രോ പതിനൊന്ന് വർഷം കൂടുമ്പോഴും സൂര്യൻ ''സോളാർ മാക്സിമം'' എന്ന പ്രതിഭാസത്തിലൂടെ കടന്നു പോകാറുണ്ട്. സൗര കളങ്കങ്ങൾ (സൺ സ്പോട്ട്) എന്നറിയപ്പെടുന്ന ഇരുണ്ട ബിന്ദുക്കൾ സൂര്യന്റെ പ്രതലത്തിൽ കൂടുതലായി കാണപ്പെടുന്നതാണ് ഈ പ്രതിഭാസം. ഇവ കൂട്ടമായി ചേർന്ന് ഒരു ദ്വീപു സമൂഹത്തിന്റെ പ്രതീതി ജനിപ്പിച്ചുകൊണ്ടാണ് സൗരപ്രതലത്തിൽ പ്രത്യക്ഷപ്പെടുക. ഇവയ്ക്ക് സൂര്യന്റെ കാന്തിക മണ്ഡലത്തിൽ പല പ്രധാന മാറ്റങ്ങളും വരുത്താൻ ആകും.

അതിനു പുറമെ അവ ശക്തവും സ്ഫോടനാത്മകവുമായ ഊർജ്ജം ഭൂമിക്ക് നേരെ തൊടുത്തു വിടുകയും ചെയ്യും. സൗരവാതങ്ങൾ എന്നറിയപ്പെടുന്ന ഈ ഊർജ്ജ തരംഗങ്ങൾക്ക് കൃത്രിമ ഉപഗ്രഹങ്ങളെ നശിപ്പിക്കുവാനും അതുവഴി ഇന്റർനെറ്റ് ശൃംഖല തകരാറിലാക്കുവാനും കഴിയും. നിർഭാഗ്യവശാൽ, 2024 ആദ്യ പാദത്തിൽ തന്നെ ഒരു സോളാർ മാക്സിമം നടക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

നേരത്തേ നാസ വ്യക്തമാക്കിയിരുന്നത് ഈ പ്രതിഭാസം 2025-ൽ നടക്കും എന്നായിരുന്നു. എന്നാൽ, ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട്, പ്രതീക്ഷിച്ചതിലും നേരത്തെ ഇത് സംഭവിക്കുമെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത് ഒരുകൂട്ടം ഇന്ത്യൻ ശാസ്ത്രജ്ഞരാണ്. ഐ ഐ എസ് ഇ ആർ കൊൽകത്തയിലെ സെന്റർ ഫോർ എക്സെലൻസ് ഇൻ സ്പേസ് സയൻസസ് ഇൻ ഇന്ത്യയിലെഫിസിസിറ്റായ ഡോക്ടർ ദിപേന്ദു നന്ദിയുടെ നേതൃത്വത്തിൽ ഗവേഷണം നടത്തുന്ന സംഘമാണ് ഇപ്പോൾ ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്.

ഇത്രയും നേരത്തെ സൗരവാതങ്ങളുടെ തീവ്രതയും അതിന്റെ ഭവിഷ്യത്തുകളും പ്രവചിക്കുക്ക അസാധ്യമാണെന്ന് പറഞ്ഞ ഡോക്ടർ ദിപേന്ദു നന്ദി, എന്നാൽ, പുതുവർഷം അടുത്തു വരുന്നതോടെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്നും പറഞ്ഞു. ഏറ്റവും തീവ്രതയേറിയ സൗരവാതങ്ങൾക്ക് ഭൂ സമീപ ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങൾ തകർക്കുവാനും അതുവഴി ഉപഗ്രഹങ്ങളെ പ്രവർത്തന രഹിതമാക്കുവാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സംഭവിച്ചാൽ ആശയവിനിമയ സംവിധാനം, നാവിഗേഷണൽ നെറ്റ്‌വർക്ക് എന്നിവയൊക്കെ തകരാറിലാകും.

അതിനുപുറം ഭൗമ കാന്തിക മണ്ഡലത്തിൽ കാര്യമായ സ്വാധീനം ചെലുത്താനും സൗരവാതങ്ങൾക്ക് കഴിയും. ഇത് ഉയർന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വൈദ്യൂത പവർ ഗ്രിഡുകളുടെ പ്രവർത്തനത്തെ ബാധിക്കും. അതിനെല്ലാം പുറമെ അത് സുന്ദരമായ പ്രകാശ വലയങ്ങളുംസൃഷ്ടിക്കും. സോളാർ മാക്സിമം കണ്ടെത്തുന്നതിന് പുതിയൊരു രീതി വികസിപ്പിച്ചിരിക്കുകയാണ് നന്ദിയും സംഘവും. എന്നാൽ അത് മനസ്സിലാക്കുന്നതിന് സൂര്യനെ കുറിച്ചും സൗരയൂഥത്തെ കുറിച്ചും ഉള്ള അടിസ്ഥാനപരമായ അറിവുകൾ വേണമെന്നും അദ്ദേഹം പറയുന്നു.

സൂര്യൻ എന്നത് വൈദ്യൂതി ചാർജ്ജുള്ള, ചൂടുള്ള വാതകങ്ങളുടെ ഒരു വലിയ ഗോളമാണ്. ഈ വാതകങ്ങളുടെ ചലനം, ഡൈപോൾ ഫീൽഡ് എന്നറിയപ്പെടുന്ന ശക്തമായ കാന്തികമണ്ഡലം സൃഷ്ടിക്കുന്നു. ഭൂമിയിലേതിനു സമാനമായ രീതിയിൽ സൂര്യന്റെ ഒരു ധ്രുവത്തിൽ നിന്നും മറ്റൊന്നിലേക്ക് നീളുന്ന ഡൈപോൾ ഫീൽഡ് ഒരു ചാക്രിക ചലനത്തിന് വിധേയമാകുന്നു. ഇതിനെയാണ് സോളാർ സൈക്കിൾ അല്ലെങ്കിൽ സൗരചക്രം എന്ന് വിളിക്കുന്നത്.

ഏതാണ്ട് 11 വർഷം കൂടുമ്പോൾ, സൂര്യന്റെ കാന്തികമണ്ഡലം പൂർണ്ണമായും ദിശമാറുന്നു. അതായത് ഉത്തര-ദക്ഷിണ ധ്രുവങ്ങൾ പരസ്പരം മാറുന്നു. ഈ സൗരചക്രമാണ് സൗരോപരിതലത്തിലെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നത്. സൗരകളങ്കങ്ങൾ അഥവാ ഇരുണ്ട സൺസ്പോട്ടുകൾക്ക് കാരണമാകുന്നതും ഇതുതന്നെ. സൗരോപരിതലത്തിലെ സൺസ്പോട്ടുകൾ എണ്ണിസൗരചക്രത്തെ നിരീക്ഷിക്കാം. സൗരചക്രത്തിന്റെ ആരംഭത്തിൽ സൺസ്പോട്ടുകളുടെ എണ്ണം ഏറ്റവും കുറവായിരിക്കും. ഇതിനെ സോളാർ മിനിമം എന്ന് പറയുന്നു.

എന്നാൽ, കാലം കഴിയും തോറും ഇവയുടെ എണ്ണം വർദ്ധിച്ചു വരും. സൗരചക്രത്തിന്റെ മദ്ധ്യത്തിൽ എത്തുമ്പോഴാണ് സോളാർ മാക്സിമം സംഭവിക്കുക. ഈ സോളാർ മാക്സിമം എന്ന പ്രതിഭാസം നടക്കുനൻ സമയത്താണ് ബഹിരാകാശ അന്തരീക്ഷം ഏറ്റവുമധികം പ്രക്ഷുബ്ദമാവുക. ഇത് എപ്പോൾ സംഭവിക്കും എന്ന് കൃത്യമായി പ്രവചിക്കുക ഏറെവെല്ലുവിളികൾ നിറഞ്ഞ ഒന്നാണെന്നാണ് ഗവേഷകർ പറയുന്നത്.

ഓരോ പതിനൊന്ന് വർഷത്തിലും ഇത് നടക്കും എന്നത് ഒരു ശരാശരി കണക്കാണ്. ഓരോ ചക്രത്തിന്റെയും ദൈർഘ്യം ഒൻപത് മുതൽ 14 വർഷങ്ങൾക്ക് വരെ നീളാം. ഇപ്പോൾ ശാസ്ത്രജ്ഞർ ഇത് കണ്ടെത്താൻ ഉപയോഗിക്കുന്നത് 100 വർഷങ്ങൾക്ക് മുൻപ് ജ്യോതിശാസ്ത്രജ്ഞനായ മാക്സ് വാൾഡിമിയർ ശേഖരിച്ച വിവരങ്ങളെയാണ്. സോളാർ മാക്സിമം അടുക്കുമ്പോൾ സൺസ്പോട്ടുകൾ പ്രത്യക്ഷപ്പെടുന്നത് വളരെ വേഗത്തിലായിരിക്കും എന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു.

വാൾഡിമീയർ പ്രഭാവം എന്നറിയിയപ്പെടുന്ന ഇത് സൺ സ്പോട്ടുകൾ ശക്തിപ്രാപിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു സോളാർ മാക്സിമം പ്രവചിച്ചിരുനന്നതെങ്കിൽ ഇപ്പോൾ ഇന്ത്യൻ ശാസ്ത്രജ്ഞർ പുതിയൊരു രീതിയാണ്, പഴയ വിവരങ്ങളെ അടിസ്ഥാനമാക്കി രൂപകൽപന ചെയ്തിരിക്കുന്നത്. സൂര്യന്റെ ഡൈപോൾ ഫീൽഡ് കുറയുന്നതിന്റെ നിരക്ക്, നിലവിലെ സൺസ്പോട്ട് സൈക്കിൾ വർദ്ധിക്കുന്നതിന്റെ നിരക്കുമായി ബന്ധപ്പെടുത്തിയുള്ളതാണ് ഈ രീതി.