- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയകരമാക്കി ഐഎസ്ആർഒ
ചെന്നൈ: ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആർഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം (എഫ്സിപിഎസ്) പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപാദിപ്പിച്ചത്. ഇസ്റോയുടെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വി എസ്എസ്സി) ആണ് ഫ്യുവൽ സെൽ നിർമ്മിച്ചത്.
പുതുവർഷ ദിനത്തിൽ ദൗത്യം പിഎസ്എൽവി സി 58 എക്സ്പോസാറ്റ് (എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ്) റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഈ റോക്കറ്റിന്റെ അവസാന ഭാഗത്ത് പിഒഇഎം എന്ന മൊഡ്യൂളുണ്ടായിരുന്നു. ഈ മൊഡ്യൂളിലാണ് പത്ത് ഉപഗ്രഹങ്ങൾ ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം വി എസ്എസ്സി ആണ് നിർമ്മിച്ചത്. അതിൽ ഒന്നാണ് എഫ്സിപിഎസ്. ഇതാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയകരമായതായി ഐഎസ്ആർഒ അറിയിച്ചത്.
ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിക്കുന്നതെന്നും ഇതിൽ നിന്ന് പുറംതള്ളുന്നത് ജലം മാത്രമാണെന്നും മറ്റു തരത്തിലുള്ള ഒരു വാതകവും പുറംതള്ളുന്നില്ലെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ഭാവിയിൽ ബഹിരാകാശ പദ്ധതികളിൽ ബാക്കപ്പ് സിസ്റ്റമായും ഇത് ഉപയോഗിക്കാൻ കഴിയും.
അതേ സമയം സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 വിക്ഷേപിക്കാൻ ഒരുങ്ങുകയാണ് ഐഎസ്ആർഒ. ഈ വർഷം പകുതിയോടെ വിക്ഷേപണം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
ടെലികോം ഉപഭോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ ജിസാറ്റ്-20 സഹായിക്കും. 4700 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഐഎസ്ആർഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ എൽവി എം-3 യുടെ പരമാവധി വാഹന ശേഷിയേക്കാൾ കൂടുതലാണ്. 4000 കിലോഗ്രാം വരെ ഭാരമുള്ള പേലോഡാണ് എൽവി എം3 റോക്കറ്റിന് വഹിക്കാനാവുക.
യൂറോപ്യൻ കമ്പനിയായ ഏരിയൻ സ്പേസിനെ ഇന്ത്യ വിക്ഷേപണങ്ങൾക്കായി ആശ്രയിക്കാറുണ്ടെങ്കിലും ഏരിയൻ സ്പേസിന്റെ ശക്തിയേറിയ വിക്ഷേപണ വാഹനമായ ഏരിയൻ-5 കഴിഞ്ഞ വർഷം ജൂലായിൽ സേവനം അവസാനിപ്പിച്ചു. പിൻഗാമിയായ ഏരിയൻ-6 റോക്കറ്റ് ഇതുവരെ രംഗപ്രവേശം നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ സ്പേസ് എക്സിലേക്ക് തിരിയുന്നത്.
പുനരുപയോഗിക്കാൻ കഴിയുന്ന ഫാൽക്കൺ-9 റോക്കറ്റിന് ജിയോ സ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിലേക്ക് ജിസാറ്റ്-20 യുടെ ഇരട്ടി ഭാരം വഹിച്ചുകൊണ്ടുപോവാൻ ശേഷിയുണ്ട്. 2010 ൽ സേവനം ആരംഭിച്ച ഫാൽക്കൺ 9 റോക്കറ്റുകൾ ഉപയോഗിച്ച് ഇതുവരെ 296 തവണ വിക്ഷേപണങ്ങൾ നടന്നിട്ടുണ്ട്.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും സ്പേസ് എക്സും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ജിസാറ്റ്-20 വിക്ഷേപണത്തിനായി ഫാൽക്കൺ-9 ഉപയോഗിക്കുന്നത്.
ഉൾനാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും. ആൻഡമാൻ നികോബാർ, ലക്ഷദ്വീപ്, എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങൾക്കുള്ളിൽ ഇന്റർനെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും. 2018 ൽ ആണ് ഇത് ആദ്യം വിക്ഷേപിക്കാനിരുന്നത് എന്നാൽ പിന്നീട് 2020 ലേക്ക് നീട്ടിവെച്ചു. പിന്നീട് അത് വീണ്ടും വൈകുകയായിരുന്നു.