ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിക്കാൻ പദ്ധതിയുമായി ഇലോൺ മസ്ക്
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂയോർക്ക്: പുതിയ ആശയങ്ങളുടെ ആശാനാണ് സ്പെസ് എക്സിന്റെ സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിക്കാനുള്ള പദ്ധതിയാണ് മസ്ക് എക്സിലൂടെ പുറത്തുവിട്ടത്. 10 ലക്ഷം പേരെ ചൊവ്വയിലേക്ക് അയക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് മസ്ക് കുറിച്ചു.
ഭൂമിക്ക് പുറത്തേക്ക് വികസിക്കാനള്ള മനുഷ്യരാശിയുടെ ശേഷിയാണ് അതിജീവിനത്തിന്റെ പ്രമാണമെന്ന് മസ്ക് കുറിച്ചു.സ്പെയ്സ് എക്സിന്റെ ഏറ്റവും അത്യാധുനിക സ്റ്റാർഷിപ്പിന്റെ ശേഷികളെ ആശ്രയിച്ചാണ് മസ്കിന്റെ പദ്ധതി. ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും വലിയ റോക്കറ്റ് ആണെന്നും ഇത് ഒരിക്കൽ നമ്മളെ ചൊവ്വയിൽ കൊണ്ടുപോകുമെന്നുമുള്ള അടിക്കുറിപ്പോടുകൂടി സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മസ്ക് ഇക്കാര്യങ്ങൾ കുറിച്ചത്.
സാധാരണ ആഭ്യന്തര വിമാനയാത്ര പോലെയായിരിക്കും ഭാവിയിലെ ചൊവ്വ യാത്ര. ചൊവ്വയിലെ കോളനി സ്ഥാപിക്കൽ സാധ്യമാണെന്ന് മാത്രമല്ല, ജനങ്ങൾക്ക് അത് പ്രാപ്യവുമാണെന്ന് മസ്ക് പറയുന്നു. ചൊവ്വയിൽ കോളനി സ്ഥാപിക്കാനുള്ള മസ്കിന്റെ ആഗ്രഹം ദീർഘനാളായുള്ളതാണ്. അത് ഏതാനും വർഷങ്ങൾക്കകം യാഥാർഥ്യമാക്കാനുള്ള ഇച്ഛാശക്തിയാണ് അദ്ദേഹം ഇപ്പോൾ പ്രകടിപ്പിക്കുന്നത്. സ്റ്റാർ ഷിപ് ദൗത്യം അഞ്ചുവർഷത്തിനകം ചന്ദ്രനിൽ എത്തുമെന്ന് അദ്ദേഹം ദീർഘദർശനം ചെയ്യുന്നു. ചൊവ്വയുമായി ബന്ധപ്പെട്ട തന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സ്റ്റാർഷിപ്പ് സഹായകമാവുമെന്നാണ് മസ്കിന്റെ അവകാശവാദം.
മനുഷ്യനെ ഒന്നിലധികം ഗ്രഹങ്ങളിലെത്തിക്കാനുള്ള പദ്ധതികൾ മസ്ക് മുമ്പും പങ്കുവെച്ചിട്ടുണ്ട്. ചൊവ്വയിൽ മനുഷ്യരുടെ കോളനി സ്ഥാപിക്കാനുള്ള പദ്ധതി ഒരു തരത്തിൽ മനുഷ്യവംശത്തിന് ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് തുല്യമാണെന്ന് വരെ മസ്ക് പറഞ്ഞിരുന്നു.
എന്തായാലും തന്റെ പദ്ധതി അത്ര എളുപ്പമല്ലെന്ന് മറ്റാരേക്കാളും നന്നായി മസ്കിന് അറിയാം. 10 ലക്ഷം പേരെ ചൊവ്വയിലെത്തിക്കുക എന്നുപറഞ്ഞാൽ, അത്യദ്ധ്വാനം ആവശ്യമുള്ള പണിയാണ്. ചന്ദ്രനിൽ താവളമുണ്ടാക്കുന്നതിനെ കുറിച്ചും മസ്ക് സ്വപ്നം കാണുന്നു. മനുഷ്യർ മറ്റുഗ്രഹങ്ങളിൽ ജീവിക്കണമെന്നും പ്രപഞ്ചം പര്യവേക്ഷണം ചെയ്യണമെന്നും മസ്ക് വിശ്വസിക്കുന്നു.
സപേസ് എക്സ് മെഗാ റോക്കറ്റിന്റെ ചൊവ്വയിലേക്കുള്ള ആളില്ലാ ദൗത്യം നാലുവർഷത്തിനകം സാധ്യമാകുമെന്ന് മസ്ക് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഗ്രഹാന്തര യാത്രകൾക്ക് ഈ മെഗാ റോക്കറ്റാണ് മസ്കിന്റെ തുറുപ്പ് ചീട്ട്.