- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാജയത്തിന്റെ കയ്പുനീരിൽ നിന്ന് പാഠങ്ങൾ പഠിച്ച് ചന്ദ്രനിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ; ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ-3; 20 മിനിറ്റിന്റെ ആകാംക്ഷയ്ക്ക് വിരാമമിട്ട് കോരിത്തരിപ്പിക്കുന്ന നിമിഷങ്ങൾ; ദക്ഷിണ ധ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യരാജ്യമായി ഭാരതം; അഭിമാനദൗത്യം വിജയകരമായതോടെ താണ്ടിയത് ബഹിരാകാശ ഗവേഷണദൗത്യത്തിലെ സുപ്രധാന നാഴികക്കല്ല്; ശുഭവാർത്തയ്ക്ക് കയ്യടിച്ച് ലോകമെമ്പാടുമുള്ള ശാസ്ത്രകുതുകികൾ
ബെംഗളൂരു: കോരിത്തരിപ്പിക്കുന്ന നിമിഷങ്ങൾ. പരാജയത്തിന്റെ കയ്പുനീരിൽ നിന്ന് പാഠങ്ങൾ പഠിച്ച് ഇന്ത്യയുടെ അഭിമാനദൗത്യം വിജയക്കൊടി പാറിച്ച് ഐ എസ് ആർ ഒ. അതെ ചന്ദ്രയാൻ-3 നമ്മുടെ അമ്പിളിമാമനെ തൊട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ പ്രാർത്ഥനകളിൽ മുഴുകിയും, ആഘോഷ വേളയാക്കിയും ഈ ചരിത്ര മുഹൂർത്തത്തെ വരവേറ്റു.
ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിൽ പോയിരിക്കുന്ന പ്രധാനമന്ത്രി ഓൺലൈനിൽ ചേർന്ന് താഴോട്ടിറക്കം വീക്ഷിച്ചു. ശാസ്ത്രജ്ഞരുടെ ആഹ്ലാദത്തിൽ അദ്ദേഹം പങ്കുചേർന്നു.
ജൂലൈ 14 ന് ഇന്ത്യ തൊടുത്തുവിട്ട പേടകമാണ് ഇന്ന് സുരക്ഷിതമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. അമേരിക്കയ്ക്കും, റഷ്യയ്ക്കും, ചൈനയ്ക്കും ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യം എന്ന നേട്ടം ഇന്ത്യ കൈവരിച്ചു. ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇതിനൊപ്പം സ്വന്തമാക്കി.
ഏതാനും മണിക്കൂറുകൾക്കം, റോവർ പ്രഗ്യാൻ റാമ്പ് വഴി ചന്ദ്രോപരിതലത്തിൽ
പര്യവേക്ഷണത്തിനായി ഇറങ്ങും.ഓട്ടോമാറ്റിക് ലാൻഡിങ് സീക്വൻസ് 5.44 നാണ് ഇസ്രോ തുടങ്ങിയത്. പേടകം നിശ്ചിത സ്ഥലത്ത് എത്തിയ ഉടനെ എഎൽഎസിനുള്ള നിർദ്ദേശം നൽകി. കമാന്റ് ലഭിച്ച ഉടനെ ലാൻഡിങ് മോഡ്യൂളിലെ എഞ്ചിനുകൾ പ്രവർത്തിച്ച് പവേർഡ് ഡിസന്റ് ആരംഭിച്ചു. പവേർഡ് ഡിസന്റ് അഥവാ താഴോട്ടിറക്കം ഇസ്രോ ആസൂത്രണം ചെയ്തിരുന്നത് പോലെ എല്ലാ ഘട്ടങ്ങളിലും വിജയകരമായി നടന്നു. റഫ് ബ്രേക്കിങ്, ഫൈൻ ബ്രേക്കിങ്, പിന്നെ ഒടുവിലത്തെ താഴോട്ടിറക്കവും ടെക്‌സ്റ്റ് ബുക്ക് ശൈലിയിൽ പൂർത്തിയാക്കി.
