- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗരയൂഥത്തിന്റെ ഊർജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടമാണ് ആദിത്യയുടെ ലക്ഷ്യം; നാലാം ഭ്രമണപഥം ഉയർത്തലും വിജയം; ഇനി ഭൂമിയെ വിട്ടകലാൻ ഇന്ത്യയുടെ ആദ്യ സൗരദൗത്യം
ബംഗ്ലൂരു: രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ-1ന്റെ നാലാം ഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരമെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ. ആദിത്യയിലെ ത്രസ്റ്റർ എൻജിൻ ജ്വലിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂർത്തിയാക്കിയത്. ഭൂമിയിൽ നിന്ന് അടുത്ത് 256 കിലോമീറ്ററിലും 121,973 കിലോമീറ്റർ അകലെയുമുള്ള ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഉള്ളത്. സെപ്റ്റംബർ 19-ന് ലഗ്രാഞ്ച് പോയിന്റ് അഥവാ എൽ-1 ലേക്കുള്ള യാത്ര ആരംഭിക്കും.
ഇതിന് മുന്നേ മൂന്ന് തവണയാണ് ആദിത്യ എൽ1 ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയത്. ആദ്യ ഘട്ട ഭ്രമണപഥം ഉയർത്തൽ സെപ്റ്റംബർ മൂന്നിനും രണ്ടാം ഘട്ട ഭ്രമണപഥം ഉയർത്തൽ അഞ്ചാം തീയതിയും മൂന്നാം ഘട്ട ഭ്രമണപഥം ഉയർത്തൽ സെപ്റ്റംബർ 10-നുമാണ് വിജയകരമായി പൂർത്തിയാക്കിയത്. നാലാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയതോടെ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര ആരംഭിച്ചു.
നാലാം ഭ്രമണപഥത്തിൽ വലംവെക്കുന്നത് പൂർത്തിയാക്കിയ ശേഷം പേടകം ഭ്രമണപഥം വിട്ട് ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ചിയൻ 1 പോയന്റിലേക്കുള്ള യാത്ര തുടങ്ങും. ഇതിനായി ത്രസ്റ്റർ എൻജിൻ ജ്വലിപ്പിച്ച് പേടകത്തെ ട്രാൻസ് ലഗ്രാഞ്ചിയൻ പോയന്റ് 1 പാതയിലേക്ക് മാറ്റും. ഈ പ്രക്രിയ സെപ്റ്റംബർ 19ന് രാവിലെ രണ്ട് മണിക്ക് നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിൽ (ഇസ്ട്രാക്) നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ചാണ് ആദിത്യ നീങ്ങുന്നത്. മൊറീഷ്യസിലെയും പോർട്ട് ബ്ലെയറിലെയും ഐ.എസ്.ആർ.ഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളും ഭ്രമണപഥ മാറ്റ പ്രക്രിയയിൽ പങ്കാളികളായി. സൂര്യ രഹസ്യങ്ങൾ തേടി ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിനാണ് പി.എസ്.എൽ.വി സി 57 റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചത്.
ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലെത്താൻ 125 ദിവസമെടുക്കും. ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക. സൂര്യന്റെ അന്തരീക്ഷത്തിലെ ചൂടും ഇവയിൽ നിന്നുണ്ടാകുന്ന വികിരണങ്ങൾ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വർഷം നീണ്ട പ്രധാന ദൗത്യം. ഇന്ത്യക്ക് മുമ്പ് അമേരിക്ക, ജപ്പാൻ, യൂറോപ്യൻ യൂനിയൻ എന്നിവയാണ് സൗരദൗത്യം നടത്തിയിട്ടുള്ള രാജ്യങ്ങൾ.
ഭൂമിയുടെ ഭ്രമണപഥം വിട്ട് ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുന്നത് സെപ്റ്റംബർ 19-ാം തീയ്യതിയായിരിക്കും. പുലർച്ചെ രണ്ട് മണിയോടെ നടക്കാനിരിക്കുന്ന ഈ മാറ്റത്തോടെ ആദിത്യ എൽ വൺ ഭൂമിയുടെ ഭ്രമണ പഥത്തിൽ നിന്ന് പൂർണമായി മാറും. സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ വൺ, ഐഎസ്ആർഒയുടെ മറ്റ് ദൗത്യങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ഐഎസ്ആർഒക്ക് അപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതൽ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിർത്തുന്നു.
സൂര്യന്റെ കൊറോണയെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ. സൗരയൂഥത്തിന്റെ ഊർജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടമാണ് ആദിത്യയുടെ ലക്ഷ്യം. ഭൂമിയിൽ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ഹാലോ ഓർബിറ്റാണ് ആദിത്യ ലക്ഷ്യമിടുന്നത്.
മറുനാടന് മലയാളി ബ്യൂറോ