ലോകമെമ്പാടുമുള്ള ആപ്പിൾ ആരാധകർ കാത്തിരുന്ന ആ ദിവസം ആഗതമായിരിക്കുകയാണ്. ഇന്ന്, സെപ്റ്റംബർ 12 ന് നടക്കുന്ന ഈവന്റിൽ ഐഫോണിന്റെ പുതിയ റേഞ്ചുകൾ പുറത്തിറങ്ങും. കാലിഫോർണിയയിലെ സ്റ്റേജിൽ ആപ്പിൾ സി ഇ ഒ ടിം കുക്ക് എത്തുമ്പോൾ നാല് പുതിയ ഐഫോൺ മോഡലുകളാണ് ലോകം പ്രതീക്ഷിക്കുന്നത്.

ഐഫോൺ 15, വലിയ ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, പിന്നെ ഐഫോൺ 15 പ്രോ മാക്സ് എന്നീ മോഡലുകൾക്കായി ലോകം കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി. ആപ്പിൾ സ്റ്റോറുകളിലെ ഷെൽഫുകളിൽ ഐഫോൺ 14, ഐഫോൺ 14 പ്ലസ്സ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയ്ക്ക് പകരം ഇനി ഇവയായിരിക്കും ലഭ്യമാവുക. ഇവയ്ക്കൊപ്പം ആപ്പിൾ വാച്ചുകളുടെ സീരീസ് 9 എന്ന് വിളിക്കുന്ന ഒരു പുതിയ നിരയും ഇന്ന് പുറത്തിറക്കുമെന്നറിയുന്നു.

ഐഫോൺ 15 ന്റെ എൻട്രിലെവൽ ഹാൻഡ്സെറ്റിന്റെ വില ഏകദേശം 93000ത്തോളം രൂപ വരുമെന്നറിയുന്നു. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഐഫോൺ 14 ന്റെ വിലയേക്കാൾ അയ്യായിരം രൂപ കൂടുതലാണിത്. ഐഫോൺ 14 ന്റെ വില 88000 രൂപ ആയിരുന്നു. ഏതായാലും ഇതിന്റെ യഥാർത്ഥ വില അറിയുവാൻ ഈവന്റ് വരെ കാത്തിരിക്കേണ്ടി വരും. പുതിയ ഫീച്ചറുകൾക്കൊപ്പം വിലയും ഈവന്റിൽ പ്രഖ്യാപിക്കും.

ആപ്പിൾ സ്റ്റോർ ഓൺലൈനിൽ പ്രീ ഓർഡർ ലഭ്യമായതുകൊണ്ട് ജോൺ ലൂയിസ്, ആമസോൺ, ആർഗോസ്, കറീസ് എന്നിവിടങ്ങളിൽ ആദ്യ ഒരാഴ്‌ച്ച ഒരു ഹാൻഡ് സെറ്റ് റിസർവ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. യു കെ മൊബൈൽ നെറ്റ്‌വർക്കുകളായ സ്‌കൈ മൊബൈൽ, വെർജിൻ, ഓ2, ഇ ഇ , വൊഡഫോൺഎന്നിവർ കൂടുതൽ ചെലവു കുറഞ്ഞ ഡാറ്റാഡീലുകളോ, വിലക്കുറവോ ഒക്കെ ഓഫർ ചെയ്യുവാനും സാധ്യതയുണ്ട്.