എല്ലാ ഘട്ടങ്ങളും അണുവിട പിഴവില്ലാതെ ലാൻഡർ പൂർത്തിയാക്കിയെന്ന് പ്രോജക്റ്റ് ഡയറക്ടർ പി.വീരമുത്തുവേൽ അറിയിച്ചു. ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി, സിം പെലിയസ് എൻ ഗർത്തങ്ങളുടെ മധ്യേയുള്ള സമതലത്തിലാണ് ലാൻഡിങ് നടന്നത്. വൈകിട്ട് 5.47 മുതലാണ് ചാന്ദ്രയിറക്കത്തിനുള്ള ജ്വലനം ആരംഭിച്ചത്. മണിക്കൂറിൽ 3600 കിലോമീറ്റർ വേഗത്തിൽ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്ത് എത്തിയപ്പോഴാണ് സോഫ്റ്റ് ലാൻഡിങ്ങിനുള്ള നടപടികൾ ആരംഭിച്ചത്. രണ്ടു മണിക്കൂർ മുൻപ് തന്നെ ലാൻഡിങ്ങിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിരുന്നു.
രണ്ടു ദ്രവ എൻജിൻ 11 മിനിറ്റ് തുടർച്ചയായി ജ്വലിപ്പിച്ചാണ് റഫ് ബ്രേക്കിങ് ഘട്ടം പൂർത്തീകരിച്ചത്. ഇതോടെ നിയന്ത്രണവിധേയമായി പേടകം 6-7 കിലോമീറ്റർ അടുത്തെത്തി. തുടർന്ന് മൂന്നു മിനിറ്റുള്ള ഫൈൻ ബ്രേക്കിങ് ഘട്ടത്തിനൊടുവിൽ ചരിഞ്ഞെത്തിയ പേടകത്തെ കുത്തനെയാക്കി. 800 മീറ്റർ മുകളിൽനിന്ന് അവസാനവട്ട നിരീക്ഷണം നടത്തി ലാൻഡർ നിശ്ചിത സ്ഥലത്തേക്ക് സോഫ്റ്റ് ലാൻഡിങ്ങിന് നീങ്ങുകയായിരുന്നു.
സോഫ്റ്റ് ലാൻഡിങ്ങിനുള്ള ജ്വലനംമുതലുള്ള 20 മിനിറ്റ് അത്യന്തം 'ഉദ്വേഗജനക'മായിരുന്നു. പൂർണമായും സ്വയം നിയന്ത്രിത സംവിധാനത്തിലായിരുന്നു പേടകം പ്രവർത്തിച്ചത്.
സോഫ്റ്റ് ലാൻഡിങ്ങിൽ ചന്ദ്രയാൻ 3 നെ നിയന്ത്രിച്ചത് കംപ്യൂട്ടർ സംവിധാനങ്ങളും എഐ അധിഷ്ഠിത ഗതി നിർണയവുമാണ്. ചന്ദ്രയാൻ 3 ലാൻഡറിൽ നിന്നയക്കുന്ന സിഗ്‌നലുകളിലെ ഡാറ്റ ബെംഗളുരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാന്റ് നെറ്റ് വർക്ക് കേന്ദ്രത്തിലായിരുന്നു. ഇവിടെ നിന്ന് ബെംഗളുരുവിലെ ഡീപ്പ് സ്പേസ് നെറ്റ് വർക്കിലേക്കും യുഎസിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലേക്കും സ്പെയിനിലെ യൂറോപ്യൻ സ്പേസ് ഏജൻസി കേന്ദ്രത്തിലേക്കും അയച്ചു.
സോഫ്റ്റ് ലാൻഡിങ് മുൻകൂട്ടി പ്രോഗ്രാം ചെയ്തു നൽകിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് പ്രവർത്തിച്ചത്. ലാൻഡിങ് ക്യത്യമാക്കാൻ പ്രത്യേകമായി ആറ് സെൻസറുകളും മൂന്നു ക്യാമറകളും ലാൻഡറിനെ സഹായിച്ചു.
അടുത്ത 14 ദിവസം, പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ നിന്നും ചിത്രങ്ങളും വിവരങ്ങളും അയയ്ക്കും, 14 ദിവസത്തിന് ശേഷം പതിയ പ്രവർത്തനം മന്ദഗതിയിലാകും. കാരണം സൗരോർജ്ജ സെല്ലുകൾ വഴിയാണ് റോവർ പ്രവർത്തിക്കുന്നത്.
