- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹിരാകാശത്ത് നാരീശക്തി തിളങ്ങും! ഗഗൻയാൻ ദൗത്യത്തിനായി വനിതാ പൈലറ്റുമാരെയും ശാസ്ത്രജ്ഞരെയും പരിഗണിക്കാൻ ഐഎസ്ആർഒ; അടുത്ത ജൂണിൽ യന്ത്രവനിതയെ ബഹിരാകാശത്ത് എത്തിക്കും; 2035ഓടെ പൂർണ സജ്ജമായ ബഹിരാകാശകേന്ദ്രമെന്ന ലക്ഷ്യത്തിലേക്ക് എത്താൻ ഇസ്രോ
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ രംഗത്തു നാരീശക്തി തിളങ്ങും. ഇന്ത്യ തുടക്കമിട്ട ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശ യാത്രികരായി പരിഗണിക്കുന്നത് വനിതയെയാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ഏറ്റവും പ്രതീക്ഷാസമ്പന്നമായ ബഹിരാകാശപദ്ധതികളിലൊന്നായ ഗഗൻയാനിൽ വനിതാ ഫൈറ്റർ ടെസ്റ്റ് പൈലറ്റുമാർക്കോ ശാസ്ത്രജ്ഞകൾക്കോ മുൻഗണന നൽകുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) ചെയർമാൻ ഡോ. എസ്. സോമനാഥ് വ്യക്തമാക്കി.
ഗഗൻയാൻ പദ്ധതിയുടെ പരീക്ഷണഘട്ടങ്ങളുടെ ഭാഗമായി മനുഷ്യസമാനമായ റോബോട്ടിനെ അടുത്തകൊല്ലം ആളില്ലാ ബഹിരാകാശവാഹനത്തിൽ അയക്കുമെന്നും അതൊരു ഫീമെയിൽ ഹ്യൂമനോയിഡ് ആയിരിക്കുമെന്നും സോമനാഥ് അറിയിച്ചു. അടുത്ത ജൂണിലാകും യന്ത്രവനിതയെ ബഹിരാകാശത്ത് എത്തിക്കുക.
ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഒരു ലോ എർത്ത് ഓർബിറ്റിൽ (LEO) മൂന്ന് ദിവസത്തേക്ക് സഞ്ചാരികളെ എത്തിച്ച് ഭൂമിയിലേക്ക് സുരക്ഷിതരായി മടക്കിയെത്തിക്കുകയാണ് ഗഗൻയാൻ ലക്ഷ്യമിടുന്നത്. പ്രാപ്തരായ വനിതാസഞ്ചാരികളെ ഇസ്രോ കാത്തിരിക്കുകയാണെന്ന് സോമനാഥ് പിടിഐയോട് പറഞ്ഞു.ഗഗൻയാനിന് മുന്നോടിയായി TV-D1 പരീക്ഷണവാഹനത്തിന്റെ വിജയകരമായ വിക്ഷേപണത്തിനുപിന്നാലെയാണ് പദ്ധതിയെ സംബന്ധിച്ചുള്ള പുതിയ വിവരം ഇസ്രോ മേധാവി പങ്കുവെച്ചത്.
'നിലവിൽ വ്യോമസേനയുടെ ഫൈറ്റർ ടെസ്റ്റ് പൈലറ്റുമാരാണ് മുൻഗണനാപട്ടികയിലുള്ളത്. അവർ വ്യത്യസ്തരാണ്. പക്ഷെ ആ വിഭാഗത്തിൽ നമുക്കിപ്പോൾ വനിതകളില്ല. വനിത ഫൈറ്റർ ടെസ്റ്റ് പൈലറ്റുമാർ ഉണ്ടാകുന്നപക്ഷം അവരെ പരിഗണിക്കും, കൂടാതെ, ശാസ്ത്രജ്ഞകൾക്കും ബഹികാരാശസഞ്ചാരികളാകാം', സോമനാഥ് വ്യക്തമാക്കി. 2035-ൽ പൂർണപ്രവർത്തനസജ്ജമായ ബഹിരാകാശകേന്ദ്രമാണ് ഇസ്രോയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ൽ വിക്ഷേപിക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റുമാരിലെ തിരഞ്ഞെടുക്കപ്പെട്ട 4 പേരിൽ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക. മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാൻ കഴിയുമെന്നു തെളിയിക്കുകയാണു ഗഗൻയാൻ ദൗത്യത്തിന്റെ ലക്ഷ്യം. അതിന്റെ തുടർച്ചയായി നടത്തുന്ന ദൗത്യങ്ങളിൽ ശാസ്ത്രീയമായ പഠനങ്ങൾക്കാണു മുൻതൂക്കം നൽകുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ വ്യക്തമാകക്കി.
ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്കായി ഐഎസ്ആർഒ ബഹിരാകാശ യാത്രികരുടെ പൂൾ തയാറാക്കും. പൂളിലേക്ക് എയർഫോഴ്സ് ഫൈറ്റർ പൈലറ്റുമാർക്കു പുറമേ ബഹിരാകാശ ഗവേഷകർ ഉൾപ്പെടെ താൽപര്യമുള്ള ശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തും. വനിതകൾക്കും അവസരം നൽകുമെന്നും എസ്.സോമനാഥ് പറഞ്ഞു. കഠിനമായ പരിശീലനം പൂർത്തിയാക്കുന്നവർക്കു തുടർ ദൗത്യങ്ങളിൽ ബഹിരാകാശ യാത്ര നടത്താനും പരീക്ഷണങ്ങൾ നടത്താനും അവസരം ലഭിക്കും.
ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി യന്ത്രവനിത 'വ്യോമമിത്ര'യെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പരീക്ഷണ ദൗത്യം 'ജിഎക്സ്' 2024 ജൂണിൽ വിക്ഷേപിക്കും. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ 3 ദിവസം സഞ്ചരിച്ച ശേഷം മടങ്ങിയെത്തും. തുടർന്ന് ജി1, ജി2 എന്നീ പരീക്ഷണ വിക്ഷേപണങ്ങൾ കൂടി കഴിഞ്ഞ ശേഷമാകും ബഹിരാകാശ യാത്രികരുമായുള്ള ഗഗൻയാൻ ദൗത്യം.
വിക്ഷേപിച്ച ശേഷം ഭ്രമണപഥത്തിൽ എത്തുന്നതിനു മുൻപ് ദൗത്യം ഉപേക്ഷിക്കേണ്ടി വന്നാൽ ബഹിരാകാശ യാത്രികരെ രക്ഷിക്കുന്ന സംവിധാനങ്ങളുടെ വിലയിരുത്തലിന് കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റ് വെഹിക്കിൾ പരീക്ഷണത്തിന്റെ (ടിവിഡ1) തുടർച്ചയായുള്ള ടിവിഡി2 പരീക്ഷണം മാർച്ചിൽ നടക്കുമെന്നും എസ്.സോമനാഥ് പറഞ്ഞു.
മനുഷ്യനെ കൂടുതൽ ഉയരത്തിലെത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ പറക്കൽ പരീക്ഷണം വിജയമായതോടെ ഗഗൻയാൻ ദൗത്യം അടുത്ത പരീക്ഷണഘട്ടങ്ങളിലേക്കു കടക്കുകയാണ്. ിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വി എസ്എസ്സി) രൂപകൽപന ചെയ്തു നിർമ്മിച്ച പുതിയ പരീക്ഷണവാഹനം (ടെസ്റ്റ് വെഹിക്കിൾ ടിവി) ആദ്യ പറക്കലിൽ തന്നെ വിജയമായിരുന്നു.
ടെസ്റ്റ് വെഹിക്കിളിൽ ഉപയോഗിച്ചത് തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്സി) ഇതിനു വേണ്ടി പരിഷ്കരിച്ച വികാസ് എൻജിനാണ്. വിക്ഷേപണം കഴിഞ്ഞു തിരിച്ചിറക്കേണ്ടി വന്നാൽ പ്രവേഗം കുറച്ച് താഴേക്കെത്തിച്ചു ഭൂമിയിൽ സാവധാനം ലാൻഡ് ചെയ്യിക്കാൻ കഴിയുംവിധം ഈ വാഹനത്തിന് രൂപമാറ്റം വരുത്താൻ കഴിയും.
വിക്ഷേപണ വാഹനത്തിൽനിന്നു ക്രൂ മൊഡ്യൂൾ (ബഹിരാകാശ യാത്രികരെ കയറ്റുന്ന പേടകം) വേർപെടുത്തി രക്ഷിക്കുന്ന പരീക്ഷണമാണ് നടത്തിയത്. പരമാവധി ഡൈനാമിക് സമ്മർദം വരുന്ന സന്ദർഭത്തിലും അമിതഭാരം ഉണ്ടാകുന്ന അവസ്ഥയിലും ഉൾപ്പെടെ വിവിധ അപകടസാധ്യതകളിൽ ക്രൂ മൊഡ്യൂളിനെ വേർപെടുത്തി രക്ഷിക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് അടുത്ത ഘട്ടത്തിൽ നടക്കുക.
മറുനാടന് ഡെസ്ക്