- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹിരാകാശ വിക്ഷേപണ വ്യവസായ രംഗത്ത് പുതിയ നേട്ടം കൊയ്ത് ഐ.എസ്.ആർ.ഒ; ഐ.എസ്.ആർ.ഒയുടെ ചിറകിൽ ഭ്രമണപഥത്തിൽ എത്തിയത് ഏഴ് വിദേശ ഉപഗ്രഹങ്ങൾ; കൂടുതൽ ദൗത്യങ്ങൾക്കായി ഐഎസ്ആർഒ തയ്യാറെടുക്കുന്നതായി ചെയർമാൻ എസ് സോമനാഥ്
ബംഗളൂരു: ബഹിരാകാശ വിക്ഷേപണ വ്യവസായ രംഗത്ത് പുതിയ നേട്ടം കൊയ്യുകയാണ് ഇന്ത്യ. സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഐ.എസ്.ആർ.ഒ (ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ) പുതിയ ചരിത്രം കുറിച്ചു. ഐഎസ്ആർഒയുടെ ചിറകിൽ ഭ്രമണപഥത്തിൽ എത്തിയത് ഏഴ് വിദേശ ഉപഗ്രഹങ്ങളാണ്. ഇന്ത്യൻ ഏജൻസിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമെന്നാണ് കണക്കാക്കുന്നത്.
ഞായറാഴ്ച രാവിലെ 6.30ഓടെയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിന്റെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് ഏഴ് ഉപഗ്രഹങ്ങളെയും വഹിച്ച് പി.എസ്.എൽ.വിസി 56 റോക്കറ്റ് കുതിച്ചത്. 360 കിലോഗ്രാം ഭാരമുള്ള സുപ്രധാന ഡി.എസ്എസ്.എ.ആർ ഉപഗ്രഹവും ആറ് ചെറു ഉപഗ്രഹങ്ങളുമാണ് 535 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ മുൻനിശ്ചയിച്ച പ്രകാരംതന്നെ എത്തിച്ചത്.
വിക്ഷേപണത്തിനുശേഷം 21 മിനിറ്റുകൾക്കുള്ളിൽതന്നെ പ്രധാന ഉപഗ്രഹമായ ഡി.എസ്എസ്.എ.ആറിനെ ഭ്രമണപഥത്തിലേക്ക് പി.എസ്.എൽ.വി വിട്ടയച്ചു. മറ്റ് ആറ് ഉപഗ്രഹങ്ങളായ വിലോക്സ്എ.എം, ആർകേഡ്, സ്കൂബ് കക, നുലിയോൺ, ഗലാസിയ2, ഓർബ്12 സ്െ്രെഡർ എന്നിവയെ അടുത്ത മൂന്നു മിനിറ്റുകൾക്കുള്ളിലും ഭ്രമണപഥത്തിലേക്കിറക്കി. പി.എസ്.എൽ.വിയുടെ 58ാമത് ദൗത്യമാണിത്.
ഭൂമിയെ നിരീക്ഷിക്കാനുള്ള റഡാർ ഇമേജിങ് സൗകര്യമുള്ള ഉപഗ്രഹമാണ് ഡി.എസ്എസ്.എ.ആർ. ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് (ഐ.എ.ഐ) നിർമ്മിച്ച സിന്തറ്റിക് അപർച്വർ റഡാർ ഘടിപ്പിച്ച ഈ ഉപഗ്രഹം സിംഗപ്പൂർ സർക്കാറും എസ്.ടി എൻജിനീയറിങ്ങും സംയുക്തമായാണ് വികസിപ്പിച്ചത്. ഒരു മീറ്റർ റെസല്യൂഷനിലുള്ള മിഴിവാർന്ന ചിത്രങ്ങൾ ഏതു കാലാവസ്ഥയിലും രാത്രിയും പകലും പകർത്താനുള്ള ശേഷി ഈ റഡാർ ഇമേജിങ് സംവിധാനത്തിനുണ്ട്. സിംഗപ്പൂർ സർക്കാറിന്റെ ഏജൻസികൾക്ക് സഹായകരമാകുന്ന വിവിധ ചിത്രങ്ങളാണ് ഉപഗ്രഹം പകർത്തി അയക്കുക.
ഏഴു വിദേശ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനായത് സുപ്രധാന നേട്ടമാണെന്നും അടുത്ത മാസങ്ങളിൽ ഐ.എസ്.ആർ.ഒ നിരവധി പ്രധാന പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ജി.എസ്.എൽ.വിയുടെ ഇൻസാറ്റ്3 ഡി.എസ് ഉപഗ്രഹത്തിന്റെ വിക്ഷേപണം, എസ്.എസ്.എൽ.വിയുടെ മൂന്നാമത് പരീക്ഷണ പറക്കൽ എന്നിവയടക്കമാണിത്. ഐ.എസ്.ആർ.ഒ വികസിപ്പിച്ച ആറാമത് വിക്ഷേപണവാഹനമാണ് എസ്.എസ്.എൽ.വി.
അതേസമയം ആവേശകരമായ ദൗത്യങ്ങൾക്ക് മുന്നിട്ടിറങ്ങാൻ ഐഎസ്ആർഒ തയ്യാറെടുക്കുകയാണെന്ന് ചെയർമാൻ എസ് സോമനാഥ്. അറിയിച്ചു. ജിഎസ്എൽവി പരീക്ഷണം ഉൾപ്പെടെയുള്ള ദൗത്യങ്ങൾക്ക് വേണ്ടി സജ്ജമായത് പോലെ തന്നെ വരും മാസങ്ങളിൽ ഐഎസ്ആർഒ നിരവധി ദൗത്യങ്ങൾക്ക് നിർവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് പിഎസ്എൽവി വിക്ഷേപണം വിജയകരമായതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഏഴ് സിംഗപ്പൂർ ഉപഗ്രഹങ്ങളുമായാണ് ഇന്ന് പിഎസ്എൽവി സി 56 വിജയകരമായി ഭ്രമണപഥത്തിലെത്തിയത്. ഐഎസ്ആർഒയുടെ ഭാവി വിക്ഷേപണ ദൗത്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
'ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസത്തിന്റെ ആദ്യ ഭാഗത്ത് മറ്റൊരു ദൗത്യം കൂടി പിഎസ്എൽവി നിർവഹിക്കും. ഈ വർഷം വീണ്ടും ആവേശകരമായ ദൗത്യങ്ങൾക്ക് നേതൃത്വം വഹിക്കാൻ ഒരുങ്ങുകയാണ്. പിഎസ്എൽവി വീണ്ടും കുതിച്ചുയരും. നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഗഗൻയാനായുള്ള പരീക്ഷണ വാഹനവും ഐഎസ്ആർഒയ്ക്ക് ഉണ്ട്.' എസ് സോമനാഥ് പറഞ്ഞു.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുക എന്ന ദൗത്യവും ഐഎസ്ആർഒയുടെ മുന്നിലുണ്ട്. ഗഗൻയാൻ പദ്ധതിയും ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഗഗൻയാൻ 400 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുകയും ശേഷം പേടകം തിരിച്ചിറക്കുകയും ചെയ്യുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
മറുനാടന് ഡെസ്ക്