ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭിക്കുന്നതിനായി ഓരോ ദിവസവും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുവരികയാണ് വാട്സാപ്പ്. ഉപഭോക്താക്കൾക്ക് വാട്സാപ്പ് ചാറ്റുകളിലെ സന്ദേശങ്ങൾ തീയതി അടിസ്ഥാനത്തിൽ തെരയാൻ സാധിക്കുന്ന തരത്തിലുള്ള ഫിച്ചർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്.

ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ സൗകര്യം താമസിയാതെ അവതരിപ്പിച്ചേക്കുമെന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ വാട്സാപ്പിന്റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്ഡേറ്റിലാണ്.

ചാറ്റിൽ ഒരു സന്ദേശം സെർച്ച് ചെയ്യാൻ ശ്രമിക്കുമ്പോൾ വരുന്ന കീബോർഡിന് മുകളിലായി ഒരു കലണ്ടർ ബട്ടൻ നൽകിയിട്ടുണ്ടാവും. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ തീയതി തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കാണാം. തീയതി തെരഞ്ഞെടുത്താൽ പ്രസ്തുത തീയതിയിൽ വന്ന സന്ദേശങ്ങൾ കാണാം.

രണ്ട് വർഷം മുമ്പ് തന്നെ ഈ ഫീച്ചറിനുള്ള ശ്രമം വാട്സാപ്പ് നടത്തിയിരുന്നുവെന്നും പിന്നീട് അത് ഒഴിവാക്കുകയായിരുന്നുവെന്നും വാബീറ്റ ഇൻഫോ പറയുന്നു. ഉടൻ തന്നെ ഈ ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്.