൂതൻ . കോഴിക്കോട് സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുമ്പോൾ എന്റെ മനസ്സ് വർഷങ്ങൾക്ക് മുൻപ് ഞാൻ ജോലി ചെയ്ത ഒരു സ്‌കൂളിലേക്ക് മടങ്ങി പോകുന്നു . അന്ന് ഞാൻ ജോലി ചെയ്ത സ്‌കൂളിൽ എസ് എസ് എൽ സി പരീക്ഷയ്ക്ക് ഉയർന്ന റാങ്ക് വാങ്ങിയ ഒരു പെൺകുട്ടി ഹയർ സെക്കൻഡറിയിൽ ചേർന്നു . യു പി യിലും ഹൈസ്‌കൂളിലും ഒരു തരത്തിലും ഉള്ള മത്സരങ്ങൾക്കും ഇറങ്ങാതിരുന്ന ആ കുട്ടിയെ ഹയർ സെക്കഡറി വിഭാഗത്തിലെ മലയാളം അദ്ധ്യാപികയായ ഹേമ എം പ്രസംഗ മത്സരത്തിന് ചേരാൻ നിർബന്ധിച്ചു . തനിക്ക് പ്രസംഗിക്കാൻ അറിയില്ല എന്നും മത്സര പരിചയം ഇല്ല എന്നും പറഞ്ഞ് ഒഴിയാൻ ശ്രമിച്ച ആ വിദ്യാർത്ഥിനിക്ക് 'ഇത്ര ഉന്നത റാങ്ക് നേടി ലക്ഷകണിക്കിന് വിദ്യാർത്ഥികളെ പിന്നിലാക്കിയ ഒരാൾക്ക് തീർച്ചയായും നന്നായി പ്രസംഗിക്കാൻ കഴിയും എന്ന അദ്ധ്യാപികയുടെ വാക്കുകൾ ആത്മവിശ്വാസം പകർന്നു .

അന്ന് സ്‌കൂൾ തലത്തിലും തുടർന്ന് ജില്ലയിലും ഒന്നാം സ്ഥാനം നേടിയ ആ കുട്ടിക്ക് അന്ന് സംസ്ഥാന ഹയർ സെക്കൻഡറി യുവജനോത്സവത്തിന് കോഴിക്കോട്ട് പോകേണ്ടി വന്നപ്പോൾ കൂടെ പോകാൻ ഒരു അദ്ധ്യാപകരും .അദ്ധ്യാപികമാരും തയ്യാറായില്ല . സ്റ്റാഫ് റൂമിൽ നിരാശരായി നിന്ന ആ കുട്ടിയോട് ഞാൻ പറഞ്ഞു തന്നേ ഞാൻ കൊണ്ടു പോകാം ഞാൻ ഒരു കുഴപ്പവും കൂടാതെ തന്നെ മത്സരിപ്പിച്ച് തിരികെ കൊണ്ടു വരും . എല്ലാ റിസ്‌കും ഞാൻ ഏറ്റെടുക്കുന്നു . എന്റെ വാക്കുകൾ കേട്ട ഉടൻ ആ കുട്ടിയെ മത്സരത്തിന് ആത്മവിശ്വാസം നൽകി വേദിയിൽ എത്തിച്ച ഹേമ ടീച്ചർ തന്നെ ആ 'വിദ്യാർത്ഥിനിയെ വിളിച്ച് ഇങ്ങനെ പറഞ്ഞു സജിത്തിന്റെ കൂടെയല്ലേ ധൈര്യമായി പൊയ്ക്കോ ' ദോഷം പറയരുതേല്ലാ .സ്റ്റാഫ് റൂമിൽ ഉണ്ടായിരുന്ന മറ്റ് അദ്ധ്യാപകരും അദ്ധ്യാപികമാരും ആ കുട്ടിയോട് പറഞ്ഞു ധൈര്യമായി പൊയ്ക്കോ . അന്ന് ഹൈസ്‌കൂളും ഹയർ സെക്കൻഡറിയും ഒരുമിച്ച് ആയതിനാൽ പ്രിൻസിപ്പലിന്റെ ചാർജ് വഹിക്കുന്ന എന്റെ കരാട്ടേ മാസ്റ്ററുടെ ചിറ്റമ്മ കൂടിയായ ടീച്ചറും ആ കുട്ടിയെ എനിക്കൊപ്പം കോഴിക്കോടിന് വിടാൻ സമ്മതിച്ചു .

