- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമുദ്രജലത്തിന് ചൂട് വർദ്ധിക്കും തോറും അതിന് കാർബൺഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനുള്ള കഴിവ് കുറയും; കടന്നു പോയത് ലോക ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസം; 2023 ജൂലൈ മാസം സൂചിപ്പിക്കുന്നത് ഭൂമി ഇനി ചുട്ടു പൊള്ളുമെന്ന് തന്നെ
ലോകം ഇന്നുവരെ ദർശിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ചൂടേറിയ മാസമായിരുന്നു ഇക്കഴിഞ്ഞ ജൂലൈ എന്ന് ശസ്ത്രജ്ഞന്മാർ സ്ഥിരീകരിച്ചിരിക്കുന്നു. നാല് വർഷം മുൻപ് രേഖപ്പെടുത്തിയ അന്തരീക്ഷ താപനിലയുടെ റെക്കോർഡ്, കഴിഞ്ഞ മാസം തകർന്നതായി യൂറോപ്യൻ യൂണീയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് പ്രോഗ്രാമിലെ വിദഗ്ദ്ധർ പറയുന്നു. ജൂലായ് മാസത്തെ ആഗോള ശരാശരി താപനില 16.95 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. രേഖകൾ സൂക്ഷിക്കാൻ തുടങ്ങിയ 1940 മുതൽ ഏറ്റവും അധികം ഉയർന്ന താപനില ഇതിനു മുൻപ് രേഖപ്പെടുത്തിയത് 2019 ജൂലൈ മാസത്തിലെ 16.63 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
എന്നാൽ, ഏറെ ആശങ്കപ്പെടുത്തുന്ന കാര്യം, എന്നത്, ഈ 16.95 ഡിഗ്രി സെൽഷ്യസ് എന്നത് 1991-2020 കാലഘട്ടത്തിൽ ആഗോള താപനിലയിൽ ഉണ്ടായിട്ടുള്ള ശരാശരി വർദ്ധനവിനേക്കാൾ 0.72 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് എന്നതാണ്. അതായത്, താപ വർദ്ധനവിന്റെ നിരക്ക് വർദ്ധിക്കുന്നു എന്നർത്ഥം. ഹരിത വാതകങ്ങളുടെ പുറന്തള്ളലാണ് ഇതിന് കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
യു കെയിലെ റെക്കോർഡ് ചൂടനുഭവിച്ച ജൂൺ മാസത്തിന്റെയും, യൂറോപ്പിലും , വടക്കെ അമേരിക്കയിലും ഏഷ്യയിലും ആഞ്ഞടിച്ച ഉഷ്ണ തരംഗങ്ങളുടെയും, കാനഡയിലെയും ഗ്രീസിലെയും കാട്ടുതീയുടെയും ഒക്കെ വാർത്തകൾക്ക് പുറകെയാണ് ഈ റിപ്പോർട്ടുമെത്തുന്നത്. താപനിലയിൽ ഉണ്ടായ ഈ അമിത വർദ്ധന പൂർണ്ണമായും മനുഷ്യ നിർമ്മിതമാണെന്നാണ് കോപ്പർനിക്കസ് ക്ലൈമറ്റ് ചെഞ്ച് സർവീസ് ഡെപ്യുട്ടി ഡയറക്ടർ സമന്ത ബർഗസ് പറയുന്നത്. ഹരിത വാതകങ്ങളുടെ അമിതമായ സാന്നിദ്ധ്യം, ഭൂമിയിലെ ചൂട് പുറത്തേക്ക് പോകാതെ, അന്തരീക്ഷത്തിൽ തന്നെ പിടിച്ചു നിർത്തുന്നതാണ് ഇതിന് പ്രധാനകാരണം എന്നും അവർ പറയുന്നു.
ഭൗമോപരിതലത്തിലെ പ്രതിദിന ശരാശരി താപനില, ജൂലായ് 3 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ തുടർച്ചയായി റെക്കോർഡ് ഭേദിച്ചിരുന്നു. ജൂലായ് മാസത്തിലെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു 6. മാത്രമല്ല, ജൂലായ് മാസത്തിലെ ആദ്യ മൂന്ന് ആഴ്ച്ചകളിൽ താപനില പാരിസ് ഉടമ്പടി നിശ്ചയിച്ചിരിക്കുന്ന പരിധിയിലും കൂടുതലായിരുന്നു. താപനില വർദ്ധിക്കുന്നത് ഏറെ ആശങ്കാജനകമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
അവ ധ്രുവ പ്രദേശങ്ങളിലും മറ്റുമുള്ള ഹിമാനികൾ ഉരുകാൻ ഇടവരുത്തും. അത് സമുദ്രജല നിരപ്പ് ക്രമാതീതമായി ഉയരുന്നതിനും അതിഭീകരമായ വെള്ളപ്പൊക്കങ്ങൾക്കും കാരണമായേക്കും. അതിനു പുറമെ കാട്ടു തീയ്ക്കുള്ള അധിക സാധ്യത പല ആവാസ വ്യവസ്ഥകളെയും നശിപ്പിക്കുകയും ചെയ്തേക്കാം. ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം, ഭൗമാന്തരീക്ഷത്തിലെ താപനിലയിൽ മാത്രമല്ല ജൂലൈ മാസത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്, സമുദ്രജല താപനിലയിലും വർദ്ധനവ് ഉണ്ടായി എന്നതാണ്.
സമുദ്രജലത്തിന് ചൂട് വർദ്ധിക്കും തോറും അതിന് കാർബൺഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനുള്ള കഴിവ് കുറയും. ഇത് കൂടുതൽ കാർബൺ ഡൈ ഓക്സൈഡിനെ അന്തരീക്ഷത്തിൽ അവശേഷിപ്പിക്കും.
മറുനാടന് ഡെസ്ക്