- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളിവുഡ് പടങ്ങളിൽ പറയുന്ന പോലെ അന്യഗ്രഹ ജീവികൾ ഉണ്ടോ? ഈ വിശാല പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്നാണ് വിശ്വാസമെന്നും അവരെ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും നാസ മേധാവി; അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിക്കാൻ സാധ്യത കുറവെന്നും ബിൽ നെൽസൺ
വാഷിങ്ടൺ: അന്യഗ്രഹ ജീവികൾ ഉണ്ടോ, ഇല്ലയോ? അവർ എപ്പോഴെങ്കിലും ഭൂമിയിൽ എത്തുമോ? ഈ ചോദ്യങ്ങൾക്ക് ഒരു അറുതിയില്ല. എത്രയോ ഹോളിവുഡ് പടങ്ങൾ ഏലിയൻസിനെ കുറിച്ച് കഥകൾ മെനഞ്ഞിരിക്കുന്നു. നാസ മേധാവി ഇക്കാര്യത്തിൽ എന്താണ് വിശ്വസിക്കുന്നത്/ അന്യഗ്രഹ ജീവികൾ ഉണ്ടോ? ഉണ്ട് എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അവരെ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ആകാശത്ത് ദൃശ്യമായ അജ്ഞാത വസ്തുക്കളെ കുറിച്ചുള്ള ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ച ശേഷം സംസാരിക്കുമ്പോഴാണ് നാസ മേധാവി ബിൽ നെൽസൺ ഇക്കാര്യം പറഞ്ഞത്.
ആകാശത്ത് ദൃശ്യമായ അജ്ഞാത വസ്തുക്കളെ(UAP ) ( UFO) കുറിച്ചുള്ള ഗവേഷണ പഠനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പുതിയ ഡയറക്ടറെ നാസ നിയമിച്ചത് തന്നെ ഈ വിഷയത്തിന് നൽകുന്ന പ്രാധാന്യം കൊണ്ടാണെന്ന് വ്യക്തം. എന്നാൽ ഡയറക്ടറുടെ പേരും മറ്റ് വിവരങ്ങളും രഹസ്യമാക്കി വച്ചിരിക്കുകയാണ്. തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങൾ അഥവാ അൺഐഡന്റിഫൈഡ് അനോമലസ് ഫിനോമിനൻ -യുഎപി എന്നാണ് അജ്ഞാതമായ പറക്കുന്ന വസ്തുക്കളെ കാണുന്ന സംഭവങ്ങൾക്കുള്ള ഔദ്യോഗിക വിശേഷണം. അൺ ഐഡന്റിഫൈഡ് ഫ്ളൈയിങ് ഒബ്ജക്ട് അഥവാ യുഎഫ്ഒ എന്നും പൊതുവിൽ ഇത്തരം അജ്ഞാത വസ്തുക്കൾ അറിയപ്പെടാറുണ്ട്.
ചില അജ്ഞാത വസ്തുക്കളുടെ വരവിനെ കുറിച്ച് റിപ്പോർട്ടിൽ വിശദീകരണമില്ല. അവ എവിടെ നിന്ന് വന്നുവെന്ന് അറിയാൻ കൂടുതൽ ഡേറ്റ ആവശ്യമാണ്. പ്രപഞ്ചത്തിൽ ഉടനീളം ആൾതാമസമില്ലാത്ത ധാരാളം ഗ്രഹങ്ങൾ ഉണ്ടെന്നാണ് തന്റെ വ്യക്തിപരമായ ഉത്തരമെന്നും നെൽസൺ പറഞ്ഞു.
' ഇത്രയും വിശാലമായ പ്രപഞ്ചത്തിൽ ജീവനുണ്ടെന്ന് വിശ്വസിക്കുന്നോ എന്ന് ചോദിച്ചാൽ, എന്റെ വ്യക്തിപരമായ ഉത്തരം അതെ എന്നാണ്. ഞാൻ ചില ശാസ്ത്രജ്ഞരോട് പ്രപഞ്ചത്തിൽ ജീവൻ ഉണ്ടോ എന്നതിന്റെ ഗണിതശാസ്ത്രപരമായ സാധ്യത ആരാഞ്ഞിരുന്നു. നൂറുകോടി കണക്കിന് ഗ്യാലക്‌സികളിലെ നൂറുകോടി കണക്കിന് നക്ഷത്രങ്ങളെ കണക്കുകൂട്ടുമ്പോൾ ഒരു ലക്ഷം കോടി സാധ്യതയെങ്കിലും എന്നായിരുന്നു മറുപടി' നാസ മേധാവി പറഞ്ഞു.
അതേസമയം ഈ വിഷയത്തിൽ വിശദ പഠനത്തിന് ചുമതലപ്പെടുത്തിയ വിദഗ്ധ സമിതിക്ക് ഇതുവരെ കണ്ട യുഎഫ്ഒകൾക്ക് ഏതെങ്കിലും അന്യഗ്രഹങ്ങളുമായി ബന്ധം കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് ബിൽ നെൽസൺ വ്യക്തമാക്കി. 'ആഗോളതലത്തിൽ യുഎപികളോട് വലിയ താൽപര്യമുണ്ട്. എന്റെ യാത്രകളിൽ ഉടനീളം ഞാൻ പലപ്പോഴും ഇത്തരം വസ്തുക്കളെ കുറിച്ചുള്ള ചോദ്യങ്ങൾ കേൾക്കാറുണ്ട്. അവയുടെ അജ്ഞാതസ്വഭാവമാണ് ആ താൽപര്യത്തിനുള്ള മുഖ്യ കാരണമായി തോന്നുന്നത്.' നെൽസൺ പറഞ്ഞു. ഇതുവരെ കണ്ടെത്തിയ യുഎപികൾ അന്യഗ്രങ്ങളിൽ നിന്നുള്ളതാണ് എന്നതിന് തെളിവുകൾ കണ്ടെത്താൻ നാസയുടെ വിദഗ്ധ സമിതിക്ക് സാധിച്ചിട്ടില്ല. ഈ യുഎപികൾ എന്താണെന്നും നമുക്കറിയില്ല.
അന്യഗ്രഹ ജീവികൾ ഭൂമിയെ സന്ദർശിച്ചിരിക്കാനുള്ള സാധത വളരെ കുറവാണ്. ഭൗതിക ശാസ്ത്രം മുതൽ ആസ്ട്രോ ബയോളജിയിൽ വരെ വിദഗ്ധരായവർ അടങ്ങുന്ന സംഘമാണ് യുഎപികളെ കുറിച്ച് പഠിച്ചത്. കഴിഞ്ഞ വർഷമാണ് വിദഗ്ധ സംഘത്തെ നിയോഗിച്ചത്. അറിയപ്പെടാത്തത് കണ്ടെത്തുകയാണ് നാസയുടെ ദൗത്യം. എന്ത് തന്നെ കണ്ടെത്തിയാലും അത് നിങ്ങളോട് പറയുമെന്നും നെൽസൺ പറഞ്ഞു.
മറുനാടന്‍ ഡെസ്‌ക്