തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിൽ ഇന്ത്യ മിന്നും ജയം നേടിയതിന്റെ ആഹ്ലാദത്തിലായിരുന്നു ആരാധകർ. രാത്രി ഏറെ വൈകി ഇന്ത്യൻ ടീം മടങ്ങുമ്പോഴും ആരാധകർ സ്‌റ്റേഡിയത്തിന് സമീപം ഉണ്ടായിരുന്നു. ആരാധകരുടെ ആവേശം ആവോളം നുകർന്നാണ് ഇന്ത്യൻ സംഘം കാര്യവട്ടത്തുനിന്നും മടങ്ങിയത്.

ഇന്ത്യൻ ടീം അംഗങ്ങളെ യാത്രയാക്കുന്ന ആരാധകരുടെ ദൃശ്യങ്ങൾ ഭാര്യ അനുഷ്‌ക ശർമയെ വിഡിയോ കോൾ ചെയ്ത് ഇന്ത്യൻ താരം വിരാട് കോലി കാണിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

എട്ട് വിക്കറ്റ് വിജയത്തിനു ശേഷം ഇന്ത്യൻ ടീം സ്റ്റേഡിയത്തിൽനിന്നു ഹോട്ടലിലേക്കു പോകാൻ ബസിൽ കയറിയപ്പോഴാണ് കോലി അനുഷ്‌ക ശർമയെ ഫോണിൽ വിളിച്ചത്. വിജയത്തിന്റെ ആഹ്ലാദത്തിൽ ഇന്ത്യൻ ടീമിന്റെ ബസിനു ചുറ്റും കൂടിയ ആരാധകരെ കോലി അനുഷ്‌കയ്ക്കു കാണിച്ചുകൊടുക്കുന്നുണ്ടായിരുന്നു.

കോലി ഫോണിന്റെ സെൽഫി ക്യാമറ ആരാധകർക്കു നേരെ തിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കോലിയുടെ പ്രതികരണം കണ്ടതോടെ ആരാധകർ കൂടുതൽ ആവേശത്തിലായി. എട്ട് വിക്കറ്റിനാണ് കാര്യവട്ടം ട്വന്റി20യിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. കാര്യവട്ടത്ത് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 20 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ വിജയമുറപ്പിച്ചു. ഓപ്പണർ കെ.എൽ. രാഹുലും സൂര്യകുമാർ യാദവും ഇന്ത്യയ്ക്കായി അർധ സെഞ്ചറി നേടി. ഒക്ടോബർ രണ്ടിനു ഗുവാഹത്തിയിലാണു പരമ്പരയിലെ രണ്ടാം മത്സരം. ഒക്ടോബർ നാലിന് ഇൻഡോറിൽ മൂന്നാം മത്സരവും നടക്കും. അതിനു ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയും ഇന്ത്യ കളിക്കും.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനായി കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും സുരക്ഷാവേലികളെല്ലാം മറികടന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ കാലിൽ തൊടാൻ ആരാധകന് സാധിച്ചിരുന്നു.

മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സ് പൂർത്തിയായശേഷം ഇന്ത്യൻ താരങ്ങൾ ഡ്രസ്സിം റൂമിലേക്ക് മടങ്ങവെയാണ് ആരാധകരിൽ ഒരാൾ ഗ്രൗണ്ടിലെ സുരക്ഷാ മതിലുകളെല്ലാം കടന്ന് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്. ഡ്രസ്സിങ് റൂമിന് നേർക്ക് നടന്നുവരികയായിരുന്ന രോഹിത് ശർമയുടെ സമീപമെത്തിയ ആരാധകൻ അദ്ദേഹത്തിന്റെ കാലിൽ തൊട്ടു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആരാധകനെ പിന്നീട് ഗ്രൗണ്ടിനുള്ളിലേക്ക് കൊണ്ടുപോയി. എന്നാൽ ഇയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

മൂന്ന് വർഷത്തിനുശേഷം തിരുവവന്തപുരത്ത് വീണ്ടുമൊരു രാജ്യാന്തര ക്രിക്കറ്റ് മത്സരം എത്തിയപ്പോൾ വലിയ ആവേശത്തിലായിരുന്നു ആരാധകർ. കാര്യവട്ടം ഗ്രീൻ ഫീൽഡ്‌സ്റ്റേഡിയത്തിന് പുറത്തു തന്നെ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെയും മുൻ നായകൻ വിരാട് കോലിയുടെയും മലയാളി താരം സഞ്ജു സാംസണിന്റെയും കൂറ്റൻ കട്ട് ഔട്ടുകളായിരുന്നു കളിക്കാരെ വരവേറ്റത്.

വൈകിട്ട് ഏഴിന് ആരംഭിച്ച മത്സരം കാണാൻ ഉച്ചക്ക് മുതലെ സ്റ്റേഡിയത്തിലേക്ക് കാണികളുടെ ഒഴുക്കായിരുന്നു. വൈകിട്ട് നാലരയോടെയാണ് കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചത്. അഞ്ചരയോടെയാണ് ദക്ഷിണാഫ്രിക്കൻ ടീം സ്റ്റേഡിയത്തിലെത്തിയത്. ആറ് മണിയോടെ ഇന്ത്യൻ ടീമും സ്റ്റേഡിയത്തിലെത്തി. ഇരു ടീമുകളും അര മണിക്കൂർ നേരം ഗ്രൗണ്ടിൽ പരിശീലനം നടത്തിയിരുന്നു.