- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രോപരിതലത്തിലെ പ്രത്യേക പ്രകമ്പനം രേഖപ്പെടുത്തി ചന്ദ്രയാൻ 3 ലാൻഡർ; ചാസ്തെ വഴി ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ താപനില സംബന്ധിച്ച നിരീക്ഷണം ഫലവും; വിക്രം ലാൻഡറിലുള്ള ശാസ്ത്രോപകരണങ്ങൾ ചന്ദ്രനെ അരിച്ചു പെറുക്കി വിവരങ്ങൾ എടുക്കുന്നു; ശാസ്ത്ര ലോകം ആഗ്രഹിച്ചതിലേറെ വിവരങ്ങളുമായി ഇന്ത്യൻ മിഷൻ
ബെംഗളൂരു: ചന്ദ്രോപരിതലത്തിലെ പ്രത്യേക പ്രകമ്പനം രേഖപ്പെടുത്തി ചന്ദ്രയാൻ 3 ലാൻഡർ. ചന്ദ്രനിലെ പ്രകമ്പനം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനുവേണ്ടി വിക്രം ലാൻഡറിൽ ഘടിപ്പിച്ച പരീക്ഷണോപകരണ (പേലോഡ്) മായ ഐഎൽഎസ്എ (ഇൻസ്ട്രുമെന്റ് ഫോർ ദ ലൂണാർ സീസ്മിക് ആക്ടിവിറ്റി-ഇൽസ) വഴിയാണ് നിർണ്ണായക വിവരം കിട്ടുന്നത്. പ്രകമ്പനത്തിന്റെ ഗ്രാഫും ഐ.എസ്.ആർ.ഒ. വ്യാഴാഴ്ച പുറത്തുവിട്ടു. ചന്ദ്രയാൻ 3 വലിയ വിജയമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ചന്ദ്രോപരിതലത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന പ്രകമ്പനവും പ്രഗ്യാൻ റോവറും പരീക്ഷണോപകരണങ്ങളും പ്രവർത്തിക്കുമ്പോഴുള്ള പ്രകമ്പനവും ഐഎൽഎസ്എ രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രനിലെ പ്രകമ്പനത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിലാണെന്നും ഐ.എസ്.ആർ.ഒ. എക്സിൽ പോസ്റ്റ് ചെയ്തു. ഈ പരീക്ഷണവും നിർണ്ണായകമാണ്. ആദ്യമായാണ് പ്രകമ്പനത്തിൽ കൃത്യമായ വിവരം കിട്ടുന്നത്. ഒരു ചാന്ദ്ര ദൗത്യവും ഇതിന് മുമ്പ് ഇത്രയേറെ വിജയമായിട്ടില്ല. ഇതാണ് ശാസ്ത്ര ലോകത്തെ ആഹ്ലാദിപ്പിക്കുന്നത്.
പ്രകമ്പനത്തിലെ കണ്ടെത്തലുകൾ അതിനിർണ്ണായകമാണ്. ചന്ദ്രനിലെത്തിക്കുന്ന ആദ്യത്തെ മൈക്രോ ഇലക്ട്രിക്കോ മെക്കാനിക്കൽ സിസ്റ്റംസ് ഉപകരണമാണ് ഐഎൽഎസ്എ. ചന്ദ്രനിലെ വിവിധങ്ങളായ പ്രകമ്പനം സംബന്ധിച്ച നിരീക്ഷണം നടത്തുന്നതിനുവേണ്ടി ലാൻഡറിൽ ഘടിപ്പിച്ച പരീക്ഷണോപകരണമാണിത്. ബെംഗളൂരുവിലാണ് ഇത് വികസിപ്പിച്ചത്. നേരത്തേ മറ്റൊരു പരീക്ഷണോപകരണമായ ചാസ്തെ വഴി ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ താപനില സംബന്ധിച്ച നിരീക്ഷണം നടത്തിയിരുന്നു.
ചന്ദ്രന്റെ മണ്ണിൽ താഴേക്ക് പോകുംതോറും ചൂട് കുറഞ്ഞുവരുന്നതായി കണ്ടെത്തി. ചന്ദ്രന്റെ മണ്ണിന് മികച്ച താപ പ്രതിരോധ ശേഷിയുള്ളതായും മനസ്സിലാക്കാനായി. മറ്റൊരു പരീക്ഷണോപകരണമായ ആർ.എ.എം.ബി.എച്ച്.എ.-എൽ.പി. ചന്ദ്രോപരിതലത്തിലെ പ്ലാസ്മ കണങ്ങളുടെ അളവെടുത്തിരുന്നു. ചന്ദ്രോപരിതലത്തിലുള്ള പ്ലാസ്മയുടെ അളവ് താരതമ്യേന കുറവാണെന്ന് ഇതിലൂടെ ഉറപ്പിക്കാനായി.തിരുവനന്തപുരത്താണ് ഈ പേലോഡ് വികസിപ്പിച്ചത്.
സ്വാഭാവികവും അല്ലാത്തതുമായ ഭൂചലനങ്ങൾ മൂലമുണ്ടാകുന്ന പ്രകമ്പനങ്ങൾ, ആഘാതം എന്നിവ പഠിക്കാൻ സഹായിക്കുന്ന ഉപകരണമാണ് ചന്ദ്രയാൻ 3ന്റെ ലാൻഡറിന്റെ ഭാഗമായ 'ഇൽസ'. ഓഗസ്റ്റ് 26നാണ് ഇൽസ പ്രകമ്പനം സംബന്ധിച്ച വിവരം ഐഎസ്ആർഒയ്ക്ക് കൈമാറിയത്.അതേസമയം ദിനംപ്രതി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്നുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിദ്ധ്യമുള്ളതായി ഐഎസ്ആർഒ അറിയിച്ചിരുന്നു.
പ്രഗ്യാൻ റോവറിലുള്ള ലേസർ ഇന്ത്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്ന ഉപകരണം വഴി നടത്തിയ പരീക്ഷണത്തിലാണ് സൾഫർ സാന്നിദ്ധ്യം ഉറപ്പിച്ചത്. സൾഫറിനൊപ്പം അലുമിനിയം, കാൽഷ്യം, ഫെറോസ്, ക്രോമിയം,ടൈറ്റാനിയം, മാംഗനീസ്,സിലിക്കൺ, ഓക്സിജൻ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജന് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നതായും എക്സ് പ്ളാറ്റ്ഫോമിലൂടെ ഐഎസ്ആർഒ അറിയിച്ചു.
സ്വയം വിലയിരുത്തിയും റോവറിൽ നിന്ന് വിവരങ്ങളും റേഡിയോ തരംഗങ്ങളായി ബംഗളൂരുവിൽ ഡീപ് സ്പേസ് നെറ്റ്വർക്ക് ആന്റിനയിലേക്ക് വിക്രം ലാൻഡർ കൈമാറുന്നുണ്ട്. ഈ വിവരങ്ങൾ ബംഗളൂരുവിൽ തന്നെയുള്ള ഇസ്ട്രാക് കൺട്രോൾ സ്റ്റേഷനിൽ പഠനവിശകലനങ്ങൾക്ക് വിധേയമാക്കും. ചന്ദ്രയാൻ 2ന്റെ ഓർബിറ്ററും നാസ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവരുടെ കേന്ദ്രങ്ങളും ആശയവിനിമയത്തിന് സഹായമായുണ്ട്.
മറുനാടന് മലയാളി ബ്യൂറോ