വിജയകരമായി ലാൻഡ് ചെയ്തതോടെ, ചന്ദ്രനിൽ വലിയ പൊടിപടലമാണ് ഉണ്ടായത്. പൊടിപടലം അടങ്ങിയ ശേഷം മാത്രമായിരിക്കും റോവർ പുറത്തിറങ്ങുക. കുറഞ്ഞ ഗുരുത്വാകർഷണം മൂലം ഭൂമിയിലെ പോലെ പൊടിപടലം ചന്ദ്രനിൽ പെട്ടെന്ന് അടങ്ങുകയില്ല.
ചന്ദ്രയാൻ-2 നൽകിയ പാഠങ്ങൾ കരുത്തായി
ചന്ദ്രയാൻ രണ്ടിന് സംഭവിച്ച അവസാന നിമിഷത്തിലെ പാളിച്ച ചന്ദ്രയാൻ- 3 ന് സംഭവിക്കാതിരിക്കാൻ വിക്രം ലാൻഡറിന്റെ കാലുകൾക്ക് കൂടുതൽ ശക്തി നൽകിയിരുന്നു. പരമാവധി വേഗത കുറച്ചാണ് ലാൻഡർ ചന്ദ്രോപരിതലം തൊട്ടത്. വിമാനത്തിന്റെ പത്തിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തെ റഫ് ബ്രേക്കിങ് എന്ന പ്രക്രിയിലൂടെയാണ് വേഗത കുറച്ചത്. ഈ ഘട്ടത്തിലാണ് ചന്ദ്രയാൻ 2 പരാജയപ്പെട്ടത്.
തകർന്നു പോയ ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററുമായി ചന്ദയാൻ 3 ന് ആശയവിനിമയ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു. ചന്ദ്രയാൻ 3 ദൗത്യത്തിലെ ലാൻഡർ അയയ്ക്കുന്ന സന്ദേശങ്ങളും പരിശോധനാ ഫലങ്ങളും ഓർബിറ്റർ വഴിയായിരിക്കും കൺട്രോൾ സെന്ററിലെത്തുക. ചന്ദ്രയാൻ 3ന് സ്വന്തമായി ഓർബിറ്ററില്ല. ലാൻഡിങ്ങിന് ശേഷം പ്രഗ്യാൻ റോവർ വേർപെട്ട് ചന്ദ്രോപരിതലത്തിൽ പര്യവേഷണം നടത്തും. അശോകസ്തംഭവും ഇസ്റോയുടെ ചിഹ്നവും റോവർ ചന്ദ്രോപരിതലത്തിൽ കോറിയിടും.
വെള്ളത്തിന്റെ സാന്നിധ്യമുൾപ്പെടെ പഠിക്കാൻ ഒരു ചാന്ദ്രദിനം, അതായത് ഭൂമിയിലെ 14 ദിവസമാകും റോവറിന് ലഭിക്കുക. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ വഴിയാകും ലാൻഡറുമായി ആശയവിനിമയം നടത്തുന്നത്.
വിജയകരമായി ലാൻഡിങ് കഴിഞ്ഞതോടെ, രണ്ടാഴ്‌ച്ച കാലം മേഖലയുടെ പ്രതലത്തെ കുറിച്ച് രണ്ടാഴ്ചയോളം വിവിധ പഠനങ്ങൾ നടത്തും. പിന്നീട് ദൗത്യം നിഷ്‌ക്രിയമാകും. 2019-ൽ ഇന്ത്യയുടെ ചന്ദ്രായൻ 2 സോഫ്റ്റ് ലാൻഡിംഗിന് ശ്രമിക്കുന്നതിനിടയിൽ ചന്ദ്രോപരിതലത്തിൽ തകർന്ന് വീണിരുന്നു. എന്നാൽ, ഇപ്പോഴത്തെ ശ്രമത്തിൽ എല്ലാം പ്രതീക്ഷിച്ച രീതിയിൽ തന്നെയാണ് മുൻപോട്ട് പോയി.
എന്തുകൊണ്ട് ദക്ഷിണ ധ്രുവം ?
ലോകത്തെ, ശക്തരായ എല്ലാ രാജ്യങ്ങളിലേയും ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങൾക്കും ശാസ്ത്രജ്ഞർക്കും ഏറെ താത്പര്യമുള്ള ഒന്നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവം. ജലവും ഘനീഭവിച്ച ഐസും ഏറെയുണ്ട് ഇവിടെ എന്നതാണ് പ്രധാനമായും ആ താത്പര്യത്തിനു കാരണം. ശൈത്യ കെണികൾ (കോൾഡ് ട്രാപ്‌സ്) എന്നറിയപ്പെടുന്ന, ജലത്തിന്റെയും ഐസിന്റെയും ചെറു സംഭരണികൾ, അന്തരീക്ഷമില്ലാത്ത ചന്ദ്രനിൽ ആയിരക്കണക്കിന് വർഷങ്ങളായി നിലകൊള്ളുന്നു.