പ്രിൻസിപ്പലിന്റെ സമ്മതം കിട്ടിയ ഉടൻ തന്നെ അന്ന് ക്ഷേത്ര സംരക്ഷണ സമിതിയുടെ താലൂക്ക് സെക്രട്ടറി സ്ഥാനം കൂടി വഹിച്ചിരുന്ന ഞാൻ എന്തെങ്കിലും കാരണത്താൽ മത്സരങ്ങൾ വൈകിയാൽ ആ കുട്ടിയേയും അമ്മയേയും മാത്യസമിതി പ്രവർത്തകർക്കൊപ്പം കോഴിക്കോട്ടെ ക്ഷേത്ര സംരക്ഷണ സമിതിയുടെ ഓഫീസിൽ സുരക്ഷിതമായി താമസിപ്പിക്കാൻ വ്യവസ്ഥ ചെയ്തു .മത്സര ദിവസം അതിരാവിലെ ഹരിപ്പാട് നിന്നും എന്റെ വീട്ടിലേക്ക് ബസ് ഇറങ്ങിയ മത്സരാർത്ഥിയേയും അമ്മയേയും എന്നേയും എന്റെ അനിയൻ ഞങ്ങളുടെ വീട്ടിലെ ഒമിനിയിൽ മാവേലിക്കര റെയിവേ സ്റ്റേഷനിൽ എത്തിച്ചു . തുടർന്ന് പരശുരാം എക്പ്രസ്സിൽ കയറി .ഭാഗ്യത്തിന് മാവേലിക്കരയിൽ നിന്നു തന്നെ സീറ്റ് കിട്ടി . ഉടൻ തന്നെ പത്ര പ്രവർത്തനായിരുന്ന സമയത്ത് യുവജനോത്സവങ്ങളും മറ്റും റിപ്പോർട്ട് ചെയ്ത സമയത്ത് കിട്ടിയ അറിവിന്റെ ബലത്തിൽ എന്നെ കൊണ്ട് കഴിയും വിധം എങ്ങനെയാണ് ഒരു സദസ്സിനെ അഭിമുഖീകരിക്കേണ്ടത് എങ്ങനെ വേണം സദസ്സിൽ ഉള്ളവരേയും ശ്രോതാക്കളേയും അഭിസംബോധന ചെയ്ത് വിഷയത്തിലേക്ക് കടക്കാൻ . എങ്ങനെയാവണം ജഡ്ജസ്സിനെ സ്വാധീനിക്കും വിധം വിഷയം അവതരിപ്പിച്ച് തുടങ്ങാൻ . എങ്ങനെ വേണം ആ വിഷയം വിശദീകരിക്കാൻ . എങ്ങനെ വേണം സംസാരം നിർത്തേണ്ടത് എങ്ങനെ ആവണം ബോഡി ലാംഗ്വേജ് എന്നെല്ലാം പറഞ്ഞു മനസ്സിലാക്കി .

