- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലാവസ്ഥാ വ്യതിയാനം മാനവരാശിയെ ഇല്ലാതാക്കും; 2100 ന് മുൻപായി പ്രകൃതി ദുരന്തങ്ങളിൽ കൊല്ലപ്പെടാൻ പോകുന്നത് 100 കോടിയിലെറെ ജനങ്ങൾ; ലോകം അവസാനിക്കുന്നത് ഇങ്ങനെയോ ?
ഭൂമിയിൽ ജീവന്റെ തുടിപ്പ് ഇനി എത്രകാലം എന്ന ചോദ്യം ശാസ്ത്രലോകത്തിന്റെ ഉറക്കം കെടുത്തുകയാണ്. മനുഷ്യകുലത്തിന്റെ ഭാവിയെ കുറിച്ച് അവർക്ക് നൽകാനുള്ളത് ഭീതിദമായ മുന്നറിയിപ്പ് മാത്രം. കാനഡയിലെ വിദഗ്ധരുടെ അഭിപ്രായപ്രകാരം 2100 ഓടെ ആഗോള താപന വർദ്ധനവ് 2 ഡിഗ്രി സെൽഷ്യസിൽ എത്തുകയോ, അത് മറികടക്കുകയോ ചെയ്താൽ മരണമടയുക നൂറുകോടിയോളം ജനങ്ങളായിരിക്കും, മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്നത്തെ ജനസംഖ്യയുടെ എട്ടിൽ ഒന്ന് പേരും ഇല്ലാതെയാകും.
മരണമടയുന്നവരിൽ ഏറിയ പങ്കും വികസ്വര രാജ്യങ്ങളിൽ വസിക്കുന്ന ദരിദ്രരായിരിക്കുമെന്നും അവർ പറയുന്നു. എന്നാൽ, ഈ ദുരന്തത്തിന് ആക്കം വർദ്ധിപ്പിക്കുന്നത് ധനസമൃദ്ധമായ എണ്ണ- വാതക കമ്പനികളായിരിക്കും എന്നും അവർ പറയുന്നു. ഐസ് പാളികൾ ഉരുകിയൊലിക്കുന്നത് വഴിയുള്ള വെള്ളപ്പൊക്കം, കാട്ടു തീ, രോഗങ്ങൾ, വരൾച്ച പോലുള്ള കടുത്ത കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന കാരണങ്ങളാലായിരിക്കും മരണം സംഭവിക്കുക.
ഭൂമിയെ ചൂടുപിടിപ്പിക്കുന്ന വാതകങ്ങൾ ധാരാളമായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നതിനാൽ കൽക്കരി, പ്രകൃതി വാതകം പോലുള്ള ഫോസിൽ ഇന്ധനങ്ങൾ ഉടനടി നിരോധിക്കണമെന്ന് ഈ വിദഗ്ദ്ധർ ലോകത്തെ ഭരണകൂടങ്ങളോട് ആവശ്യപ്പെടുന്നു. നൂറു കോടിയിലധികം ജനങ്ങളുടെ മരണം, മനപ്പൂർവ്വമല്ലാത്ത നരഹത്യയായി തന്നെ കണക്കാക്കേണ്ടി വരുമെന്നും അവർ പറയുന്നു.കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഒൺടാരിയോയിലെ ഡോ. ജോഷ്വാ പിയേഴ്സിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
ആഗോള താപനം എന്നത് ഒരു വിഭാഗം ജനങ്ങളെ സംബന്ധിച്ചിടത്തോളം ജീവന്റെയും മരണത്തിന്റെയും പ്രശ്നമായി മാറിക്കഴിഞ്ഞു. കുട്ടികളുടെ ഭാവിയെ കുറിച്ച് ഓർക്കുമ്പോഴാണ് ഏറെ ആശങ്ക എന്നും പഠന റിപ്പോർട്ടിൽ പറയുന്നു. പ്രായം, സംസ്കാരം, വംശം, ലിംഗഭേദം എന്നിവ പരിഗണിക്കാതെ എല്ലാ മനുഷ്യ ജന്മങ്ങളും അമൂല്യമാണെന്നും, അവ സംരക്ഷിക്കേണ്ടത് മനുഷ്യ കുലത്തിന്റെ ഉത്തരവാദിത്തമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള മാറ്റം എത്രയും വേഗം നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.
