ന്യൂഡൽഹി: രണ്ട് മണിക്കൂറോളം നീണ്ട നിശ്ചലാവസ്ഥക്ക് ശേഷം ലോകത്തെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിന്റെ പ്രവർത്തനം പുനഃസ്ഥാപിച്ചു. ഉപയോക്താക്കൾക്ക് നിലവിൽ സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നുണ്ട്. അതേസമയം നിശ്ചലമായിരുന്ന സമയത്ത് അയച്ച സന്ദേശങ്ങൾ വീണ്ടെടുക്കാൻ സാധിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടാതെ ആപ്ലിക്കേഷന്റെ പ്രവർത്തനം പൂർണതോതിൽ പുനഃസ്ഥാപിച്ചിട്ടില്ലയെന്നാണ് ഉപയോക്താക്കൾ അറിയിക്കുന്നത്. ചില പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേ സമയം വാട്‌സ്ആപ്പ് നിശ്ചലമായതോടെ പരിഹസിച്ചുകൊണ്ട് ട്വിറ്ററിൽ നിരവധി ട്രോളുകൾ ഇറങ്ങി. വാട്‌സ്ആപ്പിന് എന്ത് സംഭവിച്ചതാണെന്നറിയാൻ ട്വിറ്ററിലെത്തിയവർ കണ്ടത് വാട്‌സ്ആപ്പിനെ കളിയാക്കിക്കൊണ്ടുള്ള ട്വീറ്റുകളായിരുന്നു.

ഇന്ത്യൻ സമയം 12.30ഓടെയാണ് വാട്‌സ്ആപ്പ് നിശ്ചലമായത്. രണ്ട് മണിക്കൂറിലേറെ സമയം ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ സാധിച്ചിരുന്നില്ല. ലോകവ്യാപകമായി പ്രശ്‌നം റിപ്പോർട്ട് ചെയ്തിരുന്നു. പ്രശ്‌നം പരിഹരിച്ചെങ്കിലും ഇതിന്റെ കാരണം സംബന്ധിച്ച് വാട്‌സാപ്പ് പ്രതികരിച്ചിട്ടില്ല.

നിരവധി ഉപയോക്താക്കൾ വാട്‌സ്ആപ്പിൽ സന്ദേശമയക്കുന്നതിൽ തടസം നേരിട്ടതായി അറിയിച്ചെന്നും എത്രയും വേഗം പ്രശ്‌നം പരിഹരിക്കുവാൻ ശ്രമിക്കുകയാണെന്നുമാണ് മെറ്റ വക്താവ് അറിയിച്ചത്.

പ്രതിമാസം 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്ഫോമാണ് വാട്‌സ്ആപ്പ്. ഫേസ്‌ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയാണ് വാട്‌സ്ആപ്പിന്റെയും ഉടമസ്ഥർ. ഫേസ്‌ബുക്കിനും യൂട്യൂബിനും ശേഷം മൂന്നാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമാണ്.

ഇന്ത്യയിലടക്കം ലോകത്തെമ്പാടും വാട്‌സ്ആപ്പിന് പ്രശ്‌നം നേരിട്ടുവെന്നാണ് വിവരം. വ്യക്തിപരമായ ചാറ്റുകളിലും ഗ്രൂപ്പുകളിലും ബിസിനസ് ആപ്പിലും പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യക്ക് പുറമെ ഇറ്റലി, തർക്കി എന്നീ രാജ്യങ്ങളിലെയും വാട്‌സ്ആപ്പ് സേവനത്തെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പേർട്ട്. യുകെയിലും വാട്‌സ്ആപ്പിന്റെ പ്രവർത്തനത്തെ ബാധിച്ചുയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. അഗോളതലത്തിൽ 2 ബില്യണിൽ അധികം ഉപയോക്തക്കളാണ് വാട്‌സ്ആപ്പ് മെസ്സഞ്ചറിനും പേയ്‌മെന്റിനുമായി മെറ്റയ്ക്കുള്ളത്.

വാട്‌സ്ആപ്പ് പ്രവർത്തനം രഹിതമായതോടെ സോഷ്യൽ മീഡിയയിൽ ആകെ ട്രോളുകളുടെ പൂരമായിരുന്നു.

ട്വിറ്ററിലെ ട്രോളുകൾ കാണാം...