ഭൂമിക്ക് അപകടം ഉണ്ടാക്കാൻ ഇറ്റയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തുകൂടി കടന്നു പോകുമെന്ന് നാസ വെളിപ്പെടുത്തി. ഏകദേശം ബുർജ് ഖലീഫയുടെ വലിപ്പമുള്ള ഛിന്നഗ്രഹം മണിക്കൂറിൽ 80,000 കിലോമീറ്റർ വേഗത്തിലായിരിക്കും ഭൂമിയെ കടന്നു പോവുക. 2022 ആർ എം 4 എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ഛിന്നഗ്രഹം ഭൂമിക്ക് 0.01536 അസ്ട്രോണോമിക്കൽ യൂണിറ്റ്, അതായത് 22,500 കി. മീറ്റർ അടുത്തുകൂടിയാണ് കടന്നു പോവുക.

ഗ്രീനിച്ച് മീൻ ടൈം വൈകിട്ട് 6:26 ന് (ഇന്ത്യൻ സമയം ബുധനാഴ്‌ച്ച അതിരാവിലെ 1 മണി) ആയിരിക്കും ഭൂമിയെ കടന്നു പോവുക. ഏകദേശം 2,427 അടിയാണ് ഇതിന്റെ വ്യാസം. അതായത് 2,722 അടി ഉയരമുള്ള ബുർജ് ഖലീഫയുടെ ഏകദേശ വലിപ്പമാണ് ഈ ഛിന്നഗ്രഹത്തിനുള്ളത്. . ഭൂമിയെ കടന്നു പോകുമ്പോൾ ഇതിന്റെ വേഗത സെക്കന്റിൽ 23.4 കി. മീ ആയിരിക്കും. അതായത്, ശബ്ദത്തിന്റെ വേഗതയുടെ 65 മടങ്ങ് വേഗത്തിലായിരിക്കും ഇത് ഭൂമിയെ കടന്നു പോവുക.

ഇത് ഭൂമിയുടെ 4.65 മില്യൺ മൈൽ പരിധിയിൽ വരുന്നതിനാൽ ഇത് അപകടകാരിയായ ഛിന്നഗ്രഹമായിട്ടാണ് കണക്കാക്കുന്നതെങ്കിലും ഭൂമിക്ക് പ്രത്യക്ഷത്തിൽഎന്തെങ്കിലും അപകടമുണ്ടാക്കാനുള്ള സാധ്യത തുലോം കുറവാണെന്ന് ശാസ്ത്രലോകം പറയുന്നു. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ആറിരട്ടി ദൂരത്തിലാണ് ഇത് കടന്നുപോകുന്നതെങ്കിലും ഭൂസമീപ ബഹിരാകാശ വസ്തുക്കളുടെ പട്ടികയിലാണ് ഇതിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഭൂസമീപ ബഹിരാകാശ വസ്തുക്കൾ അഥവാ എൻ ഇ ഒ കളായ വാൽനക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും ഭൂമിയുടെ ഗുരുത്വ ബലത്താൽ ആകർഷിക്കപ്പെട് അന്തരീക്ഷത്തിലേക്ക് കടക്കാൻ സാധ്യതയുള്ളവയാണെന്ന് നാസ വ്യക്തമാക്കുന്നു. ജലവും ഐസും ഒപ്പം പൊടിയും ചേർന്ന് രൂപീകൃതമാകുന്ന വാൽ നക്ഷത്രങ്ങൾ, ഗ്രഹ സംവിധാനത്തിനു പുറത്തുള്ള തണുത്തുറഞ്ഞ മേഖലകളിലാണ് രൂപപ്പെടുന്നതെങ്കിൽ, പാറകൾ നിറഞ്ഞ ഛിന്നഗ്രഹങ്ങൾ അധികവും രൂപീകൃതമാകുന്നത് ചൊവ്വാ ഗ്രഹത്തിനും വ്യാഴത്തിനും ഇടയിലുള്ള ചൂടേറിയ മേഖലയിലാണ്.

ഏകദേശം 4.6 ബില്യൺ വർഷങ്ങൾക്ക് മുൻപ് രൂപീകൃതമായ സൗരയൂഥത്തിന്റെ, താരതമ്യേന മാറ്റങ്ങൾ സ്പർശിക്കാത്ത അവശിഷ്ടങ്ങൾ എന്ന നിലയിലാണ് വാൽനക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും പഠന വിധേയമാക്കുന്നത്. ഇപ്പോഴെത്തുന്ന 2022 ആർ എം 4, ഭൂമിയിൽ നിന്നും 14 ലക്ഷം മൈൽ അകലെയാണെങ്കിലും, ജ്യോതിശാസ്ത്രപരമായി ഇതിനെ ഭൂ സമീപസ്ഥമായാണ് കണക്കാക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ ഭൂമിയേ കടന്നു പോയ കൂറ്റൻ ഛിന്നഗ്രഹം 2015 എഫ് എഫിനേക്കാൾ വലുതുമാണിത്.

എന്നാൽ, ജനുവരിയിൽ ഭൂമിയോട് കൂടുതൽ അടുത്തുവന്ന 4482 (1994 പി സി ഐ) എന്ന ഛിന്നഗ്രഹത്തേക്കാൾ വളരെചെറുതുമാണിത്. 3,280 അടിയായിരുന്നു അതിന്റെ വലിപ്പം. സൗരയൂഥത്തിൽ ഇതുവരെ 30,000 ഭൂസമീപ ബഹിരാകാശ വസ്തുക്കൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് എന്നാണ് യൂറോപ്യൻ സ്പേസ് ഏജൻസി പറയുന്നത്. അതിൽ 1,425 എണ്ണത്തിന് ഭൂമിയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞേക്കും. അതിനാൽ തന്നെ അവ സസൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ഏജൻസി പറയുന്നു.