ബെംഗളൂരു: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഷർട്ട് ഊരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്ന തിക്താനുഭവം പങ്കുവച്ച് യുവഗായിക കൃഷാനി ഗാദ്വി. സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ അരങ്ങേറിയ സംഭവം വിദ്യാർത്ഥിനിയും സംഗീതജ്ഞയുമായ കൃഷാനി ഗാദ്വി തുറന്നുപറഞ്ഞത്.

'സുരക്ഷാ പരിശോധനയ്ക്കിടെ ബംഗളൂരു വിമാനത്താവളത്തിൽ വച്ച് ഞാൻ ധരിച്ചിരുന്ന ഷർട്ട് ഊരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഉൾവസ്ത്രം ധരിച്ചുകൊണ്ട് സെക്യൂരിറ്റി ചെക്ക്‌പോയ്ന്റിൽ മറ്റുള്ളവരുടെ മുന്നിൽ നിൽക്കുക എന്നത് ശരിക്കും അപമാനകരമായിരുന്നു. ഒരു സ്ത്രീ ഒരിക്കലും ഇത്തരത്തിൽ ഒരു അവസ്ഥയിൽ നിൽക്കാൽ ആഗ്രഹിക്കില്ല.'- എന്നാണ് കൃഷാനി ട്വിറ്ററിൽ കുറിച്ചത്. നിങ്ങളെന്തിനാണ് സ്ത്രീകളോട് വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെടുന്നതെന്നും ബംഗളൂരു വിമാനത്താവളത്തെ ടാഗ് ചെയ്തുകൊണ്ട് കൃഷാനി ചോദിച്ചു.



യാത്രയുടെയോ വിമാനത്തിന്റെയോ വിശദാംശങ്ങളൊന്നും കൃഷാനി പങ്കുവച്ചിട്ടില്ല. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള അധികൃതർ രംഗത്തെത്തി. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കൃഷാനിയുടെ ട്വീറ്റിന് മറുപടിയായി വിമാനത്താവള അധികൃതർ ട്വീറ്റ് ചെയ്തു. ഓപറേഷൻ ടീമിനെയും സർക്കാരിന്റെ അധീനതയിലുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെയും കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അവർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു. എന്തുകൊണ്ടാണ് യുവതി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനോ വിമാനത്താവള പൊലീസിലോ പരാതി നൽകാത്തതെന്നാണെന്നും സുരക്ഷാ ഏജൻസികൾ ചോദിച്ചു.