ന്യൂഡൽഹി: ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ഭാഗമായ പ്രഗ്യാൻ റോവറിൽ നിന്നും വിക്രം ലാൻഡറിൽ നിന്നും സിഗ്നലിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഐഎസ്ആർഒ. പ്രഗ്യാനും, വിക്രവും ഇനി ഉണർന്നില്ലെങ്കിലും പ്രശ്‌നമല്ലെന്ന് ഇസ്രോ ചെയർമാൻ എസ് സോമനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചന്ദ്രനിൽ സൂര്യൻ അസ്തമിച്ച സമയത്ത് സ്ലീപ് മോദിലേക്ക് പോയ റോവർ ദൗത്യത്തിൽ നിന്ന് പ്രതീക്ഷിച്ചതെല്ലാം നേടിക്കഴിഞ്ഞു. ചന്ദ്രനിലെ പ്രതികൂല കാലാവസ്ഥയിൽ, ഇലക്രോണിക് സർക്യൂട്ടുകൾക്ക് കേടുപാട് സംഭവിച്ചിട്ടില്ലെങ്കിൽ, റോവർ ഉണരും. എന്നിരുന്നാലും, അതുണർന്നില്ലെങ്കിലും, സാധിച്ചെടുക്കേണ്ട കാര്യങ്ങൾ നേടി കഴിഞ്ഞു, സോമനാഥ് പറഞ്ഞു.

ഒരു ചാന്ദ്രദിവസം എന്നുപറഞ്ഞാൽ, ഭൂമിയിലെ 14 ദിവസങ്ങൾക്ക് തുല്യമാണ്. ചന്ദ്രനിൽ വീണ്ടും സൂര്യൻ ഉദിച്ചതോടെ, ലാൻഡറും, റോവറുമായി ബന്ധം പുനഃ സ്ഥാപിക്കാൻ ഇസ്രോ ശ്രമിച്ചിരുന്നു. ഇതുവരെ സിഗ്നലുകൾ ഒന്നും കിട്ടിയിട്ടില്ല.

ഓഗസ്റ്റ് 23 ന് ചന്ദ്രനിൽ ഇറങ്ങിയ ശേഷം ലാൻഡറും റോവറു 14 ദിവസത്തിനുള്ളിൽ നിരവധി പരീക്ഷണങ്ങൾ പൂർത്തിയാക്കിയിരുന്നു. ഒരുചാന്ദ്രദിവസത്തേക്ക് പ്രവർത്തിക്കാൻ വേണ്ടിയാണ് 1752 കിലോ ഭാരമുള്ള ലാൻഡറും റോവറും രൂപകൽപ്പന ചെയ്തിരുന്നത്. ലാൻഡറും, റോവറും റീചാർജ്ജ് ചെയ്യപ്പെട്ടിരുന്നെങ്കിൽ, 14 ദിവസം കൂടി ഇസ്രോയ്ക്ക് പരീക്ഷണങ്ങൾ തുടരാമായിരുന്നു.

അതേസമയം, എക്‌സ്‌റേ പോളാരിമീറ്റർ ഉപഗ്രഹ വിക്ഷേപണം നവംബറിലോ ഡിസംബറിലോ നടക്കുമെന്ന് സോമനാഥ് അറിയിച്ചു. കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ്-3 ഡിഎസ് ഡിസംബറിൽ വിക്ഷേപിക്കുമെന്നും ഇസ്രോ ചെയർമാൻ അറിയിച്ചു.