കോട്ടയം: എം.ജി. സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ജർമനി ആസ്ഥാനമായുള്ള അൾപർ-ഡോഗർ(എ.ഡി) സയിന്റിഫിക് ഇൻഡക്സിൽ ലോകത്തിലെ മികച്ച രണ്ടുശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടി.ആറുവർഷത്തെ വിവിധ സൂചികകളെ അടിസ്ഥാനമാക്കിയുള്ള റാങ്കിങ് പ്രകാരം കെമിക്കൽ സയൻസ് വിഭാഗത്തിൽ ഇദ്ദേഹം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്.

ഏഷ്യയിൽ പതിനെട്ടാം റാങ്കും ആഗോള തലത്തിൽ 71-ാം റാങ്കുമാണ്. നാച്വറൽ സയൻസ് വിഭാഗത്തിൽ രാജ്യത്ത് ഇരുപതാം സ്ഥാനവും ഏഷ്യയിൽ 87- ാം സ്ഥാനവും ആഗോളതലത്തിൽ 804-ാം സ്ഥാനവുമാണ്.

217 രാജ്യങ്ങളിലെ 19,584 സർവകലാശാലകളിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ലക്ഷക്കണക്കിന് ഗവേഷകരുടെ പഠനങ്ങൾ വിലയിരുത്തിയാണ് എ.ഡി. സയന്റിഫിക് ഇൻഡക്‌സ് തയ്യാറാക്കുന്നത്. പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്നോളജി മേഖലകളിൽ നിർണായക സംഭാവനകൾ നൽകിയ അദ്ദേഹം ഇതുവരെ 120 പിഎച്ച്.ഡി ഗവേഷണങ്ങൾക്ക് ഗൈഡായിട്ടുണ്ട്.