- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരൊറ്റ വിക്ഷേപത്തിൽ 36 ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിൽ! ചരിത്ര ദൗത്യം വിജയിപ്പിച്ചു ഇസ്രോ; വാണിജ്യാടിസ്ഥാനത്തിലെ വിക്ഷേപണങ്ങളിൽ പുതിയ വിജയം; എൽവി എം 3 വൺ വെബ്ബ് ദൗത്യത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചവരെ അഭിനന്ദിച്ചു ചെയർമാൻ സോമനാഥ്; കൂടുതൽ ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് തയ്യാറെന്നും ഇസ്രോ ചെയർമാൻ
ശ്രീഹരിക്കോട്ട: വാണിജ്യ അടിസ്ഥാനത്തിലുള്ള വിക്ഷേപണങ്ങളിൽ പുതിയ വിജയം കുറിച്ചു ഐഎസ്ആർഒ. ഐഎസ്ആർഒയുടെ എൽവി എം 3 വൺ വെബ്ബ് ദൗത്യമാണ് വിജയകരമായി പൂർത്തിയായതോടെ ഐഎസ്ആർഒ വാണിജ്യാടിസ്ഥാനത്തിൽ കൂടുതൽ വിക്ഷേപണങ്ങളിലേക്ക് കടക്കും. 36 ഉപഗ്രഹങ്ങളാണ് ഒറ്റ വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ചിരിക്കുന്നത്.
രാവിലെ 9.00 മണിക്ക് ശ്രീഹരിക്കോട്ടയിൽ നിന്നും നടത്തിയ ദൗത്യമാണ് വിജയകരമായി പൂർത്തിയായത്. ഉപഗ്രഹ ഇന്റർനെറ്റ് സർവ്വീസ് ദാതാവായ വൺ വെബ്ബുമായി ഇസ്രോ കൈകോർക്കുന്ന രണ്ടാം ദൗത്യമാണിത്. ദൗത്യത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചവരെ ഇസ്രോ ചെയർമാൻ സോമനാഥ് അനുമോദിച്ചു. ഭാരമുള്ള പേലോഡുകളെ ഭ്രമണപഥത്തിൽ എത്തിക്കാമെന്ന് വീണ്ടും ഇസ്രോ തെളിയിച്ചെന്നും കൂടുതൽ ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇസ്രോ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിൽ PSLV യുടെ വാണിജ്യ വിക്ഷേപണം ഉണ്ടാകുമെന്ന് ഇസ്രോ ചെയർമാൻ വ്യക്തമാക്കി.
ഐഎസ്ആർഒയുടെ എറ്റവും കരുത്തുറ്റ റോക്കറ്റായ എൽവി എം 3 ആണ് ആറാം ദൗത്യത്തിൽ 36 ഉപഗ്രഹങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ പതിനാറ് ഉപഗ്രഹങ്ങളെ എൽവി എം വിജയകരമായി ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചു. താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്കുള്ള എൽവി എം 3 എന്ന വിക്ഷേപണ വാഹനത്തിന്റെ എറ്റവും ഭാരമേറിയ ദൗത്യമായിരുന്നു ഇത്. ആകെ ഭാരം 5805 കിലോഗ്രാം ഭാരമാണ് ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. വിക്ഷേപണം കഴിഞ്ഞ് പത്തൊമ്പതാം മിനുട്ടിൽ ആദ്യ ഉപഗ്രഹം വേർപ്പെട്ടു.
ക്രയോജനിക് ഘട്ടത്തിലെ ഇന്ധനം പുറത്തേക്കൊഴുക്കി ദിശാമാറ്റം നടത്തിയാണ് മറ്റ് ഉപഗ്രഹങ്ങളെ നിശ്ചിത സ്ഥാനത്തേക്ക് എത്തിച്ചത്. ഈ സാങ്കേതിക വിദ്യയുടെയും രണ്ടാം പരീക്ഷണമാണിത്. കഴിഞ്ഞ ഒക്ടോബറിൽ എൽവി എം3 ഉപയോഗിച്ചുള്ള ആദ്യ വൺ വെബ്ബ് ദൗത്യത്തിലാണ് സംവിധാനം ആദ്യമായി പരീക്ഷിച്ചത്. രണ്ട് വിക്ഷേപണങ്ങൾക്കുമായി ആയിരം കോടിക്കടുത്ത് രൂപയുടെ കരാറാണ് ന്യൂ സപേസ് ഇന്ത്യ വഴി വൺ വെബ്ബ് ഇസ്രൊയ്ക്ക് നൽകുന്നതെന്നാണ് വിവരം.യഥാർത്ഥ തുക ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.
CONGRATULATIONS @isro!!#ISRO launches LVM3-M3/Oneweb India-2 Mission from Satish Dhawan Space Centre (SDSC) SHAR, #Sriharikota.#LVM3M3/#Oneweb pic.twitter.com/zz8BLRtqnP
- Doordarshan National दूरदर्शन नेशनल (@DDNational) March 26, 2023
ഈ ദൗത്യം കൂടി വിജയകരമായി പൂർത്തിയാക്കുന്നതോടെ ബഹിരാകാശ വിപണയിൽ ഐഎസ്ആർഒയുടെയും എൽവി എം 3യുടെയും മൂല്യമുയരും. വൺവെബ്ബിനും ഈ വിക്ഷേപണം പ്രധാനപ്പെട്ടതാണ്. ലോകവ്യാപക ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനം ലക്ഷ്യമിടുന്ന വൺവെബ്ബിന് ഈ ദൗത്യത്തോടെ അവരുടെ ശൃംഖല പൂർത്തിയാക്കാനാകും. ഈ വർഷം തന്നെ ആഗോള സേവനങ്ങൾ തുടങ്ങുകയാണ് ലക്ഷ്യം. ഇന്ത്യയുടെ ഭാരതി എയർടെല്ലാണ് കമ്പനിയിലെ പ്രധാന നിക്ഷേപകരിലൊന്ന്.
ഇതിനുമുമ്പുനടന്ന 17 ദൗത്യങ്ങളിലൂടെ 582 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വിന്യസിച്ചുകഴിഞ്ഞു. ഇന്നത്തെ വിക്ഷേപണത്തോടെ ഉപഗ്രഹങ്ങളുടെ എണ്ണം 618 ആയി ഉയർന്നു. ഇതോടെ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാവുമെന്നും ഈവർഷംതന്നെ ലോകവ്യാപകമായി ഇന്റർനെറ്റ് സേവനം നൽകാൻ തുടങ്ങുമെന്നും വൺ വെബ് അധികൃതർ അറിയിച്ചു.
ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് റഷ്യയുടെ റോസ്കോസ്മോസുമായായിട്ടാണ് വൺവെബിന്റെ ആദ്യ കരാർ. യുക്രൈൻയുദ്ധത്തോടെ മറ്റ് യൂറോപ്യൻരാജ്യങ്ങളും റഷ്യയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടർന്നാണ് വൺ വെബ് ബദൽസാധ്യതകൾ ആരാഞ്ഞത്. ഇതനുസരിച്ച് രണ്ടുഘട്ടങ്ങളിലായി 72 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കരാർ ഐഎസ്ആർഒയ്ക്ക് നൽകുകയായിരുന്നു. ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂസ്പെയ്സ് ഇന്ത്യ ലിമിറ്റഡാണ് വൺ വെബുമായി കരാറുണ്ടാക്കിയിരിക്കുന്നത്.
മറുനാടന് ഡെസ്ക്