തിരുവനന്തപുരം: സിനിമയ്‌ക്കൊപ്പം തന്നെ സിനിമാ പ്രചരണവും വേറിട്ടതാകുന്നതാണ് സമീപകാല കാഴ്‌ച്ചകൾ. ഒടിടിയിലേക്ക് സിനിമകൾ ഡയറക്ടായി എത്തുമ്പോൾ പോലും പ്രചരണ തന്ത്രങ്ങളിൽ കുറവ് വരുത്താൻ ഇന്നത്തെ ഭൂരിഭാഗം അണിയറ പ്രവർത്തകരും ഒരുക്കമല്ല.

ഇക്കുട്ടത്തിലേക്കുള്ള പുതിയ കാഴ്‌ച്ചയാണ് 'വെള്ളരി പട്ടണം' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തിറക്കിയ പുതുമയാർന്ന കത്ത്. നിമിഷ നേരം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.ബൈക്ക് ഓടിക്കാൻ ലൈസൻസ് നേടിയ മഞ്ജു വാര്യർക്കുള്ള 'വെള്ളരി പട്ടണ'ത്തിലെ നായിക കെ.പി.സുനന്ദയുടെ അഭിനന്ദനക്കത്താണിത്.

താൻ സ്‌കൂട്ടർ പഠിക്കാൻ ഒരുപാട് കഷ്ടപ്പെട്ടുവെന്നും ധൈര്യമുള്ളതിനാൽ മഞ്ജുവിന് ഇതൊക്കെ നിസ്സാരമായിരിക്കുമെന്നും ചക്കരക്കുടം പഞ്ചായത്ത് അഞ്ചാംവാർഡ് മെമ്പറായ സുനന്ദ കത്തിൽ പറയുന്നു. സ്‌കൂട്ടർ ഓടിക്കാൻ പഠിപ്പിച്ചതിന് സ്ഥിരമായി കാശുമേടിക്കുന്ന തന്റെ 'സഹോദരനാശാൻ' കെ.പി.സുരേഷിന് ഒരു 'കുത്തും' സുനന്ദയുടെ കത്തിലുണ്ട്.

തിങ്കളാഴ്ചയാണ് മഞ്ജു വാര്യർ ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയത്. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്.മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന. കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കൽ സറ്റയറാണ് ചിത്രം.

സുനന്ദയുടെ കത്ത് ഇങ്ങനെ..

എത്രയും പ്രിയപ്പെട്ട മഞ്ജുവാര്യർ,

ബൈക്കോടിക്കുവാനുള്ള ലൈസൻസ് എടുത്തെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. അഭിനന്ദനങ്ങൾ! ഹോ..ഞാനൊക്കെ ഒരു ലൈസൻസ് എടുക്കാൻ പെട്ട പാട് എനിക്കറിയാം. പിന്നെ എന്റെ ആശാൻ കെ.പി.സുരേഷ് ആയിരുന്നല്ലോ. അതിന്റെ പേരിലുള്ള കണക്ക് ഇപ്പോഴും തീർന്നിട്ടില്ല. (ഇന്നലെയും 500 രൂപ മേടിച്ചോണ്ട് പോയി.)

മഞ്ജുവിന് പഠനവും ലൈസൻസ് എടുക്കലും ധൈര്യമുള്ളതുകൊണ്ട് ഈസി ആയിരുന്നു എന്നറിയാം. ഞാനിപ്പോഴും ആ പഴയസ്‌കൂട്ടറിൽ പാൽപാത്രവും വച്ചുകെട്ടി ഇവിടൊക്കെ കറങ്ങി നടക്കുന്നുണ്ട്. പുതിയ ബി.എം.ഡബ്ല്യു ബൈക്ക് മേടിക്കുമ്പോൾ നമ്മുടെ പഞ്ചായത്ത് വഴി വരണേ. ഇവിടെ ഹരിതകർമസേനക്കാരും തൊഴിലുറപ്പ് ചേച്ചിമാരും സെൽഫി എടുക്കാൻ കാത്തിരിക്കുയാണ്. എന്റെ കഥ തിയറ്ററിൽ വരുമ്പോൾ കാണാൻ മറക്കരുതേ. ചിരിവരും. ഉറപ്പ്. അയൽക്കൂട്ടത്തിന്റെ ഒരു മീറ്റിങ് ഉണ്ട്. തത്കാലം നിർത്തുന്നു.
ജയ്ഹിന്ദ്.
സ്‌നേഹത്തോടെ, കെ.പി.സുനന്ദ