അതുകൊണ്ടു തന്നെ അവയ്ക്ക് ചാന്ദ്ര അഗ്നിശൈലങ്ങളെ കുറിച്ചും വാൽനക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും ഭൂമിയിലെത്തിക്കുന്ന പദാർത്ഥങ്ങളെ കുറിച്ചും എന്തിനധികം സമുദ്രങ്ങളുടെ ഉത്പത്തിയെ കുറിച്ചു വരെ കൂടുതൽ വിവരങ്ങൾ നൽകാനാകും എന്നാണ് വിദഗ്ദ്ധർ ചിന്തിക്കുന്നത്. മാത്രമല്ല, ഇവിടെയുള്ള ജല സാന്നിദ്ധ്യം, ഭാവിയിൽ മനുഷ്യന്റെ ആവാസകേന്ദ്രമായി ഇവിടം മാറിയേക്കാം എന്നുള്ളതിന്റെ സൂചനയായി കൂടി ശാസ്ത്രലോകം കാണുന്നു.
മറ്റൊന്ന്, ആവശ്യത്തിന് ജലവും ഐസും ലഭ്യമാണെങ്കിൽ, ചന്ദ്രനിൽ പര്യവേഷണം നടത്തുന്നവർക്കുള്ള കുടിവെള്ള സ്രോതസ്സായി ഈ മേഖലയെ മാറ്റാൻ കഴിയും എന്നതാണ്. മാത്രമല്ല, പല ഉപകരണങ്ങളും തണുപ്പിക്കാനും അതുപോലെ ജലത്തെ വിഘടിപ്പിച്ച് ഇന്ധനത്തിനുള്ള ഹൈഡ്രജനും ശ്വസിക്കാനുള്ള ഓക്‌സിജനും ലഭ്യമാക്കാനുള്ള സാധ്യതയുമുണ്ട്. ഇതിനൊക്കെ പുറമെ, ബഹിരാകാശ ദൗത്യങ്ങളിൽ ഏതൊരു രാജ്യവും ആഗ്രഹിക്കുന്ന, ആദ്യത്തേത് എന്ന നാഴികക്കല്ല് നേടുക എന്നതും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ ലക്ഷ്യം വയ്ക്കാൻ ഒരു കാരണമായി.
ചന്ദ്രനിൽ ജലം കണ്ടെത്തിയതെങ്ങനെ ?
ആദ്യ അപ്പോളോ മിഷൻ ചന്ദ്രനിൽ ഇറങ്ങുന്നതിനും മുൻപ് 1960 കളിൽ തന്നെ ചന്ദ്രനിൽ ജലത്തിന്റെ സാന്നിദ്ധ്യം ഉണ്ടായേക്കാം എന്ന് ശാസ്ത്രജ്ഞർ അനുമാനിച്ചിരുന്നു. എന്നാൽ, 1960 കളുടെ അവസാനത്തിലും 1970 കളുടെ ആരംഭത്തിലുമായി, അപ്പോളോ സഞ്ചാരികൾ കൊണ്ടുവന്ന സാമ്പിളുകളുടെ വിശകലനത്തിൽ അവ എല്ലാം വരണ്ടതായിരുന്നു എന്നാണ് കണ്ടെത്തിയത്. എന്നാൽ, 2008 ൽ ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ ആ സാമ്പിളുകൾ വീണ്ടും പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഹൈഡ്രജന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.
പിന്നീട് 2009-ൽ ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ ചന്ദ്രായൻ 1 ൽ സ്ഥാപിച്ചിരുന്ന നാസായുടെ ഉപകരണങ്ങൾ ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. അതേ വർഷം തന്നെ നാസയുടെ മറ്റൊരു ദൗത്യത്തിൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഉപരിതലത്തിന് താഴെയായി ജലവും ഐസും ഉണ്ടെന്ന് തെളിയുകയും ചെയ്തു.
മറുനാടന് ഡെസ്ക്