ബംഗളൂരു: ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. സൂര്യനെ അടുത്തറിയാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുെട ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എൽ1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തും. ഇക്കാര്യം ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥാണ് അറിയിച്ചത്. ഭൂമിയുടെയും സൂര്യന്റെയും ഇടയിലുള്ള ലഗ്രാഞ്ച് (എൽ 1) പോയന്റിലാണ് പേടകം എത്തിച്ചേരുക. പേടകം ലഗ്രാഞ്ച് പോയന്റിൽ എത്തുന്നതിന്റെ കൃത്യമായ സമയം പിന്നീട് അറിയിക്കുമെന്നും സോമനാഥ് വ്യക്തമാക്കി.

ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ വലം വെക്കുക. ഇതിനായി ആദിത്യയിലെ എൻജിൻ ജ്വലിപ്പിച്ച് പേടകം മുന്നോട്ട് പോകാതെ ലഗ്രാഞ്ച് പോയന്റിൽ എത്തിക്കും. ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവൻ ഉപയോഗപ്രദമായ വിലപ്പെട്ട വിവരങ്ങൾ ആദിത്യ എൽ1 ശേഖരിക്കും. സൂര്യന്റെ ചലനാത്മകതയെ കുറിച്ചും അത് മനുഷ്യ ജീവിതത്തെ ഏത് വിധത്തിൽ ബാധിക്കുന്നുവെന്നും മനസിലാക്കാൻ ഈ വിവരങ്ങൾ ഉപയോഗപ്പെടുമെന്നും എസ്. സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

സെപ്റ്റംബർ രണ്ടിനാണ് സൂര്യ രഹസ്യങ്ങൾ തേടി ആദിത്യ എൽ1 ആന്ധ്രയിലെ ശ്രീഹരികോട്ടയിൽ നിന്ന് പി.എസ്.എൽ.വി സി 57 റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചത്. ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക. സൂര്യന്റെ അന്തരീക്ഷത്തിലെ ചൂടും ഇവയിൽ നിന്നുണ്ടാകുന്ന വികിരണങ്ങൾ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് അഞ്ചു വർഷം നീണ്ട പ്രധാന ദൗത്യം.

സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യം. സൗര വികിരണങ്ങൾ കാരണം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ, സൂര്യന്റെ ഉപരിതലം, കൊറോണ ഗ്രാഫ് എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ വലയങ്ങൾ, 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ബഹിരാകാശം എന്നിവയും പഠനവിധേയമാവും.

അമേരിക്കയുടെ നാസയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയുമാണ് ലോകത്ത് ഇതുവരെ സൗര ദൗത്യങ്ങൾ നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ ആദിത്യ എൽ1 ലക്ഷ്യം കണ്ടാൽ അത് ബഹിരാകാശ ചരിത്രം തിരുത്തി കുറിക്കും. സൗര ദൗത്യത്തിൽ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. സൗരയുഥത്തിന്റെ കേന്ദ്രമായ, 1.5 കോടി ഡിഗ്രി സെൽഷ്യസിൽ കത്തി ജ്വലിക്കുന്ന സൂര്യനിൽ നിന്നുള്ള പുതിയ അറിവുകൾക്കായി നമുക്ക് കാത്തിരിക്കാം.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്. ഇതിൽ നാലെണ്ണം സൂര്യനെ നേരിട്ടും മൂന്നെണ്ണം ലഗ്രാഞ്ച് പോയിന്റിലെ ഹാലോ ഓർബിറ്റിനെ കുറിച്ചും പഠനം നടത്തും. സോളാർ കൊറോണയെ കുറിച്ചുള്ള പഠനത്തിനുള്ള വിസിബിൾ ലൈൻ എമിഷൻ കൊറോണ ഗ്രാഫ്, സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവയുടെ ചിത്രീകരണത്തിനുള്ള സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ്, സൂര്യനെ നിരീക്ഷിക്കാനുള്ള സോളാർ ലോ എനർജി എക്‌സ്‌റേ സ്‌പെക്ട്രോ മീറ്റർ, കൊറോണയിലെ ഊർജ വിനിയോഗത്തെ കുറിച്ച് പഠിക്കാനുള്ള ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോ മീറ്റർ, സൗര്യ കാറ്റിന്റെ പഠനത്തിനുള്ള ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്‌സ്‌പെരിമെന്റ്, സോളാർ കൊറോണയുടെ താപനിലയെ കുറിച്ചുള്ള വിവരം ശേഖരിക്കാനുള്ള പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, സൂര്യന്റെ കാന്തിക മണ്ഡലത്തെ കുറിച്ച് പഠിക്കാനുള്ള അഡ്വാൻസ്ഡ് ട്രൈ-ആക്‌സിയൽ ഹൈ റെസലൂഷൻ ഡിജിറ്റൽ മാഗ്‌നെറ്റോ മീറ്റർ എന്നിവയാണ് പേലോഡുകൾ.

ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണ ബലം തുല്യമായിരിക്കുന്ന ലഗ്രാഞ്ച് 1 പോയിന്റിൽ നിന്ന് സൂര്യനെ മറ്റ് തടസങ്ങളില്ലാതെ ആദിത്യ പേടകത്തിന് നിരന്തരം വീക്ഷിക്കാനാകും. ഈ പോയിന്റിൽ നിന്ന് പേടകം സൂര്യനെ വീക്ഷിക്കുമ്പോൾ ഭൂമിയോ മറ്റ് ഗ്രഹങ്ങളോ നിഴൽ വീഴ്‌ത്തില്ല. അതിനാലാണ് സൂര്യനും ഭൂമിക്കും നേരെയുള്ള എൽ1 പോയിന്റിൽ ആദിത്യ പേടകം സ്ഥാപിക്കുന്നത്. തുടർച്ചയായി നിരീക്ഷിക്കുന്നതിനാൽ 24 മണിക്കൂറും സൂര്യന്റെ ചിത്രം പേടകത്തിന് പകർത്താനാകും. ലഗ്രാഞ്ച് പോയിന്റിൽ ഗുരുത്വബലം സന്തുലിതമായതിനാൽ പേടകത്തിന് നിലനിൽക്കാൻ കുറഞ്ഞ ഇന്ധനം മതി എന്നതും പ്രത്യേകതയാണ്. ബംഗളൂരുവിലെ യു.ആർ റാവു സാറ്റലൈറ്റ് സെന്റർ നിർമ്മിച്ച 1500 കിലോഗ്രാം ഭാരമുള്ള പേടകത്തിന്റെ കാലാവധി അഞ്ച് വർഷവും രണ്ട് മാസവുമാണ്. ദൗത്യത്തിന്റെ ചെലവ് ഏകദേശം 368 കോടി രൂപയാണ്.