സ്റ്റോക്കോം: ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ സ്വാന്റെ പേബൂവിന് ലഭിച്ചു. ജനിതക ഗവേഷണങ്ങളെ മുൻനിർത്തിയാണ് പുരസ്‌കാരം. ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു സ്വാന്റെ പഠിച്ചത്.

ഹൊമിനിൻസിൽനിന്ന് ഇപ്പോഴത്തെ മനുഷ്യവിഭാഗമായ ഹോമോസാപിയൻസ് എങ്ങനെയാണ് വ്യത്യസ്തരാകുന്നതെന്നു കണ്ടെത്തിയ ഗവേഷണത്തിനാണു സമ്മാനമെന്നു നൊബേൽ പുരസ്‌കാര സമിതി അറിയിച്ചു.

40,000 വർഷം മുമ്പുണ്ടായിരുന്ന അസ്ഥിയിൽ പരീക്ഷണം നടത്തിയാണ് ഡിഎൻഎയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തം നടത്തിയത്. ചിമ്പാൻസിയുമായും ആധുനിക മനുഷ്യനുമായും വളരെ അധികം അന്തരം ഈ കാലഘട്ടത്തിൽ യൂറോപ്പിൽ ജീവിച്ചിരുന്നുവർക്കുണ്ടായിരുന്നതായി കണ്ടെത്തി.

10 മില്യൻ സ്വീഡിഷ ്ക്രൗൺസ് (900,357 ഡോളർ) ആണ് സമ്മാനമായി ലഭിക്കുന്നത്. ഈ വർഷത്തെ ആദ്യത്തെ നോബൽ സമ്മാന പ്രഖ്യാപനമാണിത്. കോവിഡ് മൂലം രണ്ട് വർഷമായി നടക്കാതിരുന്ന പുരസ്‌കാര ചടങ്ങ് ഈ വർഷം ആഘോഷപൂർവം നടത്താനാണ് സംഘാടക സമിതി തീരുമാനം. കഴിഞ്ഞ വർഷം അമേരിക്കൻ ശസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആഡെം പറ്റപൗഷിയൻ എന്നിവർക്കാണ് വൈദ്യശാസ്ത്രത്തിനുള്ള അവാർഡ് ലഭിച്ചത്.