ജയ്പൂർ: ഐപിഎൽ പതിനാറാം സീസൺ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ആരാധകരെ ത്രില്ലടിപ്പിക്കുന്ന തഗ് വീഡിയോയുമായി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണും സ്പിന്നർ യുസ്വേന്ദ്ര ചഹലും. മാമുക്കോയയുടെ വിഖ്യാതമായ സിനിമാ സംഭാഷണത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ വീഡിയോയുമായാണ് രാജസ്ഥാൻ താരങ്ങൾ രംഗത്ത് വന്നിരിക്കുന്നത്. 'കീലോരി ചഹൽ ടൗണിൽ' എന്ന തലക്കെട്ടോടെയാണ് സഞ്ജു സാംസൺ റീൽസ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

'എന്നോട് കളിക്കാൻ ധൈര്യമുണ്ടേൽ വാടാ... എടാ ഞങ്ങളോട് രണ്ടാളോട് കളിക്കാൻ ആരുണ്ടടാ' എന്ന സിനിമാ സംഭാഷണവുമായാണ് വീഡിയോയിൽ സഞ്ജുവും ചാഹലും പ്രത്യക്ഷപ്പെടുന്നത്. റീൽസ് പങ്കുവെച്ച് നിമിഷങ്ങൾക്കകം സംഭവം ആരാധകർ ഏറ്റെടുത്ത് വൈറലായി. വീഡിയോ കണ്ട് ചഹലിനെ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകർ.

 
 
 
View this post on Instagram

A post shared by Sanju V Samson (@imsanjusamson)

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നിർണായക താരങ്ങളാണ് സഞ്ജു സാംസണും യുസ്വേന്ദ്ര ചഹലും. കഴിഞ്ഞ തവണ ടീമിനെ ഫൈനലിലെത്തിച്ച ക്യാപ്റ്റനായ സഞ്ജു 17 മത്സരങ്ങളിൽ 458 റൺസ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തവണത്തെ പർപ്പിൾ ക്യാപ് വിന്നറാണ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ. ഐപിഎൽ 2022 സീസണിൽ 27 വിക്കറ്റാണ് ചാഹൽ വീഴ്‌ത്തിയത്. ഈ വർഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ഇരുവർക്കും ഐപിഎൽ 16-ാം സീസണിലെ പ്രകടനം നിർണായകമാണ്.

എവേ മത്സരത്തോടെയാണ് രാജസ്ഥാൻ റോയൽസിന്റെ മത്സരങ്ങൾ ആരംഭിക്കുന്നത്. ഏപ്രിൽ രണ്ടിന് സൺറൈസേഴ്സ് ഹൈദരാബാദാണ് എതിരാളികൾ. ഏപ്രിൽ 5ന് പഞ്ചാബ് കിങ്സിനെയും(ഹോം) 8ന് ഡൽഹി ക്യാപിറ്റൽസിനെയും(ഹോം) 12ന് ചെന്നൈ സൂപ്പർ കിങ്സിനെയും(എവേ) 16ന് ഗുജറാത്ത് ടൈറ്റൻസിനെയും(എവേ) 19ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെയും(ഹോം) 23ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും(എവേ) 27ന് ചെന്നൈ സൂപ്പർ കിങ്സിനെയും(ഹോം), 30ന് മുംബൈ ഇന്ത്യൻസിനെയും(എവേ), മെയ് 5ന് ഗുജറാത്ത് ടൈറ്റൻസിനെയും(ഹോം), 7ന് സൺറൈസേഴ്സ് ഹൈദരാബാദിനെയും(ഹോം), 11ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും(എവേ), 14ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും(ഹോം) 19ന് പഞ്ചാബ് കിങ്സിനേയും(എവേ) സഞ്ജു സാംസണും കൂട്ടരും ഗ്രൂപ്പ് ഘട്ടത്തിൽ നേരിടും.

രാജസ്ഥാൻ റോയൽസ് സ്‌ക്വാഡ്

സഞ്ജു സാംസൺ(ക്യാപ്റ്റൻ), യശ്വസി ജയ്സ്വാൾ, അബ്ദുൽ ബാസിത്, മുരുകൻ അശ്വിൻ, രവിചന്ദ്ര അശ്വിൻ, കെ എം ആസിഫ്, ട്രെൻഡ് ബോൾട്ട്, ജോസ് ബട്ലർ, കെ സി കാരിയപ്പ, യുസ്വേന്ദ്ര ചഹൽ, ഡൊണോവൻ ഫെരൈര, ഷിമ്രോൻ ഹെറ്റ്മെയർ, ധ്രുവ് ജൂരൽ, ഒബെഡ് മക്കോയ്, ദേവ്ദത്ത് പടിക്കൽ, റിയാൻ പരാഗ്, കുണാൽ സിങ് റാത്തോഡ്, ജോ റൂട്ട്, നവ്ദീപ് സെയ്നി, കുൽദീപ് സെൻ, ആകാശ് വസിഷ്ട്, കുൽദീപ് യാദവ്, ആദം സാംപ.