- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളരെ പ്രതീക്ഷയോടെ കാത്തിരുന്ന് വാങ്ങിയ പുതിയ ഐഫോൺ 15 നെ കുറിച്ച് നിരവധി പരാതികളുമായി ഉപഭോക്താക്കൾ; ഒന്നര ലക്ഷം രൂപ വിലയുള്ള ഫോണിന്റെ ഡിസ്പ്ലേയിൽ കളർ വ്യത്യാസവും ഏറ്റവും പുതിയതായി സ്ക്രീൻ ബേൺ എന്ന പരാതിയും
ആപ്പിൾ തങ്ങളുടെ ഐഫോൺ 15 പുറത്തിറക്കിയതിന് ശേഷം ഓരോ ആഴ്ചയിലും പുതിയ പുതിയ പരാതികൾ ഉയർന്ന് വരുന്നതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. വളരെ ഗുരുതരമായ സ്ക്രീൻ ബേൺ പ്രശ്നങ്ങളാണ് പല ഉപഭോക്താക്കളും അഭിമുഖീകരിക്കുന്നത്. ഇതുമൂലം ഡിസ്പ്ലേയിൽ പ്രത്യക്ഷപ്പെടുന്നത് അവ്യക്തമായ ചിത്രങ്ങളാണ്. വളരെ സാധാരണമായി ഉപയോഗിക്കുന്ന കീബോർഡ് പോലുള്ള എലമെന്റുകൾ പോലും സ്ക്രീനിലെക്ക് ബേൺഡ് ആകുന്നതിന്റെ ചിത്രങ്ങൾ സഹിതമാണ് പലരും സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിപ്പിക്കുന്നത്.
അമിതമോപയോഗത്താൽ സ്ക്രീനിന്റെ ചില ഭാഗങ്ങൾ സ്ഥിരമായി ഡിസ്കളർ ആകുക, ഐ ഫോണിൽ ഉപയോഗിക്കുന്നത് പോലുള്ള ഒ എൽ ഇ ഡി സ്ക്രീനുകളിൽ സാധാരണമാണ്. എന്നാൽ, ഇത്രയും ഗുരുതരമാകാറില്ല അത്. ഇതുവരെ ഉപഭോക്താക്കളിൽ നിന്നും ലഭിച്ച റിപ്പോർട്ടുകൾ അനുസരിച്ച്, ഏറ്റവും വില കൂടിയ ഐഫോൺ 15 പ്രോ മാക്സിൽ മാത്രമാണ് ഈ പരാതികൾ ഉള്ളത്. എന്നാൽ, ഇത് എത്രത്തോളം വ്യാപകമാണെന്നത് ഇപ്പോൾ വ്യക്തമല്ല.
മാത്രമല്ല, ഇത്രയും ഗുരുതരമായ ഡിസ്കളറേഷൻ (നിറം മങ്ങൽ) ഉണ്ടാവുന്നത് സാധാരണയായി ഫോണുകൾ നൂറുകണക്കിന് മണിക്കൂറുകൾ പ്രവർത്തിപ്പിച്ചു കഴിയുമ്പോഴാണ്. എന്നാൽ, ഐഫോൺ 15 സെപ്റ്റംബറിൽ മാത്രമാണ് പുറത്തിറങ്ങിയത് എന്നത് പരിഗണിക്കുമ്പോഴാണ് ഈ പരാതിയുടെ ഗൗരവം ശരിക്കും മനസ്സിലാവുക. ഏറ്റവും ദീർഘ സമയം സ്റ്റാറ്റിക് ആയി നിൽക്കുന്ന കീബോർഡ്, ഹോം സ്ക്രീൻ ഐക്കണുകൾ എന്നിവയെയാണ് ഇത് ഗുരുതരമായി ബാധിച്ചിരിക്കുന്നത്.
പ്ലാറ്റ്ഫോം എക്സിലും ഇത്തരത്തിലുള്ള നിരവധി പരാതികൾ ചിത്രങ്ങൾ സഹിതം പ്രചരിക്കുന്നുണ്ട്. ഈ വർഷം ആപ്പിൾ അഭിമുഖീകരിച്ച നിരവധി പ്രശ്നങ്ങളിൽ പ്രധാനമായ ഒന്നാണ് ഇതെന്നും ചില ഉപയോക്താക്കൾ പറയുന്നു. വാങ്ങിയിട്ട് ഒരു മാസം പോലും ആകുന്നതിന് മുൻപെ സ്ക്രീൻ ബേൺ അനുഭവിച്ചവരാണ് ഉപഭോക്താക്കളിൽ ഏറെയും എന്നതാണ് അതിശയകരം. സ്ഥിരമായ ഡിസ്കളറിങ് ആണെങ്കിൽ അത് റിപ്പയർ ചെയ്യാൻ കഴിയില്ല. എന്നാൽ, ഇത് റിപ്പോർട്ട് ചെയ്ത പലർക്കും ആപ്പിളിന്റെ ഒരു വർഷ ഗ്യാരന്റി പദ്ധതിക്ക് കീഴിൽ പണം മടക്കി ലഭിച്ചതായി പറയുന്നുണ്ട്.
അതേസമയം ഇത് മാത്രമല്ല, ഐഫോൺ 15 അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്ന് മറ്റു ചില പരാതികൾ വ്യക്തമാക്കുന്നു. അമിതമായി ചൂടാകുന്നതായി ചിലർ പരാതിപ്പെട്ടിട്ടുണ്ട്. ചില ഫോണുകളിൽ ചൂട് 37 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോയതോടെ അതിന് കാരണമായ സോഫ്റ്റ്വെയർ ബഗിനെ ഫിക്സ് ചെയ്യുവാൻ വേണ്ടി ആപ്പിൾ കഴിഞ്ഞയാഴ്ച്ച പുതിയൊരു ഐ ഒ എസ് അപ്ഡേറ്റ് ഇറക്കിയിരുന്നു. എന്നാൽ, അതിനു ശേഷവും ഫോൺ അമിതമായി ചൂടാകുന്നതായുള്ള പരാതി ഉയർന്നു വരികയാണെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
ചെറിയ മർദ്ദം ഏൽപിക്കുമ്പോൾ പോലും ഫോൺ പൊട്ടിപ്പോകുന്നതായി ഒരു യൂട്യുബ് വീഡിയോയിൽ കാണിക്കുന്നു. അതിനു പുറമെ പ്രോ റേഞ്ചിൽ പെട്ട ഫോണുകളുടെ പുതിയ ടൈറ്റാനിയം ബോഡി പെട്ടെന്ന് നിറം മങ്ങുന്നു എന്ന പരാതിയും ഉയരുന്നു. ചില കേസുകളിൽ ക്യാമറക്കുള്ളിൽ പൊടി കയറുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