ചന്ദ്രനിലിറങ്ങുന്ന ആദ്യ സ്വകാര്യ പേടകമായി ഒഡീസിയസ്
- Share
- Tweet
- Telegram
- LinkedIniiiii
വാഷിങ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രനേട്ടം സ്വന്തമാക്കി യുഎസിന്റെ ഒഡീസിയസ്. ചന്ദ്രോപരിതലത്തിലിറങ്ങുന്ന, സ്വകാര്യ കമ്പനിയുടെ ആദ്യപേടകമെന്ന ചരിത്രനേട്ടമാണ് ഈ പേടകം സ്വന്തമാക്കിയത്. ടെക്സസിലെ ഹൂസ്റ്റൺ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന ഇന്റൂയിറ്റീവ് മെഷീൻസ് (ഐ.എം.) കമ്പനി നിർമ്മിച്ച നോവ-സി ലാൻഡറാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. വ്യാഴാഴ്ച പ്രാദേശികസമയം വൈകീട്ട് 6.23-നായിരുന്നു പേടകം സുരക്ഷിതമായി ലാൻഡ് ചെയ്തത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ ചന്ദ്രയാൻ-3 ഇറങ്ങി ആറുമാസം പിന്നിടുമ്പോഴാണ് ഒഡീസിയസിന്റെ നേട്ടം. മനുഷ്യനെ അരനൂറ്റാണ്ടിനുശേഷം വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് ദൗത്യത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഒഡീസിയസിന്റെ വിക്ഷേപണം. ഈ വിക്ഷേപണത്തോടെ മനുഷ്യദൗത്യങ്ങൾക്ക് പുതുവേഗമാകും.
അരനൂറ്റാണ്ടിനുശേഷം യു.എസ്. ചന്ദ്രനിൽ മടങ്ങിയെത്തിയെന്ന് നാസ അഡ്മിനസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. 1972-ൽ നാസ വിക്ഷേപിച്ച അപ്പോളോ-17 ആണ് അവസാനമായി ചന്ദ്രനിലിറങ്ങിയ യു.എസ്. പേടകം. സ്പെയ്സ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റുപയോഗിച്ച് ഈ മാസം 15-നാണ് ഒഡീസിയസ് വിക്ഷേപിച്ചത്. 14 അടിയാണ് നോവ-സി ലാൻഡറിന്റെ ഉയരം. ഒഡീസിയസ് എന്നത് ലാൻഡറിന്റെ വിളിപ്പേരാണ്. ആറുദിവസംകൊണ്ട് ഏകദേശം പത്തുലക്ഷം കിലോമീറ്ററിനടുത്ത് സഞ്ചരിച്ചാണ് ദൗത്യം ചന്ദ്രനിലെത്തിയത്.
ചന്ദ്രനിലിറങ്ങുന്നതിനുമുന്നോടിയായി ഭ്രമണപഥത്തിൽ മാറ്റംവരുത്തിയതിനെത്തുടർന്ന് ലാൻഡിങ്ങിൽ ചില വെല്ലുവിളികൾ നേരിട്ടിരുന്നു. ലാൻഡ് ചെയ്യുന്നതിനുതൊട്ടുമുമ്പായി പ്രദേശം നിരീക്ഷിക്കുന്നതിനുള്ള ലേസർ ഉപകരണങ്ങളിലും സാങ്കേതികത്തകരാറുണ്ടായി. പിന്നീട് കൺട്രോൾ റൂമും പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. രണ്ടുമണിക്കൂറെടുത്ത് ബന്ധം പുനഃസ്ഥാപിച്ചശേഷമാണ് പേടകം ലാൻഡ് ചെയ്തെന്ന വിവരം ലഭിക്കുന്നത്.
വിവരശേഖരണത്തിനായി നാസയുടെ ആറ് ശാസ്ത്രോപകരങ്ങൾ ഒഡീസിയസ് ചന്ദ്രനിലെത്തിച്ചു. ആർട്ടെമിസ് പേടകത്തിന്റെ ഗതിനിർണയത്തിനും ആശയവിനിമയത്തിനും ഉപയോഗിക്കാവുന്ന റെട്രോ റിഫ്ളക്ടറും കൂട്ടത്തിലുണ്ട്. ചന്ദ്രോപരിതലത്തിലെ കാലാവസ്ഥ, അന്തരീക്ഷം എന്നിവയെ സംബന്ധിച്ച വിവരങ്ങളും ഒഡീസിയസ് ശേഖരിക്കും.
സ്വകാര്യമേഖലയിൽനിന്നുള്ള നാലാമത്തെ ചാന്ദ്രദൗത്യമാണ് ഒഡീസിയസ്. നാസയുടെ കൊമേർഷ്യൽ ലൂണാർ പേലോഡ് സർവീസസ് (സി.എൽ.പി.എസ്.) പരിപാടിയുടെ ഭാഗമായാണ് ഇന്റൂയിറ്റീവ് മെഷീൻസ് ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനുമുമ്പ് യു.എസിലെ ആസ്ട്രോ ബോട്ടിക് ടെക്നോളജീസ് എന്ന സ്വകാര്യകമ്പനി വിക്ഷേപിച്ച പെരെഗ്രിൻ പേടകം സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് പരാജയപ്പെട്ടിരുന്നു.
പരാജയപ്പെട്ട ആദ്യ 2 ദൗത്യങ്ങൾ ഇസ്രയേൽ, ജപ്പാൻ കമ്പനികളുടേതായിരുന്നു. കഴിഞ്ഞമാസം 8നു മറ്റൊരു യുഎസ് കമ്പനിയായ ആസ്ട്രബോട്ടിക്കിന്റെ 'പെരഗ്രിൻ' ദൗത്യവും വിക്ഷേപണത്തിനുശേഷമുള്ള സാങ്കേതികപ്രശ്നങ്ങളാൽ പരാജയപ്പെട്ടു. നാസയുടെ 'അപ്പോളോ 17' (1972) ആണ് ഇതിനു മുൻപു ചന്ദ്രനിലെത്തിയ യുഎസ് ദൗത്യം.