- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമി നരകമായോ...? ഒരേ സമയം അമേരിക്കയിലും ഏഷ്യയിലും യൂറോപ്പിലും അതിതാപം തുടരുന്നു; 40 ഡിഗ്രിയിൽ കൂടുതൽ ഒട്ടു മിക്കയിടത്തും രേഖപ്പെടുത്തുമ്പോൾ ചൈനയിൽ 52 ഡിഗ്രി വരെ ഉയർന്നു; കനത്ത ചൂടിൽ മനുഷ്യന് ഹാർട്ട് അറ്റാക്കിനുള്ള സാധ്യത ഏറുന്നുവെന്ന് വിദഗ്ദ്ധർ; ലോകം ചുട്ടുപൊള്ളുന്നത് എന്തുകൊണ്ട് ?
ഉഷ്ണ തരംഗങ്ങൾ ഒന്നിനു പുറകെ ഒന്നായി യൂറോപ്പിലും, അമേരിക്കയിലും ഏഷ്യയിലും ഒരേസമയത്ത് ആഞ്ഞടിക്കുമ്പോൾ ലോകം തികച്ചും അപരിചിതമായ ഒരിടമായി മാറുകയാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഒരു സഹാറിയൻ ഉഷ്ണക്കാറ്റ് യൂറോപ്പിൽ വീശിയറിക്കുമ്പോൾ അമേരിക്ക ഹീറ്റ് ഡോം എന്ന പ്രതിഭാസത്തിന്റെ പിടിയിലായിരിക്കുകയാണ്. ചൈനയിലാകട്ടെ താപനില 52.2 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കുന്നു.
ഉത്തരാർദ്ധ ഗോളത്തെ ചുറ്റിവരിഞ്ഞ അതിതീവ്ര താപനില ഈ ആഴ്ച്ച കൂടുതൽ രൂക്ഷമാകുമെന്നാണ് കാലവസ്ഥാ ശാസ്ത്രജ്ഞർ പ്രവചിച്ചിട്ടുള്ളത്. രാത്രികാല താപനില കൂടി ഉയരുന്നതോടെ ഹൃദയാഘാതങ്ങൾക്കും മരണങ്ങൾക്കും ഉള്ള സാധ്യത വർദ്ധിക്കുമെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു. ലോക കാലാവസ്ഥാ സംഘടനയും ഇക്കാര്യം അവരുടെ മുന്നറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യൂ എം ഒ) പറയുന്നത് ഉഷ്ണ തരംഗം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ് എന്നാണ്. അവ തീവ്രമാകാൻ തുടങ്ങുന്നതോടെ ഈയാഴ്ച്ച ഏതാണ്ട് മുഴുവനും തന്നെ വടക്കെ അമേരിക്ക, വടക്കൻ ആഫ്രിക്ക, ഏഷ്യ, മെഡിറ്ററേനിയൻ മേഖല എന്നിവിടങ്ങളിൽ താപനിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലായി തുടരുമെന്നും ഡബ്ല്യൂ എം ഒ പറയുന്നു.
അമേരിക്കയിലും തെക്കൻ യൂറോപ്പിലും വ്യാപകമാകുന്ന കാട്ടു തീ, ജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഹോളിഡെ ക്യാമ്പിൽ നിന്നും ഗ്രീക്ക് അധികൃതർ രക്ഷിച്ചത് 1200 കുട്ടികളേയായിരുന്നു. ലോകത്തിൽ അതിവേഗം താപനത്തിലേക്ക് നീങ്ങുന്ന ഭൂഖണ്ഡമായ യൂറോപ്പ് ഇന്നോ നാളെയോ അതിന്റെ മൂർദ്ധന്യത്തിലെത്തുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ചിലയിടങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് വരെയായി ഉയരുമെന്നും അവർ പറയുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ചൈനയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. അതിനു പിറകെ കഴിഞ്ഞ ദിവസം രാത്രി, ഉഷ്ണകൊടുങ്കാറ്റ്, ടൈഫൂൺ ആഞ്ഞടിച്ചതോടെ 2,30,000 ഓളം പേരെയാണ് വീടുകളിൽ നിന്നും ഒഴിപ്പിച്ച് മറ്റിടങ്ങളിൽ മാറ്റിപ്പാർപ്പിക്കേണ്ടതായി വന്നത്. കഴിഞ്ഞയാഴ്ച്ചയായിരുന്നു ലോകം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ചൂടേറിയ വാരം എങ്കിൽ, ഇനി വരാൻ പോകുന്നത് അതിലും ഘോരമായ ഒന്നായിരിക്കുമെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
സമുദ്രോപരിതല താപനില ശരാശരിയിലും വർദ്ധിക്കുന്നതു വഴി വായു പ്രവാഹത്തെ തടസ്സപ്പെടുത്തുന്ന എൽ നിനോ പ്രതിഭാസം, ചലിക്കാത്ത, സ്ഥിതമായ ഉന്നത മർദ്ദ സിസ്റ്റം അല്ലെങ്കിൽ പ്രതിചക്രവാതം, കാലാവസ്ഥ വ്യതിയാനം എന്നീ മൂന്ന് കാര്യങ്ങളാണ് ഇപ്പോൾ യൂറോപ്പിനെ ചുട്ടുപോള്ളിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. എൽ നിനോ പ്രതിഭാസം യൂറോപ്പിനെ നേരിട്ട് സ്വാധീനിക്കുന്നു എന്നും അവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