ഭാഗ്യത്തിന് എറണാകുളത്ത് എത്തിയപ്പോൾ ഞങ്ങളുടെ കമ്പാർട്ട്മെന്റിൽ എത്തിയ ഒരു പുസ്തകച്ചവടക്കാരന്റെ കൈയിൽ പ്രസംഗകല എന്നൊരു പുസ്തകം കണ്ടു . സമയം പാഴാക്കാതെ അത് വാങ്ങി ആ കുട്ടിക്ക് നൽകി . ട്രയിനിൽ തന്നെ പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും കഴിച്ച് ഞങ്ങൾ വൈകിട്ട് 5 ന് കോഴിക്കോട് ട്രയിൻ ഇറങ്ങി നോട്ടീസ് പ്രകാരം 8 മണിക്കാണ് മത്സരം . ക്ഷേത്ര സംരക്ഷണ സമിതി ഓഫീസിൽ അൽപ്പ സമയം വിശ്രമിച്ച ശേഷം ഓട്ടോയിൽ മത്സര വേദിയിൽ എത്തി . ഭാഗ്യത്തിന് ചെന്നു കയറിയപ്പോഴെ നായർ സമാജം സ്‌കൂളിലെ കോമേഴ്സ് അദ്ധ്യാപകൻ രാജീവിന്റെ ശ്രദ്ധയിൽ പെട്ടു . അദ്ദേഹം തന്നെ വേണ്ട എല്ലാ സഹായവും ചെയ്തുതന്ന് വേദിയും പറഞ്ഞുതന്ന് ഞങ്ങളെ ആലപ്പുഴ ജില്ലയുടെ കൺവീനറുടെ അടുത്ത് എത്തിച്ചു . രാത്രി 8 മണിയോടെ മത്സരം ആരംഭിച്ചു

അന്ന് മത്സരത്തിന് എത്തിയ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരം ഇന്നത്തേ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജറോം ആയിരുന്നു വിദ്യാർത്ഥി സംഘടനാ രംഗത്ത് താരമായി തിളങ്ങി നിന്ന ചിന്ത നല്ല ഒരു പ്രാസംഗിക എന്ന പേരിൽ അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു . കേരളത്തിലെ മികച്ച ഇടതു ബുദ്ധി ജീവികളായ പ്രാസംഗികരും .ബുദ്ധി ജീവികളുമാണ് പ്രസംഗകലയിൽ ചിന്തയുടെ ഗുരുനാഥന്മാർ . അന്ന് ഉണ്ടായിരുന്ന ദൃശ്യമാധങ്ങളും പ്രിന്റ് മീഡിയയും എല്ലാ ചിന്തയ്ക്കു തന്നെ ഒന്നാം സ്ഥാനം എന്ന് തീരുമാനിച്ച് അഭിമുഖങ്ങൾ മത്സരത്തിന്നുമുന്നേ എടുക്കാൽ തുടങ്ങി . അവിടെ നിന്ന ബാക്കി 13 കുട്ടികളെ അവർ കണ്ട ഭാവം നടിച്ചില്ല . മത്സരം ആരംഭിച്ചു . വിഷയം. നിങ്ങൾ സ്വാമി വിവേഗാനന്ദൻ ലോക മത സമ്മേളനത്തിൽ നടത്തിയ പോലെ ഒരു പ്രസംഗം യു എൻ നിൽ ഇന്ത്യൻ പ്രതിനിധിയായി നടത്തുക . സ്‌കൂളിലെ അദ്ധ്യാപകർ കുട്ടിക്ക് മുന്നറിയിപ്പ് നൽകിയ പോലെ മികച്ച നിലവാരമുള്ള അതി ശക്തമായ മത്സരം .പ്രസംഗ കലയിൽ കേരളത്തിലെ ഏറ്റവും മികച്ച 14 കൗമാര പ്രതിഭകൾ ഏറ്റുമുട്ടുന്നു .