കാറുകളിലും വീടുകളിലും, വ്യവസായ ശാലകളിലുമൊക്കെ കൽക്കരിയും പ്രകൃതി വാതകവും പോലുള്ള ഫോസിൽ ഇന്ധനങ്ങൾ കത്തിയെരിയുമ്പോൾ കാർബൺഡൈ ഓക്സൈഡും മീഥെയ്നും പോലുള്ള ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുകയാണ്. ഇവ അന്തരീക്ഷത്തിൽ പടരുമ്പോൾ, അന്തരീക്ഷത്തിലെ ചൂടിനെ പിടിച്ചു നിർത്തി, കാലാവസ്ഥ ചൂടേറിയതാക്കുന്നു.
ഇത് ഇപ്പോൾ തന്നെ ധ്രുവ പ്രദേശങ്ങളിലെ ഐസുപാളികളെ ഉരുക്കുകയാണ്. അത് ഉരുകിയൊലിക്കുന്ന ജലം സമുദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നു. ഇത് സമുദ്രജല നിരപ്പ് ഉയരുന്നതിനും അതുവഴി ഗുരുതരമായ വെള്ളപ്പൊക്കത്തിനും കാരണമായേക്കും. തീരപ്രദേശങ്ങളിൽ ജീവിക്കുന്നവരായിരിക്കും ഇതിന്റെ ദുരിതം ഏറ്റവുമധികം അനുഭവിക്കുക. പല പ്രദേശങ്ങളും സ്ഥിരമായി ജലത്തിനടിയാവുന്ന അവസ്ഥ സംജാതമാകും.
എന്നാൽ, ആഗോള താപനം മറ്റു വിധങ്ങളിലും മരണകാരണമായേക്കും, അതിലൊന്ന് ഉഷ്ണ തരംഗങ്ങളാണ്. ഈ വർഷം അതിന്റെ ലാഞ്ജന യൂറോപ്യൻ ഭൂഖണ്ഡത്തിൽ ദൃശ്യമായതാണ് ചരിത്രത്തിലെ തന്നെഎറ്റവും ചൂടേറിയ മാസവും, സമുദ്ര താപനില സർവ്വകാല റെക്കോർഡുകൾ ഭേദിച്ചുയർന്നതുമെല്ലാം നമ്മൾ കണ്ടു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മരണങ്ങളെ, നേരിട്ടുള്ളത്,മാധ്യമങ്ങൾ വഴിയുള്ളത്, പരോക്ഷമായത്, മറ്റു വിധത്തിൽ ഉള്ളത് എന്നിങ്ങനെ നാലായി തിരിക്കാം എന്നാണ് ഡോ. പിയേഴ്സ് പറയുന്നത്.
അതിൽ ഉഷ്ണതരംഗങ്ങൾ മൂലമുണ്ടാവുന്ന മരണങ്ങൾ ഉൾപ്പടെയുള്ളവ നേരിട്ടുള്ള പ്രഭാവത്തിന്റെ കീഴിൽ വരും. കൃഷിനാശം, വരൾച്ച, വെള്ളപ്പൊക്കം, കടുത്ത കാലാവസ്ഥാ സാഹചര്യങ്ങൾ, കാട്ടു തീ, സമുദ്ര നിരപ്പ് ഉയരുന്നത് തുടങ്ങിയവ മാധ്യമങ്ങൾ വഴിയുള്ള മരണകാരണങ്ങളാണ്. കൃഷി നാശം ക്ഷാമമുണ്ടാക്കുകയും അതുവഴി പട്ടിണി മരണങ്ങൾക്ക് വഴി തെളിക്കുകയൂം ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