മത്സരം കഴിഞ്ഞു . മാധ്യമ പ്രവർത്തകരും ബുദ്ധി ജീവികളും ചിന്തിച്ചുറപ്പിച്ചിരുന്നതു പോലെ ചിന്തയ്ക്കായിരുന്നില്ല ഒന്നാം സ്ഥാനം . എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട് റിസൽറ്റ് വന്നു ഒന്നാം സ്ഥാനം എന്റെ സ്‌കൂളിലെ കുട്ടിക്ക് . ചിന്താ ജറോം രണ്ടാം സ്ഥാനം . 1983 ക്രിക്കറ്റ് ലോകപ്പിൽ ലോഡ്സിൽ ആരും സാധ്യത കൽപ്പിക്കാതിരുന്ന കപിലിന്റെ ചെകുത്താന്മാർ ക്രിക്കറ്റ് പണ്ഡിതന്മാർ എല്ലാം കിരീടം നിലനിർത്തും എന്നു പ്രവചിച്ച കരീബിയൻ കരുത്തിന്റെ പ്രതീകമായ ക്രിക്കറ്റിലെ മഹാരഥന്മാർ അടങ്ങിയ വിൻഡീസിനെ അട്ടിമറിച്ച പോലെ (മത്സര ഫലത്തിൽ എനിക്ക് വലിയ അതിശയം ഒന്നും തോനിയില്ല . കാരണം സ്‌കൂളിലെ മത്സരത്തിൽ ആ കുട്ടിയുടെ പ്രകടനം കണ്ട ഒരു മുൻ ജന്മഭൂമി സബ് എഡിറ്റർ എന്ന നിലയിൽ സംസ്ഥാന തലത്തിൽ ആദ്യ 3 സ്ഥാനത്തൊന്നിൽ എത്താൻ ആ മത്സരാർത്ഥി പ്രാപ്തയാണെന്ന് വിവിധ മത്സരങ്ങൾ റിപ്പോർട്ട് ചെയ്ത അനുഭവത്തിൽ നിന്ന് മനസ്സിലായിരുന്നു .അതു കൊണ്ടാണ് എന്തു റിസ്‌ക് എടുത്തും ആ കുട്ടിക്ക് എസ്‌കോർട്ട് പോകാം എന്ന് പറഞ്ഞത് ) .

അപ്പോഴേക്കും രാത്രി 9 കഴിഞ്ഞു വേഗം സർട്ടിഫിക്കറ്റ് കിട്ടിയാൽ 9 30 ഉള്ള തിരുവനന്തപുരം ഫാസ്റ്റിന് തിരികെ പോകാം . അപ്പോഴും നായർ സമാജംകാർ തന്നെ സഹായത്തിനെത്തി . അവർ ഒന്നാം സ്ഥാനത്തിന്റെ സർട്ടിഫിക്കറ്റ് വാങ്ങി തന്നു . വേഗം പത്രക്കാരെ കൊണ്ട് ഫോട്ടോയും അഭിമുഖവും എടുപ്പിച്ച ശേഷം ഓട്ടോ പിടിച്ച് ബസ്സ് സ്റ്റോപ്പിൽ എത്തി മൊബയിൽ ഇല്ലാത്ത ആ കാലത്ത് ബസ്സ് സ്റ്റോപ്പിലെ ഒരു ബൂത്തിൽ നിന്നും പ്രിൻസിപ്പൽ അടക്കം എല്ലാവരേയും വിളിച്ച് സ്‌കൂളിന് ഒന്നാം സ്ഥാനം നേടിയ വിവരം പറഞ്ഞു . ഭാഗ്യത്തിന് ഉടൻ തന്നെ തിരുവനന്തപുരം ബസ്സ് കിട്ടി . എല്ലാവർക്കും ഉറപ്പ് നൽകിയതു പോലെ രാവിലെ 5 മണിക്കു മുൻപ് അമ്മയേയും മകളേയും ഹരിപ്പാട് സ്റ്റാൻഡിൽ എത്തിച്ച് സുരക്ഷിതമായി ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് വിട്ടു . ഇനിയാണ് കഥയുടെ യധാർത്ഥ ക്ലൈമാക്സ് എതാനും ദിവസം കഴിഞ്ഞ് സ്‌കൂളിൽ ഒരു ഗംഭീര പരിപാടി നടക്കുന്നു മാനേജർ ആണ് പ്രധാന അതിഥി . പി റ്റി ഐ പ്രസിഡന്റ് . പ്രൻസിപ്പൽ . പഞ്ചായത് അംഗങ്ങൾ ഹയർ സെക്കണ്ടറി അദ്ധ്യാപകർ എന്നിവർ അടക്കം അനേകം വിഐപികൾ വേദിയിൽ . എല്ലാവരും ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിനിയെയും അതിനു വേണ്ട പ്രോത്സാഹനം നൽകിയ അദ്ധ്യാപകരേയും (എസ്‌ക്കോർട്ട് പോകാൻ തയ്യാറാവാത്തവരേയും . പോവണ്ട എന്ന് ഉപദേശിച്ചവരേയും ) പ്രശംസ കൊണ്ട് മൂടി പ്രിൻസിപ്പലോ മറ്റ് അദ്ധ്യാപകരോ മറ്റ് പ്രാസംഗികരോ ഒന്നാം സ്ഥാനക്കാരിക്ക് എസ്‌കോർട്ട് പോയ ഒരു മരമണ്ടനായ ഒരു മുൻ പത്ര പ്രവർത്തകൻ ഓഡിയൻസിനിടയിൽ ഒരു മൂലയിൽ ഇരിക്കുന്നത് അറിഞ്ഞ ഭാവം പോലും നടിച്ചില്ല . സത്യങ്ങൾ അറിയാത്ത മാനേജരും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തുന്ന രീതിയിൽ ഒരു കുട്ടിക്ക് വേണ്ട പ്രോത്സാഹനവും പിൻന്തുണയും നൽകിയ അദ്ധ്യാപകരേ മുക്തകണ്ഠം പ്രശംസിച്ചു .

പിന്നീട് സംസാരിച്ച ഒന്നാം സ്ഥാനക്കാരി ആ സ്‌കൂളിലെ മുഴുവൻ ഹയർ സെക്കൻഡറി അദ്ധ്യാപകരുടേയും പേര് പറഞ്ഞ് തനിക്ക് മത്സരത്തിന് അവർ നൽകിയ പ്രോത്സാഹനങ്ങൾ ഓരോന്നായി എണ്ണി എണ്ണി പറഞ്ഞ് എല്ലാ അദ്ധ്യാപകർക്കും നന്ദി പറഞ്ഞ് ഇറങ്ങിയപ്പോൾ തലയ്ക്ക് അടി കിട്ടിയ പോലെ മിഴിച്ചു നിന്ന എന്നേ നോക്കി ഹയർ സെക്കൻഡറിയിലെ കുട്ടികൾ പരിഹാസത്തോടെ ചിരിച്ചു .അവർ എന്നോട് ചോദിച്ചു ആ കൊച്ചിന് അണ്ണനെ അറിയുമോ ? ചില വിരുതൻ മാർ അടുത്തു വന്നു പെതുക്കെ പറഞ്ഞു സാരമില്ല സഹിച്ചോ . പ്രശംസ കിട്ടയ എല്ലാ അദ്ധ്യാപകരും എന്നേ നോക്കി വിജയ ഭാവത്തിൽ പുഞ്ചിരിച്ചു കൊണ്ട് എന്റെ മുന്നിലൂടെ കടന്നു പോയി . ഏറെ അടുപ്പം ഉണ്ടായിരുന്ന ഹൈസ്‌കൂളിലെ ചില അദ്ധ്യാപകർ ചോദിച്ചു 'ഇപ്പോൾ എങ്ങനെ ഉണ്ട് സജിത്തേ ?' അപ്പോഴാണ് ഞാൻ ഒരു സത്യം മനസ്സിലാക്കിയത് ഞാൻ ആ സ്‌കൂളിലെ വെറും നോൺ ടീച്ചിങ് സ്റ്റാഫും ഹയർ സെക്കണ്ടറിയിലെ ഏറ്റവും താഴ്ന്ന ജീവനക്കാരനുമായ ആയ ലാബ് അസിസ്റ്റന്റ് മാത്രമാണ് എന്ന്